ബെംഗളുരുവിനെ അഞ്ച് സോണുകളായി വിഭജിക്കാനുള്ള ബില്ലിന് മന്ത്രിസഭാ അംഗീകാരം
national news
ബെംഗളുരുവിനെ അഞ്ച് സോണുകളായി വിഭജിക്കാനുള്ള ബില്ലിന് മന്ത്രിസഭാ അംഗീകാരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd July 2024, 9:36 am

ബെംഗളുരു: കര്‍ണാടകയുടെ തലസ്ഥാന നഗരത്തെ അഞ്ച് സോണുകളായി വിഭജിക്കാനുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. നാഗരിക ഭരണം പുനഃക്രമീകരിക്കാന്‍ ലക്ഷ്യമിടുന്ന ഗ്രേറ്റര്‍ ബെംഗളുരു ഗവേണന്‍സ് ബില്‍ ചൊവ്വാഴ്ച ആരംഭിക്കുന്ന മണ്‍സൂണ്‍ സമ്മേളനത്തില്‍ നിയമസഭയില്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യ ടുഡേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗ്രേറ്റര്‍ ബെംഗളുരു അതോറിറ്റി (ജി.ബി.എ) എന്ന പേരില്‍ ഒരു പുതിയ ബോഡി രൂപീകരിക്കാന്‍ കരട് ബില്‍ നിര്‍ദേശിക്കുന്നുണ്ട്. ഈ ബോഡിക്ക് വിപുലമായ ആസൂത്രണവും സാമ്പത്തിക അധികാരവും ഉണ്ടായിരിക്കും. ജി.ബി.എയ്ക്ക് കീഴില്‍ അഞ്ച് സോണുകള്‍ സൃഷ്ടിക്കുവാനാണ് ബില്ലില്‍ വിശദീകരിക്കുന്നത്.

ത്രിതല ഘടനയാല്‍ നിയന്ത്രിക്കപ്പെടുന്ന സോണുകളാണ് അവയെല്ലാം. മുഖ്യമന്ത്രി, മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍, വാര്‍ഡ് കമ്മിറ്റികള്‍ എന്നിവരാണ് ത്രിതല ഘടനയില്‍ ഉണ്ടാവുകയെന്നും കരട് ബില്ലില്‍ പറയുന്നുണ്ട്. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കാലത്ത് ബെംഗളുരു സിവില്‍ ബോഡിയെ മൂന്നായി വിഭജിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഈ നിര്‍ദേശത്തിന് നിയമസഭയില്‍ അംഗീകാരം ലഭിച്ചെങ്കിലും ഒടുവില്‍ കൗണ്‍സിലില്‍ പരാജയപ്പെടുകയായിരുന്നു. 2019-ല്‍ ബി.ജെ.പി ഈ ബില്ലിന്മേല്‍ വ്യത്യസ്തമായ ഒരു സമീപനമാണ് സ്വീകരിച്ചത്. ഒരൊറ്റ കോര്‍പ്പറേഷന്റെ കീഴില്‍ ഉദ്യോഗസ്ഥ വികേന്ദ്രീകരണം പിന്തുടരാനാണ് ബി.ജെ.പി നിര്‍ദേശിച്ചത്.

കഴിഞ്ഞ നാല് വര്‍ഷമായി ബെംഗളുരുവില്‍ സിവില്‍ തെരഞ്ഞെടുപ്പ് നടക്കാത്തതിരിക്കുകയാണ്. നഗരത്തിന്റെ ഭരണ ഘടനയെക്കുറിച്ച് നിലവിലുള്ള ആശങ്കകളും തര്‍ക്കങ്ങളും പ്രതിഫലിപ്പിക്കുന്ന നിരവധി ഹരജികള്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കെട്ടിക്കിടക്കുന്നതിന് ഇത് കാരണമായി.

Content Highlight: Karnataka Cabinet approves proposal to divide Bengaluru into five zones