അങ്ങനെ ചെയ്യുന്ന താരങ്ങളെ ഐ.പി.എല്ലിൽ നിന്നും വിലക്കണം: ആവശ്യവുമായി കാവ്യ മാരൻ
Cricket
അങ്ങനെ ചെയ്യുന്ന താരങ്ങളെ ഐ.പി.എല്ലിൽ നിന്നും വിലക്കണം: ആവശ്യവുമായി കാവ്യ മാരൻ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 1st August 2024, 12:06 pm

2025 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മെഗാ ലേലത്തിനാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. ഏതെല്ലാം താരങ്ങള്‍ ടീം വിടുമെന്നും പുതിയ ടീമില്‍ ചേരുമെന്നുമാണ് ഇപ്പോള്‍ ക്രിക്കറ്റ് സര്‍ക്കിളുകളില്‍ സജീവമായി നിലനില്‍ക്കുന്ന ചര്‍ച്ചകള്‍.

ഇപ്പോഴിതാ വ്യക്തമായ കാരണങ്ങള്‍ ഇല്ലാതെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഒരു സീസണില്‍ നിന്നും പിന്മാറാന്‍ തീരുമാനിക്കുന്ന താരങ്ങള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി മുന്നോട്ടു വന്നിരിക്കുകയാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് സി.ഇ.ഒ കാവ്യ മാരന്‍. ക്രിക് ബസിലൂടെ പ്രതികരിക്കുകയായിരുന്നു ഹൈദരാബാദ് സി.ഇ.ഒ.

‘ലേലത്തില്‍ തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം പരിക്കിനു പുറമേ മറ്റേതെങ്കിലും കാരണത്താല്‍ ഏതെങ്കിലും ഒരു താരം സീസണ്‍ മുഴുവന്‍ കളിച്ചില്ലെങ്കില്‍ ആ താരത്തെ വിലക്കണം. ഓരോ ഫ്രാഞ്ചൈസികളും മികച്ച കോമ്പിനേഷന്‍ ഉള്ള ഒരു ടീം ആക്കി മാറ്റാന്‍ ലേലത്തില്‍ വളരെയധികം പരിശ്രമിക്കുന്നുണ്ട്. ലേലത്തില്‍ പണം കൊടുത്ത് വാങ്ങിയ ഒരു താരം പിന്നീട് കളിക്കുന്നില്ലെങ്കില്‍ ആ പണം നഷ്ടമാവുകയാണ്. പിന്നീട് അത് ലഭിക്കില്ല. ഇത് ടീമിന്റെ കോമ്പിനേഷനെയും സന്തുലിതാവസ്ഥയും ബാധിക്കുന്നു. ഈ കാരണം കൊണ്ട് വിദേശ താരങ്ങള്‍ വരാത്ത നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്,’ കാവ്യ മാരന്‍ പറഞ്ഞു.

2024 ഐ.പി.എല്‍ സീസണിന് മുന്നോടിയായി ശ്രീലങ്കന്‍ സ്പിന്നര്‍ വാനിന്ദു ഹസരംഗയെ ഹൈദരാബാദ് 1.5 കോടിയുടെ അടിസ്ഥാന തുകയ്ക്ക് തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ താരം ഈ സീസണില്‍ ഓറഞ്ച് ആര്‍മിക്ക് വേണ്ടി കളിച്ചിരുന്നില്ല. പരിക്കിന് പിന്നാലെയാണ് ഹസരംഗ ഹൈദരാബാദിന് വേണ്ടി കളിക്കാതിരുന്നതെന്ന വാര്‍ത്തകള്‍ ശക്തമായി നിലനിന്നിരുന്നു.

ഇതിന് പിന്നാലെ ലങ്കന്‍ സ്പിന്നര്‍ക്ക് പകരക്കാരനായി മറ്റൊരു താരത്തെ ഹൈദരാബാദ് ടീമില്‍ എത്തിക്കുകയായിരുന്നു.

അതേസമയം 2024 ഐ.പി.എല്ലില്‍ പാറ്റ് കമ്മിന്‍സിന്റെ കീഴില്‍ ഹൈദരാബാദ് ഫൈനല്‍ വരെ മുന്നേറിയിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് പരാജയപ്പെട്ട് ഓറഞ്ച് ആര്‍മിക്ക് കിരീടം നഷ്ടമാവുകയായിരുന്നു.

 

Content Highlight: Kavya Maran wants to take strict action against players who decide to withdraw from IPL without clear reasons