ഇതാദ്യമായാണ് അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ ഒരു വിദേശ രാജ്യം പ്രതികരിക്കുന്നത്. ജര്‍മന്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടാണ് ജര്‍മന്‍ വിദേശകാര്യ മാന്ത്രാലയത്തിന്റെ മറുപടി.
‘ആരോപണങ്ങല്‍ നേരിടുന്ന ഏതൊരാളെപ്പോലെയും നീതിയുക്തവും നിക്ഷ്പക്ഷവുമായ വിചാരണക്കുള്ള അവകാശം അരവിന്ദ് കെജ്‌രിവാളിനുണ്ട്. എല്ലാ നിയമവഴികളെയും ആശ്രയിക്കാന്‍ അദ്ദേഹത്തിന് കഴിയണം. അതിന് തടസ്സങ്ങളുണ്ടാകരുത്. നിരപരാധിത്വം തെളിയിക്കാനുള്ള സാധ്യത നിയമവാഴ്ചയുടെ അടിസ്ഥാനമാണ്. അത് അദ്ദേഹത്തിനും സാധ്യമാകണം. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്.
ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളും അരിവിന്ദ് കെജ്‌രിവാളിന്റെ കാര്യത്തിലും നടപ്പിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്,’ ജര്‍മന്‍ വിദേശകാര്യ മന്ത്രാലയം വാക്താവ് സെബാസ്റ്റ്യന്‍ ഫിഷര്‍ പറഞ്ഞു.
അതേ സമയം ദല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാള്‍ ഇ.ഡി.യുടെ കസ്റ്റഡിയില്‍ തുടരുകയാണ്. സുപ്രീംകോടതിയാണ് കഴിഞ്ഞദിവസം ദല്‍ഹി മുഖ്യമന്ത്രിയെ ഇ.ഡിയുടെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ഈ മാസം 28 വരെയാണ് കെജ്‌രിവാളിനെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ഈ കേസില്‍ അറസ്റ്റിലായ ബി.ആര്‍.എസ് നേതാവ് കവിതക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യാനാണ് ഇ.ഡിയുടെ നീക്കം. കവിതയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.
അരവിന്ദ് കെജ്‌രിവാള്‍ ജയിലില്‍ നിന്ന് ഭരണം തുടരുമെന്നാണ് എ.എ.പി നേതാക്കള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. ഇന്ത്യ മുന്നണിയുടെ നേതൃത്വത്തില്‍ തന്നെ വിഷയത്തില്‍ പ്രതിഷേധങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയായണ്.
content highlights: Kejriwal is entitled to a fair trial; Germany responded