പൗരത്വ ഭേദഗതി നിയമം; കാണ്‍പൂര്‍ സംഘര്‍ഷങ്ങളില്‍ മലയാളികളുണ്ടെന്ന് യു.പി പൊലീസ് ; കേരളത്തില്‍ പോസ്റ്ററുകള്‍ പതിപ്പിക്കും
ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങളില്‍ ഉത്തര്‍പ്രദേശില്‍ നടന്ന സംഘര്‍ഷങ്ങളില്‍ മലയാളികള്‍ക്കും പങ്കുണ്ടെന്ന് യു.പി പൊലീസ്. സംഘര്‍ഷങ്ങളുടെ ഭാഗമായവരുടെ പോസ്റ്ററുകള്‍ ദല്‍ഹിയിലും യു.പിയുടെ അതിര്‍ത്തി പ്രദേശമായ ഉന്നാവോയിലും ലഖ്‌നൗവിലും പതിപ്പിക്കുന്നതിനൊപ്പം കേരളത്തിലും പതിപ്പിക്കാനാണ് നീക്കം.
ഡിസംബര്‍ 20, 21 തീയതികളിലായി യു.പിയില്‍ നടന്ന സംഘര്‍ഷങ്ങള്‍ അക്രമാസക്തമായിരുന്നു. കേരളത്തില്‍ നിന്നുമുള്ളവര്‍ അക്രമത്തില്‍ പങ്കെടുത്തുവെന്നതിന് ഇന്റലിജന്‍സില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടു ലഭിച്ചിട്ടുണ്ടെന്നാണ് എ.ഡി.ജി പ്രേം പ്രകാശ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കാണ്‍പൂരില്‍ നടന്ന ആക്രമണങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് നേരത്തെ പങ്കുണ്ടെന്ന് യു.പി പൊലീസ് ആരോപിച്ചിരുന്നു.ഇതുമായി ബന്ധപ്പെട്ട് യു.പിയില്‍ വെച്ച് പൊലീസ് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് പ്രതിഷേധത്തില്‍ കുഴപ്പമുണ്ടാക്കിയവരില്‍ മലയാളികള്‍ക്കും പങ്കുണ്ടെന്ന് യു.പി പൊലീസ് പറഞ്ഞത്.
സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാവും പോസ്റ്ററുകള്‍ തയ്യാറാക്കുകയെന്ന് പൊലീസ് പറഞ്ഞു. അക്രമങ്ങളില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു. മൂന്നു പൊലീസുകാരുള്‍പ്പെടെ 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പൊലീസ് 17 എഫ്.ഐ.ആറുകള്‍ ഇടുകയും ഒരുപാടു പേരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.