Advertisement
Entertainment
എന്റെ കുറ്റവും കുറവും കണ്ടെത്തുന്ന ആളുടെ സിനിമയില്‍ അഭിനയിച്ചാല്‍ ഗതി എന്താവും; കാത്തിരിക്കുകയാണ്: കീര്‍ത്തി സുരേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 04, 03:32 am
Tuesday, 4th February 2025, 9:02 am

തന്റെ കുറ്റങ്ങളും കുറവുകളും കണ്ടെത്തുന്ന ആളാണ് ചേച്ചിയായ രേവതിയെന്ന് പറയുകയാണ് നടി കീര്‍ത്തി സുരേഷ്. ചെറുപ്പം മുതല്‍ തനിക്ക് അഭിനയത്തിലും ചേച്ചിക്ക് ഡയറക്ഷനിലും താത്പര്യമുണ്ടായിരുന്നെന്നും നടി പറയുന്നു. സംവിധായകന്‍ പ്രിയദര്‍ശനാണ് തങ്ങളുടെ രണ്ടുപേരുടെയും ഗുരുനാഥനെന്നും നടി പറഞ്ഞു.

ചേച്ചി ഒരു സിനിമക്കായി സ്‌ക്രിപ്റ്റ് എഴുതിക്കഴിഞ്ഞുവെന്നും തന്റെ കുറ്റങ്ങളും കുറവുകളും കണ്ടെത്തുന്ന ചേച്ചിയുടെ സംവിധാനത്തില്‍ താന്‍ അഭിനയിച്ചാല്‍ തന്റെ ഗതി എന്താവുമെന്ന് ചോദിക്കുന്ന കീര്‍ത്തി ആ വെല്ലുവിളി നേരിടാന്‍ കാത്തിരിക്കുകയാണെന്നും പറഞ്ഞു. മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കീര്‍ത്തി സുരേഷ്.

‘ചേച്ചി ഒരു സിനിമക്കായി സ്‌ക്രിപ്റ്റ് എഴുതിക്കഴിഞ്ഞു. അടുത്തകാലത്ത് താങ്ക് യൂ എന്ന ഒരു ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തിരുന്നു. അച്ഛന്‍ അതില്‍ അഭിനയിക്കയും ചെയ്തിരുന്നു. അമ്മയും ഒരു ചെറിയ കഥാപാത്രം ചെയ്തു.

ചെറുപ്പം മുതല്‍ തന്നെ എനിക്ക് അഭിനയത്തിലും ചേച്ചിക്ക് ഡയറക്ഷനിലും താത്പര്യമുണ്ടായിരുന്നു. അതുകൊണ്ട് ചേച്ചി വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍സാണ് പഠിച്ചത്. ഏറെക്കാലം പ്രിയന്‍ അങ്കിളിനൊപ്പം അസിസ്റ്റന്റായി ജോലി ചെയ്തു. ഞങ്ങള്‍ രണ്ടുപേര്‍ക്കും അദ്ദേഹമാണ് ഗുരുനാഥന്‍.

അടുത്തുതന്നെ ചേച്ചി ഒരു സിനിമ സംവിധാനം ചെയ്യും. എന്റെ കുറ്റങ്ങളും കുറവുകളും കണ്ടെത്തുന്ന ആളാണ് ചേച്ചി. അവരുടെ സംവിധാനത്തില്‍ ഞാന്‍ അഭിനയിച്ചാല്‍ എന്റെ ഗതി എന്താവും? എന്നാലും ആ വെല്ലുവിളി നേരിടാന്‍ അവരുടെ സംവിധാനത്തില്‍ അഭിനയിക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്,’ കീര്‍ത്തി സുരേഷ് പറഞ്ഞു.

ഗോസിപ്പുകളെ എങ്ങനെയാണ് നേരിടുന്നത് എന്ന ചോദ്യത്തിനും നടി അഭിമുഖത്തില്‍ മറുപടി നല്‍കി. സിനിമയെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്കപ്പുറം സ്വകാര്യജീവിതത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും ആവശ്യമില്ലാത്ത കാര്യങ്ങള്‍ കേട്ടാല്‍ അത് വലത്തേ ചെവിയില്‍ വാങ്ങി ഇടത്തേ ചെവിയിലൂടെ പുറത്തുവിടുമെന്നാണ് കീര്‍ത്തി പറയുന്നത്.

‘എന്റെ കരിയറിന്റെ തുടക്കം മുതല്‍ തന്നെ ഞാന്‍ രണ്ട് കാര്യങ്ങള്‍ ഫോളോ ചെയ്യുന്നുണ്ട്. ഒന്ന് ആര് നല്ല കാര്യം ചെയ്താലും നല്ല സിനിമ ചെയ്താലും അവരെ അഭിനന്ദിക്കണം, പ്രോത്സാഹിപ്പിക്കണം. മറ്റൊന്ന് നമുക്ക് നേരെയുള്ള വിമര്‍ശനങ്ങള്‍ ന്യായമായിട്ടുള്ളതാണെങ്കില്‍ അത് കണക്കിലെടുക്കണം. ഇത് എപ്പോഴും ഞാന്‍ പാലിക്കും.

സിനിമയെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്കപ്പുറം സ്വകാര്യജീവിതത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും ആവശ്യമില്ലാത്ത കാര്യങ്ങള്‍ കേട്ടാല്‍ അത് വലത്തേ ചെവിയില്‍ വാങ്ങി ഇടത്തേ ചെവിയിലൂടെ പുറത്തുവിട്ട് ഞാന്‍ എന്റെ പണി നോക്കി മുമ്പോട്ട് പൊയ്‌ക്കൊണ്ടേയിരിക്കും. ഗോസിപ്പുകള്‍ക്ക് മറുപടി പറയേണ്ട ആവശ്യമില്ലല്ലോ,’ കീര്‍ത്തി സുരേഷ് പറഞ്ഞു.

Content Highlight: Keerthy Suresh Talks About Her Sister