അക്ഷയ് കുമാര്‍, ഇമ്രാന്‍ ഹാഷ്മി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ സെല്‍ഫി ഫെബ്രുവരി 24നാണ് റിലീസ് ചെയ്തത്. വലിയ പ്രതീക്ഷയോടെ എത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ തണുപ്പന്‍ പ്രതികരണമാണ് നേടിയത്. ഇതിന് പിന്നാലെ ചെയ്യുന്ന പടങ്ങളെല്ലാം തുടര്‍ച്ചയായി പൊട്ടിക്കുന്ന അക്ഷയ് കുമാര്‍ കങ്കണ റണാവത്തിന്റെ മെയ്ല്‍ വേര്‍ഷനാണെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രതികരണമുയര്‍ന്നിരുന്നു. ഇതിനെ പറ്റി ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകളും വന്നിരുന്നു.
വാര്‍ത്തകളോട് പ്രതികരിച്ച് കങ്കണ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ‘കരണ്‍ ജോഹറിന്റെ സെല്‍ഫി ആദ്യദിനം പത്ത് ലക്ഷം മാത്രമാണ് നേടിയത്. മീഡിയ അതിനെ പറ്റി സംസാരിക്കുകയോ എന്നെ അപമാനിച്ചത് പോലെ അദ്ദേഹത്തെ കളിയാക്കുകയോ അധിക്ഷേപിക്കുകയോ ചെയ്തില്ല,’ എന്നാണ് കങ്കണ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സ്റ്റോറിയില്‍ കുറിച്ചത്. സെല്‍ഫിയുടെ നിര്‍മാതാക്കളില്‍ ഒരാളായിരുന്നു കരണ്‍ ജോഹര്‍.
പിന്നാലെ ഇതും മാധ്യമങ്ങള്‍ വാര്‍ത്തയായി നല്‍കിയിരുന്നു. ഈ വാര്‍ത്തകളും പങ്കുവെച്ച് താന്‍ കരണ്‍ ജോഹറിന്റെ സെല്‍ഫി പരാജയപ്പെട്ടതിനെ പറ്റിയാണ് പറഞ്ഞതെന്നും എന്നാല്‍ സിനിമയുടെ പരാജയത്തില്‍ തന്നെയും അക്ഷയ് സാറിനേയുമാണ് ആളുകള്‍ കുറ്റപ്പെടുത്തിയതെന്നും കങ്കണ വീണ്ടും കുറിച്ചു.
റിലീസ് ദിവസത്തെ ആദ്യത്തെ കണക്കുകള്‍ പ്രകാരം സെല്‍ഫി 2 കോടി മുതല്‍ 2.50 കോടി വരെ നേടാം എന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. നേരത്തെ ചിത്രത്തിന്റെ പ്രൊമോഷന്‍ അടക്കം നിരീക്ഷിച്ച് ബിസിനസ് അനലിസ്റ്റുകള്‍ കണക്കുകൂട്ടിയതിനേക്കാള്‍ ഏറെക്കുറവാണ് ഈ സംഖ്യ. പല മള്‍ട്ടിപ്ലെക്‌സുകളിലും ആവശ്യമായ കാണികള്‍ ഇല്ലാത്തതിനാല്‍ ഷോകള്‍ കാന്‍സല്‍ ചെയ്തുവെന്നും റിപ്പോര്‍ട്ടുണ്ട്.
രാജ് മേത്ത സംവിധാനം ചെയ്ത സെല്‍ഫി പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്രകഥാപാത്രങ്ങളായി 2019ല്‍ പുറത്ത് വന്ന മലയാള ചിത്രം ഡ്രൈവിംഗ് ലൈസന്‍സിന്റെ ഹിന്ദി റീമേക്ക് ആണ്.
Content Highlight: kangana ranaut response in the first day collection of selfie movie