Kerala News
'ക്രൈസ്തവരെ സംരക്ഷിക്കാന്‍ ഞങ്ങള്‍ക്കറിയാം'; എസ്.ഡി.പി.ഐയുടെ സഹായം വേണ്ടെന്ന് കെ.സി.ബി.സി
തിരുവനന്തപുരം: മതംമാറ്റ നിരോധനത്തിനെതിരെ കര്‍ണാടകയില്‍ എസ്.ഡി.പി.ഐ സംഘടിപ്പിച്ച റാലിയില്‍ ക്രൈസ്തവ വൈദികര്‍ അണിനിരന്നത് തെറ്റിദ്ധാരണ മൂലമാണെന്ന് കെ.സി.ബി.സി ജാഗ്രതകമ്മീഷന്‍.
ക്രൈസ്തവര്‍ക്ക് വേണ്ടി എസ്.ഡി.പി.ഐ പ്രതിഷേധിക്കുന്നത് വിരോധാഭാസമാണെന്നും കെ.സി.ബി.സി പ്രസ്താവനയില്‍ പറഞ്ഞു.
തീവ്രഹിന്ദുത്വവാദികളുടെ ഭാഗത്തുനിന്ന് ആസൂത്രിതമായ അതിക്രമങ്ങള്‍ ക്രൈസ്തവര്‍ക്കു നേരെ ഉണ്ടാകുന്ന സാഹചര്യത്തില്‍ മുതലെടുപ്പിനായും സ്ഥാപിത താല്‍പര്യങ്ങളോടെയും പിന്തുണക്കാന്‍ എന്ന വ്യാജേന വരുന്നവരെ അകറ്റി നിര്‍ത്തണമെന്ന് പ്രസ്താവനയില്‍ പറഞ്ഞു.
സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി എന്ന മതേതര നാമം എസ്.ഡി.പി.ഐ ഒരു സാധാരണ രാഷ്ട്രീയ പാര്‍ട്ടിയാണെന്ന തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ കാരണമായിട്ടുണ്ട്. ഈ തെറ്റിദ്ധാരണയാണ് കര്‍ണാകയില്‍ സന്യസ്തരും വൈദികരും മതംമാറ്റ നിരോധന നിയമത്തിനെതിരായുള്ള പ്രതിഷേധ പ്രകടനങ്ങളില്‍ അണിനിരക്കാന്‍ കാരണമായതെന്നും പ്രസ്താവനയില്‍ പറയുന്നു.
നിരോധിത സംഘടനയായ സിമിയുടെ മറ്റൊരു മുഖമാണ് പോപ്പുലര്‍ ഫ്രണ്ട് എന്നും കേരളത്തില്‍ ഇസ്ലാമിക തീവ്രവാദം പ്രോത്സാഹിപ്പിക്കുകയും ഖിലാഫത്ത് സ്ഥാപിക്കുകയുമായിരുന്നു സിമിയുടെ ലക്ഷ്യമെന്നും കെ.സി.ബി.സി ജാഗ്രതാ കമ്മീഷന്‍ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറയുന്നു.
‘തീവ്ര ഹിന്ദുത്വവാദികളുടെ ഭാഗത്തുനിന്നുള്ള ആസൂത്രിതമായ അതിക്രമങ്ങള്‍ ക്രൈസ്തവ സമൂഹങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ദേവാലയങ്ങള്‍ക്കും എതിരെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതോടൊപ്പം പുതിയ നിയമ നിര്‍മ്മാണങ്ങള്‍ നടത്തിയും അനാവശ്യ നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ചും കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാരുകളും രാഷ്ട്രീയ നേതൃത്വങ്ങളും മത്സരിക്കുകയുമാണ്. ഈ ഘട്ടത്തില്‍ കൂട്ടായ പ്രതികരണങ്ങളും പ്രതിഷേധങ്ങളും ആവശ്യമാണ്,’ കെ.സി.ബി.സി പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
കെ.സി.ബി.സി ജാഗ്രതാ കമ്മീഷന്റെ പ്രസ്താവനയുടെ പൂര്‍ണരൂപം
തീവ്ര ഇസ്‌ലാമിക സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ മുഖമായ എസ്ഡിപിഐ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ) കഴിഞ്ഞ നാളുകളില്‍ ക്രൈസ്തവര്‍ക്കുവേണ്ടി സംസാരിക്കാന്‍ ആവേശം പ്രകടിപ്പിക്കുന്നത് തികഞ്ഞ വിരോധാഭാസമാണ്. കേരളത്തില്‍ കലാപാന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ പലപ്പോഴും മുഖ്യ പങ്കുവഹിച്ചിട്ടുള്ള എസ്.ഡി.പി.ഐ ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത് ഗൂഢമായ രാഷ്ട്രീയ മുതലെടുപ്പുകള്‍ മാത്രമാണെന്ന് വ്യക്തം.
കേരളത്തില്‍ സമീപകാലങ്ങളില്‍ നടന്നിട്ടുള്ള നിരവധി അക്രമ പ്രവര്‍ത്തനങ്ങളിലും നിഷ്ഠൂരമായ കൊലപാതകങ്ങളിലും എസ്ഡിപിഐ പ്രവര്‍ത്തകരുടെ പങ്ക് വ്യക്തമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകനായിരുന്ന പ്രഫ. ടി.ജെ ജോസഫിനുമേല്‍ പ്രവാചക നിന്ദ എന്ന കുറ്റം ചുമത്തി പ്രാകൃതമായ കൈവെട്ട് ശിക്ഷ നടപ്പാക്കിയത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായിരുന്നു എന്നുള്ളത് കേരളം മറക്കാന്‍ കാലമായിട്ടില്ല.
നിരോധിത തീവ്രവാദ സംഘടനയായ സിമി (Students’ Islamic Movement of India – SIMI) യുടെ മറ്റൊരു മുഖമാണ് പോപ്പുലര്‍ ഫ്രണ്ട് എന്ന് 2012 ല്‍ അന്നത്തെ കേരളാപോലീസ് ഇന്റലിജന്‍സ് മേധാവി കേരളാ ഹൈക്കോടതിയെ ധരിപ്പിക്കുകയുണ്ടായിട്ടുണ്ട്. കേരളത്തില്‍ ഇസ്ലാമിക തീവ്രവാദം പ്രോത്സാഹിപ്പിക്കുകയും ഖാലിഫേറ്റ് സ്ഥാപനവുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യങ്ങള്‍ പൂര്‍ണ്ണമായി ഏറ്റെടുത്ത സംഘടനയായിരുന്നു 2001ല്‍ നിരോധിക്കപ്പെട്ട SIMI. അതിന്റെ തുടര്‍ച്ചയെന്നോണം 2006ല്‍ സ്ഥാപിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടും ആരംഭം മുതല്‍ മതമൗലികവാദം പ്രചരിപ്പിക്കുകയും കേരളസമൂഹത്തില്‍ ഭീതിയും ആശങ്കയും വളര്‍ത്തുകയും ചെയ്തുവന്നിരുന്നതിനാല്‍ നിരോധിക്കപ്പെടണം എന്ന ആവശ്യം പല തുറകളില്‍നിന്ന് പലപ്പോഴായി ഉയര്‍ന്നിട്ടുള്ളതാണ്.
പ്രവര്‍ത്തനങ്ങളിലെ തീവ്രവാദ സ്വഭാവം മൂലം പലയിടങ്ങളിലും നിരീക്ഷണ വിധേയമായിരിക്കുന്ന സംഘടനകളാണ് പോപ്പുലര്‍ ഫ്രണ്ടും എസ്.ഡി.പി.െഎയും.
സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (SDPI) എന്ന മതേതര നാമം സ്വീകരിച്ചിരിക്കുന്നതിനാല്‍ അത് ഒരു സാധാരണ രാഷ്ട്രീയ പാര്‍ട്ടിയാണ് എന്ന് അനേകര്‍ തെറ്റിദ്ധരിക്കാന്‍ ഇടയായിട്ടുള്ളതായി മനസിലാക്കുന്നു. അത്തരമൊരു തെറ്റിദ്ധാരണ ജനിപ്പിക്കാന്‍ മനഃപൂര്‍വമായ ശ്രമങ്ങള്‍ എസ്.ഡി.പി.ഐ നേതാക്കള്‍ നടത്തുന്നുമുണ്ട്.
ആ തെറ്റിദ്ധാരണയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കര്‍ണ്ണാടകയില്‍ എസ്.ഡി.പി.ഐക്കൊപ്പം ക്രൈസ്തവ സന്യസ്തരും വൈദികരും മതംമാറ്റ നിരോധന നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന് അണിനിരക്കാന്‍ ഇടയാക്കിയത്. ജാതിമത വ്യത്യാസമില്ലാതെ എല്ലാ വിഭാഗങ്ങളും നേരിടുന്ന പ്രതിസന്ധികളില്‍ പരസ്പരം സഹായിക്കാനും പിന്തുണ നല്‍കാനും എല്ലാ സമുദായങ്ങള്‍ക്കും ബാധ്യതയുണ്ട്. എന്നാല്‍, പോപ്പുലര്‍ ഫ്രണ്ടും എസ്.ഡി.പി.ഐയും പോലുള്ള തീവ്ര സ്വഭാവമുള്ള മത, രാഷ്ട്രീയ സംഘടനകളുടെ യഥാര്‍ത്ഥ ലക്ഷ്യങ്ങള്‍ തിരിച്ചറിഞ്ഞ് അകറ്റി നിര്‍ത്താനുള്ള ഉത്തരവാദിത്തവും ക്രൈസ്തവ സമൂഹത്തിനും പൊതുസമൂഹത്തിനുമുണ്ട്.
തീവ്ര ഹിന്ദുത്വവാദികളുടെ ഭാഗത്തുനിന്നുള്ള ആസൂത്രിതമായ അതിക്രമങ്ങള്‍ ക്രൈസ്തവ സമൂഹങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ദേവാലയങ്ങള്‍ക്കും എതിരെ വര്‍ധിച്ചുകൊണ്ടിരിക്കുന്നതോടൊപ്പം പുതിയ നിയമ നിര്‍മ്മാണങ്ങള്‍ നടത്തിയും അനാവശ്യ നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ചും കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാരുകളും രാഷ്ട്രീയ നേതൃത്വങ്ങളും മത്സരിക്കുകയുമാണ്. ഈ ഘട്ടത്തില്‍ കൂട്ടായ പ്രതികരണങ്ങളും പ്രതിഷേധങ്ങളും ആവശ്യമാണ്. എന്നാല്‍ മുതലെടുപ്പുകള്‍ക്കായും സ്ഥാപിത താല്പര്യങ്ങളോടെയും പിന്തുണയ്ക്കാന്‍ എന്ന വ്യാജേന വന്നുചേരുന്നവരെ അകറ്റിനിര്‍ത്തുക തന്നെവേണം.
പ്രതിഷേധത്തിന്റെയും പ്രതികരണങ്ങളുടെയും ഭാഗമായുള്ള ഓരോ പ്രവൃത്തികളും തീരുമാനങ്ങളും നിലപാടുകളും വിവേകപൂര്‍വ്വമായിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്.
വിവിധ രീതിയില്‍ മതമൗലികവാദികളുടെയും തീവ്രവാദികളുടെയും ഭാഗത്തുനിന്നുള്ള അതിക്രമങ്ങള്‍ കേരളത്തിലും കേരളത്തിന് വെളിയില്‍ വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും നേരിട്ടുകൊണ്ടിരിക്കുന്ന ക്രൈസ്തവര്‍ താല്‍ക്കാലിക നേട്ടത്തിനായി ഒരു വര്‍ഗീയ സംഘടനയുടെയും സഹായം പ്രതീക്ഷിക്കുന്നില്ല എന്നറിയിക്കുന്നു.
ഫാ. മൈക്കിള്‍ പുളിക്കല്‍ സി.എം.ഐ
സെക്രട്ടറി, കെ.സി.ബി.സി ഐക്യജാഗ്രതാ കമ്മീഷന്‍
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
CONTENT HIGHLIOGHTS: KCBC claims that priests participated in SDPI rally due to misunderstanding in karnadaka