കരിക്കിന് ഇതെന്ത് പറ്റി! കഴിഞ്ഞ ഏതാനും നാളുകളായി സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്ന പ്രധാന ചോദ്യങ്ങളില്‍ ഒന്നായിരുന്നു ഇത്. എന്നാല്‍ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് പുതിയ വീഡിയോയുമായി കരിക്ക് ടീം എത്തി.
കിടുക്കാച്ചി എന്ന് പേരിട്ടിരിക്കുന്ന വീഡിയോ രണ്ട് പാര്‍ട്ടായിട്ടാണ് ഇറങ്ങുന്നത്. അര്‍ജുന്‍ രത്തന്‍ ആണ് കിടുക്കാച്ചി സംവിധാനം ചെയ്തിരിക്കുന്നത്. ജീവന്‍ ആണ് അസോസിയേറ്റ് ഡയറക്ടര്‍.
ഉച്ചയ്ക്ക് 12 മണിക്ക് റിലീസ് ചെയ്യാനിരുന്ന വീഡിയോ സാങ്കേതിക കാരണങ്ങള്‍ കൊണ്ട് അഞ്ച് മണിയിലേക്ക് ആവുകയായിരുന്നു. നാല് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു കരിക്ക് അവസാനമായി വീഡിയോ പുറത്തുവിട്ടത്.
കൃഷ്ണചന്ദ്രന്‍, ശബരീഷ് സജ്ജിന്‍, ആനന്ദ് മാത്യൂസ്, രാഹുല്‍ രാജഗോപാല്‍, വിന്‍സി സോണി അലോഷ്യസ്, ജീവന്‍ സ്റ്റീഫന്‍, മിതുന്‍ എം. ദാസ്, കിരണ്‍ വിയ്യത്ത്, ബിനോയ് ജോണ്‍, ഉണ്ണി മാത്യൂസ്, റിജു രാജീവ്, ഹരി കെ സി, സിറാജുദ്ധീന്‍ എ, നന്ദിനി ഗോപാലകൃഷ്ണന്‍, അര്‍ജുന്‍ രത്തന്‍, അനു കെ. അനിയന്‍, വിഷ്ണു വി, അമല്‍ അമ്പിളി, വിവേക് വി. ബാബു, അരൂപ് ശിവദാസ്, ഹരികൃഷ്ണ തുടങ്ങി കരിക്കിലെ പ്രധാന താരങ്ങളും സിനിമാ താരങ്ങളും പുതിയ വീഡിയോയില്‍ അഭിനയിച്ചിട്ടുണ്ട്.
2016 അഗസ്റ്റിലാണ് കരിക്ക് എന്ന യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നത്. മലയാളികള്‍ അന്നേവരെ കാണാതെ രീതിയിലുള്ള തമാശ വീഡിയോകള്‍ ആണ് കരിക്കിനെ ജനപ്രിയമാക്കിയത്. ‘തേര പാര’ എന്ന മിനി വെബ്സീരീസ് വഴി കരിക്കും അതിലെ അഭിനേതാക്കളും നേടിയ ജനപ്രീതി വളരെ വലുതാണ്. നിഖില്‍ പ്രസാദാണ് കരിക്കിന്റെ അമരക്കാരന്‍. നിലവില്‍ കരിക്കിന് യൂട്യൂബില്‍ 75 ലക്ഷത്തോളം സബ്സ്‌ക്രൈബേഴ്സ് ആണ് ഉള്ളത്.