'ഉറി ആക്രമണത്തില്‍ പാകിസ്ഥാനെ പിന്തുണച്ചയാളാണ് കരണ്‍ ജോഹര്‍; സര്‍ക്കാര്‍ അയാളുടെ പദ്മശ്രീ പുരസ്‌കാരം തിരിച്ചെടുക്കണം': കങ്കണ റണൗത്ത്
Bollywood
'ഉറി ആക്രമണത്തില്‍ പാകിസ്ഥാനെ പിന്തുണച്ചയാളാണ് കരണ്‍ ജോഹര്‍; സര്‍ക്കാര്‍ അയാളുടെ പദ്മശ്രീ പുരസ്‌കാരം തിരിച്ചെടുക്കണം': കങ്കണ റണൗത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 18th August 2020, 3:01 pm

ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറിനെതിരെ പുതിയ വിവാദവുമായി ടീം കങ്കണ റണൗത്ത്. കരണ്‍ ജോഹറിന്റെ പദ്മശ്രീ തിരിച്ചെടുക്കണമെന്നാണ് കങ്കണ ടീമിന്റെ പുതിയ ആവശ്യം. ട്വിറ്ററിലൂടെയാണ് കങ്കണയുടെ ഈ പരാമര്‍ശം.

സുശാന്ത് സിംഗ് രാജ്പുത്തിന്റെ കരിയര്‍ ഇല്ലാതാക്കിയതും, ഉറി ആക്രമണ സമയത്ത് പാകിസ്ഥാനെ പിന്തുണച്ചു നിന്നയാളുമാണ് കരണ്‍ ജോഹര്‍ എന്നാണ് കങ്കണ പറയുന്നത്. ഇന്ത്യന്‍ ജവാന്‍മാരെ അപമാനിക്കുന്ന തരത്തില്‍ ഇദ്ദേഹം ചിത്രം സംവിധാനം ചെയ്തിട്ടുണ്ടെന്നും കങ്കണ പറഞ്ഞു.

‘സംവിധായകന്‍ കരണ്‍ ജോഹറിന്റെ പദ്മശ്രീ പുരസ്‌കാരം തിരിച്ചെടുക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റിനോട് ഞാന്‍ അപേക്ഷിക്കുന്നു. പരസ്യമായി എന്നോട് ചലച്ചിത്ര മേഖല വിട്ടുപോകാന്‍ പറഞ്ഞയാളാണ് കരണ്‍. സുശാന്ത് സിംഗ് രാജ്പുത്തിന്റെ കരിയര്‍ ഇല്ലാതാക്കാന്‍ അയാള്‍ ശ്രമിച്ചു. ഉറി ആക്രമണ സമയത്ത് പാകിസ്ഥാനെ പിന്തുണച്ചയാളാണ് കരണ്‍. ഇപ്പോള്‍ ഇന്ത്യന്‍ ജവാന്‍മാരെ അപമാനിക്കുന്ന ചിത്രം പുറത്തിറക്കിയിരിക്കുന്നു’- ഇതായിരുന്നു ട്വീറ്റ്.

 

മുമ്പ് പദ്മശ്രീ പുരസ്‌കാരം ലഭിച്ച കരണ്‍ ജോഹറിന് അഭിനന്ദനവുമായി കങ്കണ രംഗത്തെത്തിയിരുന്നു.

‘അദ്ദേഹത്തിന് എന്റെ അഭിനന്ദനം. അദ്ദേഹം അത് പൂര്‍ണമായും അര്‍ഹിക്കുന്നു. കരണിന്റെ നിര്‍മിക്കുന്ന സിനിമകള്‍ ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ പിതാവ് ഒരു വലിയ തുടക്കം കരിയറില്‍ നല്‍കിയെങ്കിലും സ്വന്തമായ അധ്വാനവും കഴിവും മൂലമാണ് കരണ്‍ ഇവിടെ വരെ എത്തിയത്,’- എന്നാണ് കങ്കണ പറഞ്ഞത്.

നേരത്തേ നടന്‍ ആമിര്‍ഖാന് നേരെ വിവാദ പരാമര്‍ശവുമായി കങ്കണ രംഗത്തെത്തിയിരുന്നു. ആമിര്‍ഖാന്‍ മുമ്പ് പങ്കു നല്‍കിയ ഒരഭിമുഖമാണ് കങ്കണയുടെ പി.ആര്‍ ടീം ട്വിറ്ററില്‍ പങ്കു വെച്ചത്.

ആമിര്‍ തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് പരാമര്‍ശിച്ച ഈ വീഡിയോയില്‍ തന്റെ ഭാര്യ ഹിന്ദു മതക്കാരിയാണെങ്കിലും മക്കള്‍ ഇസ്‌ലാം മതം മാത്രമാണ് പിന്തുടരുന്നതെന്ന് പറഞ്ഞിരുന്നു.

ഇതിനെതിരെയാണ് കങ്കണയുടെ ട്വിറ്റര്‍ ടീം രംഗത്തെത്തിയിരിക്കുന്നത്. ആമിറിന്റെ മക്കളില്‍ മതപരമായ കൂടിച്ചേരല്‍ നടന്നിട്ടുണ്ടെന്നും അവര്‍ക്ക് അള്ളാഹുവിനോടൊപ്പം ശ്രീകൃഷ്ണന്റെയും പാഠങ്ങള്‍ ആവശ്യമാണെന്നാണ് ട്വീറ്റ്. ഹിന്ദുവിന്റെയും മുസ്‌ലിമിന്റെയും മക്കള്‍ എങ്ങനെ മുസ്‌ലിം മാത്രമാവുമെന്നും ഇതെങ്ങനെ മതേതരത്വം ആവുമെന്നും ട്വീറ്റില്‍ ചോദിക്കുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


CONTENT HIGHLIGHTS: kangana slams karan johar