മലയാളികള്‍ക്ക് ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് കമല്‍. അസിസ്റ്റന്റ് ഡയറക്ടറായി കരിയറാരംഭിച്ച കമല്‍ 1986ല്‍ പുറത്തിറങ്ങിയ മിഴിനീര്‍പൂക്കള്‍ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്. 38 വര്‍ഷത്തെ കരിയറില്‍ അമ്പതോളം ചിത്രങ്ങള്‍ കമല്‍ സംവിധാനം ചെയ്തു.
പുതുമുഖങ്ങളെ വെച്ച് കമല്‍ സംവിധാനം ചെയ്ത് 2004ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മഞ്ഞുപോലൊരു പെണ്‍കുട്ടി. സ്വന്തം വീട്ടില്‍ നിന്ന് സെക്ഷ്വല്‍ അബ്യൂസ് നേരിടേണ്ടി വന്ന ഒരു പെണ്‍കുട്ടിയുടെ കഥ പറഞ്ഞ ചിത്രം സാമ്പത്തികമായി വിജയം നേടിയില്ലായിരുന്നു. കമലിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായി മഞ്ഞുപോലൊരു പെണ്‍കുട്ടി മാറി.
ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് നടൻ ലാലു അലക്സ് ആയിരുന്നു. സിനിമയിലെ പ്രകടനത്തിന് അദ്ദേഹത്തിന് മികച്ച സഹ നടനുള്ള സംസ്ഥാന അവാർഡ് നേടിയിരുന്നു. എന്നാൽ ആ വർഷം തന്നെ ഇറങ്ങിയ തന്റെ മറ്റൊരു സിനിമയായ പെരുമഴകാലത്തിലെ മാമുക്കോയയുടെ പ്രകടനത്തിന് അവാർഡ് ലഭിക്കുമെന്നാണ് എല്ലാവരും കരുതിയതെന്നും കമൽ പറഞ്ഞു. കൗമുദി മുവീസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്റെ സിനിമകളിൽ അധികം ചർച്ച ചെയ്യപ്പെടാതെ പോയ ഒരു സിനിമയാണ് മഞ്ഞുപോലൊരു പെൺകുട്ടി. ആ ചിത്രത്തിലൂടെ ലാലു അലക്സിന് മികച്ച സഹ നടനുള്ള സംസ്ഥാന അവാർഡ് കിട്ടിയിരുന്നു.
അന്ന് എന്റെ രണ്ട് ചിത്രങ്ങളായ മഞ്ഞു പോലൊരു പെൺകുട്ടിയും പെരുമഴകാലവും ഒരുമിച്ച് അവാർഡിന് അയച്ചു. ഞങ്ങൾ എല്ലാവരും കരുതിയത് പെരുമഴകാലത്തിലെ പ്രകടനത്തിന് മാമുക്കോയക്ക് അവാർഡ് കിട്ടുമെന്നായിരുന്നു. എല്ലാവരും വിചാരിച്ചത് അതായിരുന്നു.
എന്നാൽ അവാർഡ് കിട്ടിയത് ലാലു അലക്സിനാണ്. എനിക്ക് മാമുക്കോയക്ക് അവാർഡ് കിട്ടാത്തതിന്റെ സങ്കടം പറയാൻ പറ്റാത്ത അവസ്ഥയായിരുന്നു. കാരണം എന്റെ സിനിമയിലൂടെയല്ലേ ലാലു അലക്സിന് അവാർഡ് കിട്ടിയത്.
ലാലു അലക്സിനെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ ആദ്യമായിട്ട് കിട്ടുന്ന ഒരു അവാർഡാണ്. ഇപ്പോൾ കാണുമ്പോഴും ലാലു അലക്സ് എന്നോട് പറയുന്ന ഒരു കാര്യമാണ്, എനിക്ക് അവാർഡ് വാങ്ങി തന്ന സംവിധായകനാണെന്ന്. അങ്ങനെ പറയുന്ന ഒരു സ്നേഹം അദ്ദേഹത്തിനുണ്ട്. അങ്ങനെ നോക്കുമ്പോൾ എനിക്ക് ഒരുപാട് ഓർമകളുള്ള ഒരു ചിത്രമാണ് മഞ്ഞു പോലൊരു പെൺകുട്ടി,’കമൽ പറയുന്നു.
Content Highlight: Kamal Talk About Mamukoya And Lalu Alex