Advertisement
national news
കര്‍ണാടകയിലെ ആദ്യ മുസ്‌ലിം സ്പീക്കര്‍: യു. ടി. ഖാദര്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 May 23, 03:51 am
Tuesday, 23rd May 2023, 9:21 am

ബെംഗളൂരു: മുന്‍ മന്ത്രി യു.ടി. ഖാദര്‍ കോണ്‍ഗ്രസിന്റെ കര്‍ണാടക നിയമസഭാ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. കഴിഞ്ഞ ദിവസം തന്നെ യു.ടി. ഖാദറിനെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്ത റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും നാമനിര്‍ദേശപത്രിക പിന്തുണക്കുമെന്ന് മിന്റ് റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ ആര്‍.വി. ദേശ്പാണ്ഡെ, ടി.ബി. ജയചന്ദ്ര, എച്ച്. കെ.പട്ടീല്‍ എന്നിവരുടെ പേരുകളും സപീക്കര്‍ സ്ഥാനത്തേക്ക് ഉയര്‍ന്ന് വന്നിരുന്നു.

സ്പീക്കര്‍ സ്ഥാനവുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ കോണ്‍ഗ്രസ് ചുമതലയുള്ള രണ്‍ദീപ് സിങ് സുര്‍ജേവാല, ദേശീയ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവര്‍ യു.ടി. ഖാദറുമായി ചര്‍ച്ച നടത്തിയതായി കര്‍ണാടകയിലെ പ്രാദേശിക മാധ്യമമായ വാര്‍ത്താ ഭാരതി റിപ്പോര്‍ട്ട് ചെയ്തു.

യു.ടി. ഖാദറിനെ സ്പീക്കറാക്കുന്നതിലൂടെ ന്യൂനപക്ഷത്തിന്റെ പ്രാതിനിധ്യം കൂടിയാണ് കോണ്‍ഗ്രസ് ഉറപ്പ് വരുത്തുന്നത്. തെരഞ്ഞെടുക്കപ്പെട്ടാല്‍ കര്‍ണാടക നിയമസഭാ ചരിത്രത്തിലെ മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള ആദ്യ സ്പീക്കറായിരിക്കും യു.ടി. ഖാദര്‍.

അതേസമയം, രണ്ട് വര്‍ഷത്തിന് ശേഷം നടക്കാനിരിക്കുന്ന മന്ത്രിസഭാ പുനസംഘടനയില്‍ ഖാദറിന് മന്ത്രിസ്ഥാനം നല്‍കിയേക്കാമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

മംഗളൂരു മണ്ഡലത്തില്‍ നിന്നാണ് യു.ടി ഖാദര്‍ എം.എല്‍.എയായി വിജയിച്ചത്. 40,361 വോട്ടുകള്‍ നേടിയ ഖാദറിന്റെ ഭൂരിപക്ഷം 17,745 ആണ്. അഞ്ചാം തവണയാണ് അദ്ദേഹം എം.എല്‍.എയായി വിജയിക്കുന്നത്.

content highlight: Karnataka’s First Muslim Speaker: U. T. Khader will submit nomination papers today