തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളി മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ്. താന്‍ ആം ആദ്മി പാര്‍ട്ടിയില്‍ അംഗമാകുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും കപില്‍ പറഞ്ഞു.
ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ സീറ്റുകള്‍ ഒന്നിലേക്ക് കപില്‍ ദേവ് എത്തുമെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നായിരുന്നു കപിലിന്റെ വിശദീകരണം.
‘ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് ചില വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇത് പൂര്‍ണമായും തെറ്റാണ്. ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നില്ല.
ഒരു രാഷ്ട്രീയപാര്‍ട്ടിയുമായും തനിക്ക് ബന്ധമില്ല. വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നതില്‍ ഏറെ നിരാശയുണ്ട്. ജീവിതത്തില്‍ അങ്ങനെയൊരു തീരുമാനമെടുക്കുമെങ്കില്‍ അത് പൊതുമധ്യത്തില്‍ വ്യക്തമാക്കും,’ കപില്‍ ദേവ് പറഞ്ഞു.
നേരത്തെ, കെജ്‌രിവാള്‍ കപില്‍ ദേവിനെ കാണാന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു. ഈ കൂടിക്കാഴ്ചയുടെ ചിത്രവും വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കപില്‍ ദേവ് ആം ആദ്മിയില്‍ ചേരുന്നു എന്ന വാര്‍ത്തകള്‍ പ്രചരിച്ചത്.
അതേസമയം, രാജ്യസഭാ സീറ്റിലേക്ക് ബി.ജെ.പി കപിലിനെ പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
2009ലും രാഷ്ട്രീയ പാര്‍ട്ടികളില്‍ ചേരാന്‍ കപില്‍ ദേവിന് ക്ഷണമുണ്ടായിരുന്നു. അന്നും കപില്‍ ദേവ് രാഷ്ട്രീയത്തിലേക്കില്ലെന്ന നിലപാടായിരുന്നു സ്വീകരിച്ചത്.
നേരത്തെ, മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം എ.എ.പി ടിക്കറ്റില്‍ രാജ്യസഭയിലേക്കെത്തുകയും ചെയ്തിരുന്നു.
എതിരില്ലാതെയായിരുന്നു ഹര്‍ഭജന്റെ വിജയം.
മാര്‍ച്ച് 31ന് നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഹര്‍ഭജന്‍ സിംഗ്, ആം ആദ്മി നേതാവ് രാഘവ് ഛദ്ദ, ലൗലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയുടെ സ്ഥാപകനായ അശോക് മിത്തല്‍, ഐ.ഐ.ടി ദല്‍ഹി പ്രൊഫസറായ സന്ദീപ് പഥക്, വ്യവസായ സഞ്ജീവ് അറോറ എന്നിവരെയായിരുന്നു ആം ആദ്മി പാര്‍ട്ടി നോമിനേറ്റ് ചെയ്തത്. എല്ലാവരും എതിരില്ലാതെയായിരുന്നു രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.