പാകിസ്ഥാന് വേണ്ടി ഏറ്റവും കൂടുതല്‍ കാലം കളിച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളാണ് കമ്രാന്‍ അക്മല്‍.
ഇന്ത്യക്കെതിരെ കളിച്ചപ്പോള്‍ അപകടകാരിയെന്ന് തോന്നിയ ഇന്ത്യന്‍ ബൗളറുടെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ അക്മല്‍.
മുത്തയ്യ മുരളീധരനെതിരെ കളിച്ചപ്പോള്‍ പോലും അത്ര ബുദ്ധിമുട്ട് തോന്നിയിരുന്നില്ലെന്നും എന്നാല്‍ ഇന്ത്യന്‍ ബൗളര്‍ ഹര്‍ഭജന്‍ സിങ്ങിനെ നേരിടുമ്പോള്‍ പ്രയാസപ്പെട്ടിരുന്നെന്നും കമ്രാന്‍ അക്മല്‍ പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്.
‘ഞാന്‍ നേരിട്ടതില്‍ വെച്ച് ഏറ്റവും അപകടകാരിയെന്ന് തോന്നിയ താരം ഹര്‍ഭജന്‍ സിങ് ആണ്. അദ്ദേഹത്തെ ഫേസ് ചെയ്യാന്‍ എപ്പോഴും ബുദ്ധിമുട്ട് തോന്നിയിരുന്നു. മുത്തയ്യ മുരളീധരനെയും ഞാന്‍ പ്രയാസപ്പെടുത്തിയ ബൗളറെന്ന് പറയുമെങ്കിലും ഏറ്റവും ബുദ്ധിമുട്ടിച്ചത് ഹര്‍ഭജന്‍ സിങ്ങാണ്,’ അദ്ദേഹം പറഞ്ഞു.
പാകിസ്ഥാനെതിരെ മികച്ച റെക്കോഡുള്ള സ്പിന്നറാണ് ഹര്‍ഭജന്‍. ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിന്നര്‍മാരിലൊരാളായ ഹര്‍ഭജന്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനായ ബൗളറാണ്. ടെസ്റ്റില്‍ 417 വിക്കറ്റും ഏകദിനത്തില്‍ 269 വിക്കറ്റും ടി-20യില്‍ 25 വിക്കറ്റും ഹര്‍ഭജന്‍ നേടിയിട്ടുണ്ട്.
2007ലെ ടി-20 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമിലും 2011ലെ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും ഹര്‍ഭജന്‍ ഉള്‍പ്പെട്ടിരുന്നു. 2011ലെ ഏകദിന ലോകകപ്പ് സെമി ഫൈനലില്‍ കമ്രാന്‍ അക്മലിന്റെ സഹോദരന്‍ ഉമ്രാന്‍ അക്മലിനെ പുറത്താക്കിയത് ഹര്‍ഭജനായിരുന്നു.
അതേസമയം, ഏഷ്യ കപ്പ് തര്‍ക്കങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. പാകിസ്ഥാന്‍ ആതിഥേയരാകുന്ന ഏഷ്യാ കപ്പിന് ഇന്ത്യന്‍ ടീം എത്തിയില്ലെങ്കില്‍ ഇന്ത്യയില്‍ വെച്ച് നടക്കുന്ന 2023 ഐ.സി.സി ഏകദിന ലോകകപ്പ് ബഹിഷ്‌കരിക്കാന്‍ പാകിസ്ഥാന്‍ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയെ പോലെ തന്നെ പാകിസ്ഥാനും ക്രിക്കറ്റ് ലോകത്ത് അതേ നിലയും വിലയും ഉള്ളവരാണെന്നും തങ്ങളും ലോകകപ്പ് നേടിയവരാണെന്നും അക്മല്‍ കൂട്ടിച്ചേര്‍ത്തു.
വരാനിരിക്കുന്ന ഏഷ്യാ കപ്പ് പാകിസ്ഥാനില്‍ വെച്ചാണ് നടത്തുന്നതെങ്കില്‍ തങ്ങള്‍ ടീമിനെ അയക്കില്ല എന്ന് ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു.
മത്സരം യു.എ.ഇ പോലുള്ള ഏതെങ്കിലും നിഷ്പക്ഷ രാജ്യത്തെ വേദിയിലേക്ക് മാറ്റണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് കമ്രാന്‍ അക്മല്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുന്നത്.
ഇപ്പോള്‍ നിശ്ചയിച്ച പ്രകാരം സെപ്റ്റംബര്‍ രണ്ടിനാണ് ഏഷ്യാ കപ്പ് ആരംഭിക്കുന്നത്. സെപ്റ്റംബര്‍ 17ന് ഫൈനലും നടക്കും.