ബി.ജെ.പി നേതാവിന്റെ ആത്മഹത്യ: കര്‍ണാടക മന്ത്രി ഈശ്വരപ്പയ്‌ക്കെതിരെ കേസ്
national news
ബി.ജെ.പി നേതാവിന്റെ ആത്മഹത്യ: കര്‍ണാടക മന്ത്രി ഈശ്വരപ്പയ്‌ക്കെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th April 2022, 11:54 am

ബെംഗളൂരു: ബി.ജെ.പി നേതാവും കോണ്‍ട്രാക്ടറുമായ സന്തോഷ് പാട്ടീല്‍ ആത്മഹത്യ ചെയ്ത കേസില്‍ കര്‍ണാടക മന്ത്രി കെ.എസ്.ഈശ്വരപ്പയ്ക്കും സഹായികളായ ബസവരാജ്, രമേഷ് എന്നിവര്‍ക്കുമെതിരെ കേസെടുത്തു. കേസുമായി ബന്ധപ്പെട്ട് മന്ത്രിക്കെതിരെ എഫ്.ഐ.ആറും ഫയല്‍ ചെയ്തിട്ടുണ്ട്. തൊട്ടുപിന്നാലെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മ ഈശ്വരപ്പയെ വിളിപ്പിച്ചിട്ടുണ്ട്.

സംഭവത്തില്‍ എല്ലാ വിവരങ്ങളും ശേഖരിക്കുമെന്നും ഈശ്വരപ്പയെ വിളിക്കുമെന്നും ബൊമ്മ പറഞ്ഞു. ഈശ്വരപ്പയ്‌ക്കെതിരെ എഫ്.ഐ.ആര്‍ എടുത്തതായും ബൊമ്മ പറഞ്ഞു. ചൊവ്വാഴ്ചയാണ് സന്തോഷ് പാട്ടീലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കര്‍ണാടകയിലെ ഗ്രാമ വികസന മന്ത്രി ഈശ്വരപ്പയ്ക്ക് എതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ഇദ്ദേഹത്തിന്റെ മരണം. ഈശ്വരപ്പയ്ക്ക് എതിരെ പ്രധാനമന്ത്രിക്ക് ഉള്‍പ്പെടെ സന്തോഷ് പരാതി നല്‍കിയിരുന്നു.

തിങ്കളാഴ്ച രാത്രിയാണ് സന്തോഷ് പാട്ടീല്‍ ഉഡുപ്പിയിലെ ലോഡ്ജില്‍ മുറിയെടുത്തത്. അദ്ദേഹത്തിന് ഒപ്പം രണ്ട് സുഹൃത്തുക്കളും ഉണ്ടായിരുന്നു. രണ്ട് മുറികള്‍ എടുത്ത സംഘം ഒരു മുറിയില്‍ സന്തോഷും മറ്റൊരു മുറിയില്‍ മറ്റുള്ളവരും തങ്ങുകയായിരുന്നു. ചൊവ്വാഴ്ചയാണ് സന്തോഷ് പാട്ടീലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിഷം അകത്ത് ചെന്നതാണ് മരണത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. ഏപ്രില്‍ 11ന് സന്തോഷ് സുഹൃത്തുക്കള്‍ക്ക് അയച്ച സന്ദേശത്തില്‍ ജീവനൊടുക്കാന്‍ തീരുമാനിച്ചതായി പരാമര്‍ശിച്ചിരുന്നതായും തന്റെ മരണത്തിന് കാരണം ഈശ്വരപ്പയ്ക്ക് ആണെന്നും സൂചിപ്പിച്ചിരുന്നു.

 

Content Highlights: Karnataka minister Eshwarappa booked in contractor’s suicide case, summoned by CM Bommai