Sports News
സഞ്ജുവിനെ കേരള ക്രിക്കറ്റ് അസോസിയേഷനാണ് ഉത്പാദിപ്പിച്ചത്, സഞ്ജു തന്നെയാണ് പലരുടെയും ഐക്കണ്‍, ഇനി ലക്ഷ്യം സ്വന്തം സ്‌റ്റേഡിയം: ബിനീഷ് കോടിയേരി
സ്പോര്‍ട്സ് ഡെസ്‌ക്
2023 Jan 01, 08:31 am
Sunday, 1st January 2023, 2:01 pm

കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഉത്പാദിപ്പിച്ച താരമാണ് സഞ്ജു സാംസണെന്ന് കെ.എസി.എ ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരി. ഇക്കാര്യം സഞ്ജു സാംസണ്‍ തന്നെ അംഗീകരിച്ചിട്ടുള്ളതാണെന്നും വളര്‍ന്നുവരുന്ന പല താരങ്ങളുടെയും റോള്‍ മോഡല്‍ സഞ്ജുവാണെന്നും അദ്ദഹേം പറഞ്ഞു.

‘സഞ്ജു സാംസണ്‍ കേരളത്തിന്റെ ഐക്കണ്‍ ആണ്. ശ്രീശാന്തിന് ശേഷം നമുക്ക് കിട്ടിയ ഇന്റര്‍നാഷണല്‍ പ്ലെയര്‍ ആണ്. രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ ആയിട്ട് നില്‍ക്കുന്നു. കെ.സി.എ ഉത്പാദിപ്പിച്ച താരം തന്നെയാണ് സഞ്ജു, അദ്ദേഹവും അത് അംഗീകരിച്ചിട്ടുണ്ട്.

ടി-20യില്‍ ഏറ്റവും ബെസ്റ്റ് 5 താരങ്ങളില്‍ ഒരാളാണ് സഞ്ജു. കൂടുതല്‍ ഏകദിന മാച്ചുകള്‍ കളിക്കാനും സഞ്ജുവിന് അവസരം കിട്ടുമെന്നാണ് പ്രതീക്ഷ.

സഞ്ജുവിനെ ഐക്കണ്‍ ആക്കി വച്ചിട്ടാണ് വിഷ്ണു വിനോദ്, സച്ചിന്‍ ബേബി, ബാസിത്, ആസിഫ്, ബേസില്‍ തമ്പി, സന്ദീപ് വാര്യര്‍ ഇവരൊക്കെ വന്നത്. സഞ്ജുവില്‍ നിന്നുള്ള പ്രചോദനമാണ് ഐ.പി.എല്‍ ഫോര്‍മാറ്റിലേക്ക് കളിക്കാന്‍ മറ്റുള്ളവര്‍ക്കും പ്രചോദനമാകുന്നത്,’ മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ ബിനീഷ് കോടിയേരി പറഞ്ഞു.

ക്രിക്കറ്റിന് വേണ്ടി മാത്രമായി ഒരു സ്റ്റേഡിയമാണ് ഇനി ലക്ഷ്യം വെക്കുന്നതെന്നും അത്തരത്തില്‍ സ്റ്റേഡിയം വന്നാല്‍ കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കേരളത്തില്‍ സംഘടിപ്പിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ക്രിക്കറ്റിങ് ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതികള്‍ക്കെല്ലാത്തിനും ഉപരിയായി കേരളത്തിനു ആദ്യമായി ക്രിക്കറ്റിനു വേണ്ടി മാത്രം ഒരു സ്റ്റേഡിയം ആണ് ഈ വര്‍ഷത്തെ ലക്ഷ്യം.

ബി.സി.സി.ഐയില്‍ നിന്നും ഫണ്ട് അലോട്ട് ചെയ്തു. ഞങ്ങള്‍ സ്ഥലം ഏറ്റെടുക്കാനുള്ള പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുകയാണ്. സര്‍ക്കാറുമായി ചേര്‍ന്ന് സ്ഥലം കണ്ടെത്തി 4 വര്‍ഷത്തിനുള്ളില്‍ സ്റ്റേഡിയം നിര്‍മാണം പൂര്‍ത്തിയാക്കും.

ഇപ്പോള്‍ ക്രിക്കറ്റിനു മാത്രമായിട്ടൊരു സ്റ്റേഡിയമില്ല, മള്‍ട്ടി സ്റ്റേഡിയങ്ങളെ കണ്‍വേര്‍ട്ട് ചെയ്താണ് ഉപയോഗിക്കുന്നത്. അതുകൊണ്ടാണ് കൂടുതല്‍ മാച്ചുകള്‍ ഇവിടെ വരാത്തത്. ഭാവിയില്‍ ടെസ്റ്റ് സ്റ്റേഡിയമാക്കി ഉയര്‍ത്താനും ലക്ഷ്യം വെയ്ക്കുന്നുണ്ട്. വലിയ മാറ്റത്തിലേക്ക് ആണ് ഇനി കേരളം സഞ്ചരിക്കുക,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: KCA joint secretary Bineesh Kodiyeri about Sanju Samson