മിക്‌സ്ഡ് റിവ്യു പ്രതീക്ഷിച്ചു; ആ സിനിമ കണ്ടപ്പോള്‍ എനിക്കും ലാഗ് തോന്നി: കവിന്‍
Entertainment
മിക്‌സ്ഡ് റിവ്യു പ്രതീക്ഷിച്ചു; ആ സിനിമ കണ്ടപ്പോള്‍ എനിക്കും ലാഗ് തോന്നി: കവിന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 22nd October 2024, 11:16 am

ശരവണന്‍ മീനാച്ചി എന്ന തമിഴ് ടെലിവിഷന്‍ പരമ്പരയിലൂടെ നായകനായി എത്തിയ നടനാണ് കവിന്‍ രാജ്. 2019ല്‍ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് അദ്ദേഹം കൂടുതല്‍ ശ്രദ്ധേയനാകുന്നത്. പിന്നീട് നാല് സിനിമകളില്‍ നായകനായി എത്താന്‍ കവിന് സാധിച്ചിരുന്നു.

ഈ വര്‍ഷം കവിനിന്റേതായി ഇറങ്ങിയ ചിത്രമായിരുന്നു സ്റ്റാര്‍. സിനിമാ നടനാവുക എന്ന സ്വപ്നവുമായി ജീവിക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥയായിരുന്നു ഈ സിനിമയിലൂടെ പറഞ്ഞിരുന്നത്. ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത് ‘പ്യാര്‍ പ്രേമ കാതല്‍’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഇലനായിരുന്നു.

സ്റ്റാറിന് മിക്‌സ്ഡ് റിവ്യു തന്നെയായിരുന്നു താന്‍ പ്രതീക്ഷിച്ചിരുന്നതെന്ന് പറയുകയാണ് കവിന്‍. തന്റെ ഏറ്റവും പുതിയ ചിത്രമായ ബ്ലഡി ബെഗ്ഗറിന്റെ ഭാഗമായി അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമയുടെ ഫൈനല്‍ ഔട്ട് കണ്ടപ്പോള്‍ തനിക്ക് കുറച്ച് ലാഗ് തോന്നിയിരുന്നെന്നും കവിന്‍ പറഞ്ഞു.

‘സ്റ്റാര്‍ സിനിമയുടെ കാര്യം പറയുകയാണെങ്കില്‍, അതിന്റെ റിവ്യു നോക്കിയാല്‍ അതൊരു മിക്‌സ്ഡ് റിവ്യു കിട്ടിയ സിനിമയാണ്. അങ്ങനെയാകുമെന്ന് എനിക്ക് അറിയാമായിരുന്നു. ആ സിനിമയുടെ കാര്യത്തില്‍ എന്റെ ജഡ്ജ്‌മെന്റ് ശരിയായിരുന്നു. ആ സിനിമയുടെ കഥ കേള്‍ക്കുമ്പോള്‍ എനിക്കത് നന്നായി തോന്നി. ആ വിശ്വാസത്തിലാണല്ലോ നമ്മള്‍ ഒരു സിനിമ ചെയ്യാന്‍ തയ്യാറാകുന്നത്.

അതിനുശേഷം ആ സിനിമയുടെ ഷൂട്ടിങ് നടന്നു. പിന്നീട് കുറച്ചുനാള്‍ കഴിഞ്ഞാണ് സിനിമ റിലീസിന് എത്തുന്നത്. ഓരോ സ്റ്റേജിലും ആ സിനിമയെ നമ്മള്‍ കാണുന്നുണ്ട്. സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ് അതിന്റെ എഡിറ്റിങ് പൂര്‍ത്തിയായ ശേഷം എനിക്ക് ഫൈനല്‍ ഔട്ട് കാണിച്ചു തന്നിരുന്നു. അത് കണ്ടപ്പോള്‍ എനിക്ക് തന്നെ കുറച്ച് ലാഗ് ഫീല് ചെയ്തിരുന്നു.

ഒരു പോയന്റ് കഴിഞ്ഞപ്പോള്‍ ഞാന്‍ ആ കാര്യം പറഞ്ഞതുമാണ്. ‘സിനിമ നന്നായിട്ടുണ്ട്. നല്ല സീനുകള്‍ ഇതില്‍ ഒരുപാടുണ്ട്. പക്ഷെ ചില സ്ഥലങ്ങളില്‍ നമ്മള്‍ അതില്‍ നിന്ന് ഡിറ്റാച്ച്ഡാകുന്നത് പോലെ തോന്നുന്നുണ്ട്’ എന്ന് ഞാന്‍ പറഞ്ഞു. എവിടെ കട്ട് ചെയ്യണോ അവിടെ കട്ട് ചെയ്യാതെ നിന്നതിന്റെ പ്രശ്‌നം ഉണ്ടായിരുന്നു.

അങ്ങനെ വരുമ്പോള്‍ എന്താണ് പ്രശ്‌നമെന്ന് ചോദിച്ചാല്‍, അതിനുശേഷം വരുന്ന നല്ല മൊമന്റ്‌സിനെയും എന്‍ജോയ് ചെയ്യാന്‍ പറ്റാത്ത സ്ഥിതി വരികയാണ്. ചില സീനുകള്‍ നോക്കുമ്പോള്‍ 20 മിനിട്ടോളം നീണ്ടുനില്‍ക്കുന്നുണ്ട്. റിവ്യൂവേഴ്‌സിനെ മുന്നില്‍ കണ്ടാണല്ലോ നമ്മള്‍ ഇപ്പോള്‍ ഓരോ സിനിമയെയും വിലയിരുത്തുന്നത്. അവരും ഓരോ സിനിമകളും കാണുന്നുണ്ട്. എല്ലാവരും ചേര്‍ന്ന് കാണുമ്പോഴാണല്ലോ സിനിമ വിജയിക്കുന്നത്,’ കവിന്‍ പറഞ്ഞു.


Content Highlight: Kavin Talks About His Star Movie