ന്യൂദല്‍ഹി: ജമ്മുവിലെ കത്വയില്‍ പീഡനത്തിനിരയായി എട്ടുവയസ്സുകാരി കൊല്ലപ്പെട്ടതിലും യു.പിയിലെ ഉന്നാവോയില്‍ യുവതിയെ ബി.ജെ.പി എം.എല്‍.എ പീഡിപ്പിച്ചതിലും പ്രതിഷേധിച്ച് ഇന്ത്യാ ഗേറ്റില്‍ ഇന്നലെ രാത്രി ഒത്തുകൂടിയത് ആയിരങ്ങള്‍. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും നേതൃത്വമില്ലാതിരുന്നിട്ടും പ്രതിഷേധാഹ്വാനം വന്ന് നിമിഷങ്ങള്‍ക്കകമാണ് ആയിരക്കണക്കിനു ജനങ്ങള്‍ ദല്‍ഹിയില്‍ ഒത്തുകൂടിയത്.
ആറുവര്‍ഷം മുമ്പ് നിര്‍ഭയ കേസില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ആഹ്വാനമില്ലാതെ ജനങ്ങള്‍ രാജ്യ തലസ്ഥാനത്തെ തെരുവില്‍ ഇറങ്ങിയതിനു സമാനമായിരുന്നു ഇന്നലെ രാത്രി നടന്ന പ്രതിഷേധവും. കാശ്മീരില്‍ ക്ഷേത്രത്തിനുള്ളില്‍വെച്ച ക്രൂരതയ്ക്കിരയായി കൊല്ലപ്പെട്ട എട്ടുവയസ്സുകാരി എട്ടു വയസ്സുകാരിയ്ക്കും ഉത്തര്‍പ്രദേശില്‍ ബി.ജെ.പി എം.എല്‍.എ സെന്‍ഗാറിന്റെ പീഡനത്തിനിരയായ പെണ്‍കുട്ടിയ്ക്കും വേണ്ടിയായിരുന്നു ആയിരങ്ങള്‍ തെരുവില്‍ ഇറങ്ങി പ്രതിഷേധിച്ചത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സംഘവുമാണ് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെങ്കിലും രാഷ്ട്രീയ, മത വ്യത്യാസമില്ലാതെയാണ് ജനങ്ങള്‍ പ്രതിഷേധ പരിപാടിയിലേക്ക് ഒഴുകിയെത്തിയത്. നിര്‍ഭയയുടെ മാതാപിതാക്കളും പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു.
“സൈലന്റ് മാര്‍ച്ച്” കോണ്‍ഗ്രസിന്റെ മാത്രം പ്രതിഷേധമല്ലെന്നും രാജ്യത്തിന്റെ മുഴുവന്‍ പ്രതിഷേധമാണെന്നുമാണ് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നത്. രാജ്യത്തെ സ്ത്രീകള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ ഭയപ്പെടുകയാണെന്നും സ്ത്രീകള്‍ സുരക്ഷിതരാണെന്ന ബോധം വരുത്തേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടികളുടെയൊന്നും ആഹ്വാനം അനുസരിച്ചല്ല ഇവിടെ എത്തിയതെന്നും സ്വന്തം മക്കളുടെ ഭാവിയെക്കരുതിയാണ് വീടുകളില്‍ നിന്ന് പുറത്തിറങ്ങിയതെന്നും പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തവരില്‍ ചിലര്‍ പ്രതികരിച്ചു. പ്ലക്കാര്‍ഡുകളും ദേശീയ പതാകയുമേന്തി സമാധാന പരമായാണ് പ്രതിഷേധം നടന്നത്.
ഇതൊരു രാഷ്ട്രീയ പ്രതിഷേധമല്ലെന്നും രാജ്യത്ത് ഏറെ നാളായി നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ഇന്ത്യയുടെ പൊതുബോധം ഉണര്‍ന്നതാണെന്നും കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല പ്രതികരിച്ചു. ഇന്ത്യയുടെ ചരിത്രത്തില്‍ ഇതുവരെ കാണാത്ത സംഭവവികാസങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ ബി.ജെ.പി നേതാക്കള്‍ തന്നെ ആരോപണ വിധേയരാകുന്നു. നിര്‍ഭാഗ്യവശാല്‍ ബി.ജെ.പി സര്‍ക്കാര്‍ തന്നെ കുറ്റാരോപിതരെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
നിരവധി വിദ്യാര്‍ത്ഥികളും യുവതികളും വീട്ടമ്മമാരും ഉള്‍പ്പെടെയായിരുന്നു ഇന്ത്യാഗേറ്റിലേക്ക് അര്‍ധ രാത്രി മാര്‍ച്ച് നടത്തിയത്.
#KathuaRapeCase #UnnaoRapeCase | View from the ground: People gathered near India Gate in New Delhi for a candlelight vigil to protest the rapes of minors – the Kathua case of an eight-year-old who was also murdered and the Unnao case of a teenager. pic.twitter.com/6LfaDJL0Tu
— Hindustan Times (@htTweets) April 12, 2018