കശ്മീരിന്റെ പ്രത്യേക പദവി; ഇപ്പോഴും തുടരുന്ന വ്യാജ പ്രചരണങ്ങളും സത്യാവസ്ഥയും
Fact Check
കശ്മീരിന്റെ പ്രത്യേക പദവി; ഇപ്പോഴും തുടരുന്ന വ്യാജ പ്രചരണങ്ങളും സത്യാവസ്ഥയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th August 2020, 5:38 pm

2019 ആഗ്‌സ്ത് അഞ്ചിന് കശ്മീരിന്റെ പ്രത്യേക ഭരണഘടന പദവി റദ്ദ് ചെയ്തതിനും രണ്ട് കേന്ദ്ര ഭരണപ്രദേശമായി സംസ്ഥാനത്തെ വിഭജിച്ചതിനും പിന്നാലെ നിരവധി തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കപ്പെട്ടു. കശ്മീരില്‍ നിന്നും 370 എടുത്ത് കളഞ്ഞ് 365 ദിവസങ്ങള്‍ പിന്നിടുമ്പോഴും പലയിടത്തായി ഈ നുണപ്രചരണങ്ങള്‍ ഇപ്പോഴും ആവര്‍ത്തിക്കപ്പെടുകയാണ്. ഇതിന്റെ വസ്തുതകള്‍ എന്താണെന്ന് പരിശോധിക്കാം.

അംബേദ്കര്‍ ഭരണഘടനയുടെ 370 അനുച്ഛേദത്തിന് എതിര്‍ത്തോ?

പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മായാവതി തുടങ്ങി ഉന്നതരാഷ്ട്രീയ പദവിയില്‍ ഇരിക്കുന്നവരടക്കം പ്രചരിപ്പിച്ചതാണ് അംബേദ്കര്‍ ഭരണഘടനയുടെ 370ാം അനുച്ഛേദത്തെ എതിര്‍ത്തുവെന്നത്. സമൂഹമാധ്യമങ്ങളിലും മുഖ്യാധാര മാധ്യമങ്ങളിലുമടക്കം ഈ പ്രചരണം നടന്നു. എന്നാല്‍ അംബേദ്കറിന്റെ ലഭ്യമായ പ്രസംഗങ്ങളില്‍ നിന്നും വിദേശകാര്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ പാര്‍ലമെന്റ് ഡിബേറ്റുമായി ബന്ധപ്പെട്ട രേഖകളില്‍ നിന്നും കശ്മീര്‍ വിഷയത്തില്‍ അംബേദ്കര്‍ യഥാര്‍ത്ഥത്തില്‍ ഒരു ഹിത പരിശോധനയാണ് ആവശ്യപ്പെട്ടത് എന്നത് വ്യക്തമാണ്. അതായത് പ്രധാനമന്ത്രിയടക്കം നടത്തിയ വാദത്തെ സാധൂകരിക്കുന്ന ഒന്നും സര്‍ക്കാര്‍ രേഖകളിലോ ഔദ്യോഗിക റെക്കോര്‍ഡുകളിലോ ഇല്ല.

സര്‍ദാര്‍ പട്ടേല്‍ ഭരണഘടനയുടെ 370ാം അനുച്ഛേദത്തെ എതിര്‍ത്തോ?

സര്‍ദാര്‍ പട്ടേലിന് കശ്മീരിന്റെ പ്രത്യേക ഭരണഘടന പദവിയില്‍ എതിര്‍പ്പുണ്ടായിരുന്നു എന്ന തരത്തില്‍ പ്രചരണങ്ങള്‍ നടത്തിയത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ്. ജവഹര്‍ലാല്‍ നെഹ്‌റുവിന് പകരം സര്‍ദേര്‍ പാട്ടേലായിരുന്നു കശ്മീര്‍ വിഷയം കൈകാര്യം ചെയ്യേണ്ടിയിരുന്നത് എന്ന് അമിത് ഷാ പറഞ്ഞിരുന്നു. എന്നാല്‍ ചരിത്രപരമായ തെളിവുകള്‍ പറയുന്നത് നെഹ്‌റുവും പട്ടേലും ഒരുമിച്ചാണ് കശ്മീര്‍ പ്രശ്‌നം കൈകാര്യം ചെയ്തത് എന്നതാണ്. ഷെയ്ഖ് അബ്ദുള്ളയുമായി കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ച നടത്തുമ്പോള്‍ പട്ടേലും പങ്കെടുത്തിരുന്നുവെന്നാണ് ചരിത്രകാരനായ എ.ജി നൂറാനി പറയുന്നത്. നെഹ്‌റുവിന്റെ താത്പര്യം മാത്രമാണ് കശ്മീര്‍ വിഷയത്തില്‍ നടന്നത് എന്ന തരത്തിലുള്ള വാദങ്ങള്‍ തെറ്റാണെന്നാണ് അശോക സര്‍വ്വകലാശാലയിലെ ചരിത്രവിഭാഗം അധ്യാപകനായ ശ്രീനാഥ് രാഘവനും പറയുന്നത്. ഇത് വ്യക്തമാക്കുന്ന നിരവധി തെളിവുകളുമുണ്ടെന്ന് അദ്ദേഹം പറയുന്നു.

ആര്‍ട്ടിക്കിള്‍ 35 എ

ജമ്മു കശ്മീര്‍ സംസ്ഥാനത്തുള്ള സ്ഥിര താമസക്കാരെ നിര്‍വചിക്കാനും ആ സ്ഥിരതാമസക്കാര്‍ക്ക് പ്രത്യേക അവകാശങ്ങളും പദവികളും നല്‍കാനും ജമ്മു കശ്മീര്‍ നിയമസഭയെ അധികാരപ്പെടുത്തുന്ന ഇന്ത്യന്‍ ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദമായിരുന്നു 35എ. റിപ്പബ്ലിക്ക് ടി.വിയുടെ മാനേജിങ്ങ് ഡയറക്ടര്‍ അര്‍ണബ് ഗോസാമി നടത്തിയ ഒരു ചര്‍ച്ചയുടെ വിഷയം കശ്മീരി ജനതയുടെ സ്വത്വത്തിനും സ്വത്തിനും പരിരക്ഷ നല്‍കുന്ന ആര്‍ട്ടിക്കില്‍ 35 എ താത്്ക്കാലികം മാത്രമായിരുന്നു എന്നായിരുന്നു. എന്നാല്‍ ഇത് താത്ക്കാലികമായ ആര്‍ട്ടിക്കിള്‍ അല്ല. 1954ലാണ് രാഷ്ട്രപതിയുടെ പ്രത്യേക ഉത്തരവ് പ്രകാരം ഭരണഘടനയുടെ 370 എന്ന വകുപ്പിനു കീഴില്‍ ആര്‍ട്ടിക്കിള്‍ 35 എ വരുന്നത്. ഇത് ഒരിക്കലും താത്കാലികമായിരുന്നില്ല. അതേസമയം 370 അനുച്ഛേദം ആദ്യഘട്ടത്തില്‍ താത്ക്കാലികമായിരുന്നെങ്കിലും പിന്നീട് ഇതിനെ ജമ്മു കശ്മീര്‍ ഹൈക്കോടതി ഭരണഘടനയുടെ സ്ഥിര ഭാഗമാക്കുകയായിരുന്നു.

രാഷ്ട്രീയ നേതൃത്വവുമായി ബന്ധപ്പെട്ടു നിരവധി പ്രചരണങ്ങള്‍ ക്ശ്മീര്‍ വിഭജന സമയത്ത് നടന്നിരുന്നു. ഇതില്‍ ഒട്ടേറെ ചര്‍ച്ചചെയ്യപ്പെട്ട ഒന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവുമായി ബന്ധപ്പെട്ടായിരുന്നു. അഖിലേഷ് യാദവ് 2019 ആഗസ്തില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട പ്രതിഷേധിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്തു എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ അഖിലേഷ് യാദവിന്റേത് എന്ന പറഞ്ഞ് പ്രചരിച്ച ചിത്രങ്ങള്‍ യഥാര്‍ത്ഥത്തില്‍ 2011ല്‍ മായാവതി സര്‍ക്കാരിനെ സമാജ് വാദി പാര്‍ട്ടി നടത്തിയ പ്രതിഷേധത്തില്‍ നിന്നുള്ളതായിരുന്നു.

കശ്മീര്‍ വിഭജനം നടന്ന സമയത്ത് പ്രചരിച്ച ചില തെറ്റായ വാര്‍ത്തകളാണിത്. ഇത്തരത്തില്‍ നിരവധി വാര്‍ത്തകള്‍ ആ സമയങ്ങളില്‍ പുറത്ത് വരികയും ചെയ്തിരുന്നു. കശ്മീര്‍ വിഭജനത്തിന് ഒരു വര്‍ഷമാകുമ്പോഴും സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചരണങ്ങളുടെ സത്യാവസ്ഥ ഇതാണ്.