' മൂന്നോ നാലോ ഡ്രൈവര്‍മാര്‍ വിചാരിച്ചാല്‍ നടക്കുന്നതല്ല കൊച്ചിയില്‍ നടന്നത് ' ; നടിക്കെതിരായ ആക്രമണത്തിലെ ഗൂഢാലോചന തെളിയിക്കണമെന്നും കാനം
Kerala
' മൂന്നോ നാലോ ഡ്രൈവര്‍മാര്‍ വിചാരിച്ചാല്‍ നടക്കുന്നതല്ല കൊച്ചിയില്‍ നടന്നത് ' ; നടിക്കെതിരായ ആക്രമണത്തിലെ ഗൂഢാലോചന തെളിയിക്കണമെന്നും കാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd February 2017, 12:20 pm

തിരുവനന്തപുരം: കൊച്ചിയില്‍ യുവനടിക്കെതിരായ ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അത് പുറത്തു കൊണ്ടുവരണമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മൂന്നോ നാലോ ഡ്രൈവര്‍മാര്‍ മാത്രം വിചാരിച്ചാല്‍ നടക്കുന്ന കാര്യമല്ല കൊച്ചിയില്‍ നടന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അന്വേഷണം നല്ലരീതിയില്‍ തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും എന്നാല്‍ ആളുകള്‍ ആഗ്രഹിക്കുന്ന രീതിയിലും വേഗത്തിലും മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സിനിമാ സംഘടനകളുടെ അപ്രമാദിത്വം അവസാനിപ്പിക്കണമെന്നും എല്ലാവര്‍ക്കും ജോലി ചെയ്യാനുള്ള സാഹചര്യം സിനിമാ മേഖലയില്‍ ഉണ്ടാകണമെന്നും അേദ്ദഹം അഭിപ്രായപ്പെട്ടു. അവകാശ സംരക്ഷണത്തിനായി നിലവില്‍ വന്ന സംഘടനകള്‍ തന്നെ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും കാനം അഭിപ്രായപ്പെട്ടു.

സിനിമാ സംഘടനകള്‍ മാധ്യമങ്ങളെ ബഹിഷ്‌കരിക്കുമെന്ന് പറയുന്നത് ഉത്തരം മുട്ടുമ്പോഴുള്ള മറുപടിയാണെന്നും അദ്ദേഹം പറഞ്ഞു. അടൂര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ച് സമഗ്രമായ സിനിമാ നയം രൂപീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയ്ക്കായി പൊലീസ് അന്വേഷണം ഇപ്പോഴും തുടരുകയാണ്. കൊയമ്പത്തൂരും പരിസരവും കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം.

അതേസമയം, ആക്രമണം നടത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് ഒരു നടിയാണെന്ന് ആക്രമണത്തിന് ഇരയായ നടിയോട് സുനി പറഞ്ഞതായി അഭിനേത്രിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയിരുന്നു.

ആക്രമണത്തിന് ശേഷം സുനി ആസൂത്രകനുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്ന് പിടിയിലായ പ്രതി മണികണ്ഠന്‍ വെളിപ്പെടുത്തിയിരുന്നു. മണികണ്ഠനില്‍ നിന്നും സുനിയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ തേടുകയാണ് പൊലീസിന്റെ ലക്ഷ്യം.