Kerala
കസ്തൂരി രംഗന്‍: മാധ്യമങ്ങള്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ഉമ്മന്‍ ചാണ്ടി; മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിച്ചെന്ന് കോടിയേരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Mar 24, 10:54 am
Monday, 24th March 2014, 4:24 pm

[share]

[]തിരുവനന്തപുരം: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ നവംബര്‍ 13ലെ ഉത്തരവ് നിലനില്‍ക്കുമെന്ന് പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

കേരളത്തില്‍ സ്വകാര്യ ഭൂമി റിപ്പോര്‍ട്ടിന്റെ പരിധിയില്‍ വരില്ല. നവംബര്‍ 13ലെ ഉത്തരവ് നിലനില്‍ക്കുമെങ്കിലും കേരളത്തെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

ജനവാസമേഖല, കൃഷി സ്ഥലങ്ങള്‍, തോട്ടംമേഖല തുടങ്ങിയ പരിസ്ഥിതി മേഖലകളില്‍ നിന്ന് ഒഴിവാക്കിയ മേഖലകള്‍ക്ക് 13ലെ ഉത്തരവ് ബാധകമല്ല. വനം, കുളങ്ങള്‍, പുല്‍പ്രദേശങ്ങള്‍ എന്നീ മേഖലകള്‍ക്ക് മാത്രമാണ് ഉത്തരവ് ബാധകമാകുക. തെറ്റായ വാര്‍ത്തകള്‍ നല്‍കി മാധ്യമങ്ങള്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

അതേസമയം ജനങ്ങളെ കബളിപ്പിച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ആര്‍ജ്ജവമുള്ള നേതാവെങ്കില്‍ കെ.എം മാണി യു.ഡി.എഫിനുള്ള പിന്തുണ പിന്‍വലിക്കണമെന്നും കോടിയേരി പറഞ്ഞു.