ഹിന്ദുത്വ പ്രവര്‍ത്തകര്‍ ഭീഷണിമുഴക്കി നാടു നീളെ നടന്ന് രാമക്ഷേത്രത്തിന് പണം പിരിക്കുന്നു; എന്റെ വീട്ടിലും വന്നു; യെദിയൂരപ്പയെ നിര്‍ത്തിപ്പൊരിച്ച് കുമാരസാമിയും സിദ്ധരാമയ്യയും
ബെംഗളൂരു: ഹിന്ദുത്വ ഗ്രൂപ്പുകളുടെ പേരില്‍ വി.എച്ച്.പി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഒരു സംഘം ആളുകള്‍ കര്‍ണാടകയില്‍ വീടുകയറി രാമക്ഷേത്രത്തിന് വേണ്ടി പിരിവു നടത്തുന്നത് ചര്‍ച്ചയാക്കി കര്‍ണാടക മുന്‍ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യയും എച്ച്.ഡി കുമാരസാമിയും.
ഭീഷണിപ്പെടുത്തി പിരിവു നടത്തുന്ന ഹിന്ദുത്വ സംഘടനകളുടെ പ്രവര്‍ത്തനത്തിനെതിരെ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പയോടാണ് സിദ്ധരാമയ്യയും, കുമാരസാമിയും ചോദ്യങ്ങള്‍ ഉയര്‍ത്തിയത്.
ആരാണെന്നോ എന്താണെന്നോ അറിയാത്ത കുറേപേര്‍ നാടുമുഴുക്കെ നടന്ന് വീട്ടില്‍ വന്ന് വാതില്‍ തട്ടി പൈസ പിരിച്ച് പോകുകയാണെന്നാണ് ഇരുവരും പറഞ്ഞത്.
നേരിടേണ്ടി വന്ന ദുരനുഭവം തുറന്നു പറഞ്ഞായിരുന്നു കുമാരസാമി വിമര്‍ശനവുമായി മുന്നോട്ട് വന്നത്.
” ഒരു കൂട്ടം ആളുകള്‍ എന്റെ വീട്ടിലെത്തി പൈസ വേണമെന്ന് പറഞ്ഞു. ഭീഷണിപ്പെടുത്തുന്ന രീതിയിലായിരുന്നു സംസാരം. അവര്‍ ആരാണെന്നോ എന്താണെന്നോ അറിയാന്‍ ഒരു തിരിച്ചറിയല്‍ രേഖപോലുമില്ലായിരുന്നു,” കുമാരസാമി പറഞ്ഞു.
അതേസമയം രാമക്ഷേത്രത്തിന് സംഭാവന നല്‍കാന്‍ ആരെയും നിര്‍ബന്ധിക്കുന്നില്ലെന്നും പ്രതിപക്ഷം ആശയകുഴപ്പം ഉണ്ടാക്കാന്‍ ശ്രമിക്കേണ്ടെന്നും ബി.എസ് യെദിയൂരപ്പ പറഞ്ഞു.
നാസി മാതൃകയില്‍ സംഭാവന നല്‍കിയവരെയും നല്‍കാത്തവരേയും ചാപ്പകുത്തുന്ന രീതിക്കെതിരെയും ജെ.ഡി.എസ് നേരത്തെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.
രാമക്ഷേത്രത്തിന് സംഭാവന പിരിക്കുന്നവര്‍ പണം നല്‍കിയവരുടെ വീടുകളും നല്‍കാത്തവരുട വീടുകളും പ്രത്യേകം രേഖപ്പെടുത്തി വെക്കുന്നുണ്ടെന്നാണ് മനസിലാകുന്നത്. ഇത് ഹിറ്റ്ലറിന്റെ ഭരണകാലത്ത് ജര്‍മ്മനിയില്‍ നാസികള്‍ ചെയ്തതിന് തുല്യമാണെന്നായിരുന്നു കുമാരസാമി പറഞ്ഞത്.
നാസികളുടെ നയങ്ങള്‍ ആര്‍.എസ്.എസ് രാജ്യത്ത് നടപ്പിലാക്കാന്‍ തുടങ്ങിയാല്‍ എന്തു സംഭവിക്കുമെന്ന ആശങ്കയുണ്ട്. പൗരന്മാരുടെ മൗലീകാവകാശം പിടിച്ചു പറിക്കുകയാണ് നമ്മുടെ രാജ്യത്തിന്ന്.സ്വതന്ത്രമായി ആളുകള്‍ക്ക് അഭിപ്രായം പറയാന്‍ പോലും സാധിക്കാത്ത ഈ രാജ്യത്തിന്ന് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും കുമാരസാമി നേരത്തെ പറഞ്ഞിരുന്നു.