ന്യൂദല്‍ഹി: ഹാത്രാസ് പീഡനത്തെ ന്യായീകരിച്ച് രംഗത്തെത്തിയ ഉത്തര്‍പ്രദേശ് ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിംഗിനെ വിമര്‍ശിച്ച് സി.പി.ഐ.എം.എല്‍ ലിബറേഷന്‍ പൊളിറ്റ് ബ്യൂറോ അംഗം കവിതാ കൃഷ്ണന്‍.
പുരുഷാധിപത്യ ജാതീയവാദികളുടെ ‘ഇരകളെ കുറ്റപ്പെടുത്തലിന്റെ’ ഏറ്റവും വലിയ ഉദാഹരണമാണ് ഭരണത്തിലിരിക്കുന്ന ബി.ജെ.പിയുടെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി നടത്തിയതെന്ന് അവര്‍ പറഞ്ഞു.
സുരേന്ദ്ര സിംഗിനെ പോലെയുള്ള തീവ്രവലതുപക്ഷ ഹിന്ദുവാദി, ഗാന്ധി ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സയെ ആരാധിക്കുന്നത് വെറും യാദൃശ്ചികതയല്ലെന്നും അവര്‍ പറഞ്ഞു.
നല്ല മൂല്യങ്ങളിലും സംസ്‌ക്കാരത്തിലും വളരാത്തതുക്കൊണ്ടാണ് ഹാത്രാസ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതെന്നാണ് സുരേന്ദ്ര സിംഗ് പറഞ്ഞിരുന്നത്. അവര്‍ ദളിതരായതുകൊണ്ടാണോ നല്ല മൂല്യങ്ങളും സംസ്‌കാരവും ഇല്ലെന്ന് ഇയാള്‍ പറഞ്ഞ് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതെന്നും കവിതാ കൃഷ്ണന്‍ ചോദിച്ചു.
പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നതിന് സര്‍ക്കാറിനൊന്നും ചെയ്യാന്‍ പറ്റില്ലെന്നും ‘നല്ലവഴിക്ക്’ നടത്തേണ്ടത് രക്ഷിതാക്കളാണെന്നുമായിരുന്നു ബൈരിയ മണ്ഡലത്തിലെ എം.എല്‍.എയായ സുരേന്ദ്ര സിംഗ് പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക