Film News
ദില്ലി വിൽ ബീ ബാക്ക്, റോളക്സ് വരുമോയെന്ന് കാത്തിരിക്കാം: കാർത്തി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Nov 06, 04:37 am
Monday, 6th November 2023, 10:07 am

നടൻ കാർത്തിയുടെ കരിയറിലെ തന്നെ വലിയ ആരാധകരുള്ള കഥാപാത്രമാണ് കൈതി എന്ന ചിത്രത്തിലെ ദില്ലി. ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രം ബോക്സ്‌ ഓഫീസിൽ വലിയ ചലനം സൃഷ്ടിച്ചിരുന്നു.

കൈതിയിലെ ദില്ലി ഇനി എന്നാണ് പ്രേക്ഷകർക്ക്‌ മുന്നിൽ എത്തുകയെന്നാണ് ആരാധകർ ചോദിക്കുന്നത്. എന്നാൽ ദില്ലി ഉടനെ പ്രേക്ഷകർക്ക് മുന്നിൽ എത്തുമെന്നും പ്രേക്ഷകരെ പോലെ താനും കാത്തിരിക്കുകയാണെന്നും കാർത്തി പറഞ്ഞു.

ജപ്പാൻ എന്ന പുതിയ ചിത്രത്തിന്റെ ഭാഗമായി കേരളത്തിൽ എത്തിയപ്പോൾ ആരാധകരോട് സംസാരിക്കുകയായിരുന്നു താരം. ജപ്പാൻ സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കുമ്പോഴാണ് കൈതിയെ കുറിച്ചുള്ള ആരാധകരുടെ ചോദ്യത്തിന് താരം ഉത്തരം പറഞ്ഞത്.

‘കൈതിയുടെ രണ്ടാഭാഗം തീർച്ചയായും വരും. ദില്ലി വിൽ ബി ബാക്ക്. ദില്ലി തീർച്ചയായും തിരിച്ചുവരും. കൈതി 2 വിൽ റോളക്സ് വരുമോ എന്നെനിക്കറിയില്ല. ലോകേഷിനോട്‌ ചോദിക്കണമത്. ഞാൻ ലോകേഷിനോട് ചോദിച്ചിട്ട് അത് പറയാം.

റോളക്സ് വരുമോ ഇല്ലയോ എന്ന് ലോകേഷിനേ ഉറപ്പ് പറയാൻ കഴിയുള്ളു. ചിത്രത്തിന്റെ ഷൂട്ട്‌ അടുത്ത വർഷം എന്തായാലും തുടങ്ങും. പ്രേക്ഷകരെ പോലെ ഞാനും കാത്തിരിക്കുകയാണ്,’കാർത്തി പറയുന്നു.

 

പുതിയ ചിത്രം ജപ്പാനെ കുറിച്ചും താരം കൂട്ടിച്ചേർത്തു.

‘ജപ്പാൻ എന്റെ കരിയറിലെ ഇരുപത്തിയഞ്ചാമത്തെ പടമാണ്. അതുകൊണ്ട് തന്നെ ഈ സിനിമ എനിക്ക് വളരെ സ്പെഷ്യലാണ്.

ജപ്പാനിലെ കഥാപാത്രവും ഒരു നൊട്ടോറിയസ് ക്രിമിനലാണ്. സാധാരണയായി പ്രേക്ഷകർക്ക്‌ ഗ്രേ ഷേഡ് ക്യാരക്ടറുകളാണ് ഇഷ്ടം. എന്നാൽ ജപ്പാനിലെ കഥാപാത്രം എക്സ്ട്രീമിലി ബ്ലാക്ക് കഥാപാത്രമാണ്. ഒരു ബാഡ് ക്രിമിനലാണ്. ഒരു കോമഡി ത്രില്ലറാണ് ജപ്പാൻ.

രാജ് മുരുകൻ സാറിന്റെ ജോക്കർ എന്ന ചിത്രം പോലെയാണ് ജപ്പാനും. അദ്ദേഹം എന്നോട് ഈ സിനിമയുടെ കഥ പറഞ്ഞപ്പോൾ ഞാൻ പറഞ്ഞത് കാർത്തിക്ക് ഈ വേഷം ചെയ്യാൻ പറ്റില്ല എന്നാണ്. കാർത്തിക്ക്‌ ജപ്പാൻ ചെയ്യാൻ കഴിയില്ല അതുകൊണ്ട് ഈ സിനിമയിൽ ഫുൾ ഗെറ്റപ്പും സൗണ്ടുമെല്ലാം മാറ്റിയാണ് വരുന്നത്.

രാജ് കുമാറിന്റെ സംവിധാനത്തിൽ എത്തുന്ന ജപ്പാനിൽ വ്യത്യസ്ത ഗെറ്റപ്പിലാണ് കാർത്തി എത്തുന്നത്. അനു ഇമ്മാനുവലാണ് നായിക. തെലുങ്ക് നടൻ സുനിലും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ദീപാവലി റിലീസായി ചിത്രം പ്രദർശനത്തിന് എത്തും.

Content Highlight: Karthi Talk About Kaithi 2 And Rolex