മലയാളികളുടെ മാസ് ഹീറോയാണ് ലാൽ, എന്നാൽ മമ്മൂട്ടി മാസ് സിനിമകൾ അഭിനയിക്കുമ്പോഴും അങ്ങനെ കാണുന്നില്ല: കമൽ
Entertainment
മലയാളികളുടെ മാസ് ഹീറോയാണ് ലാൽ, എന്നാൽ മമ്മൂട്ടി മാസ് സിനിമകൾ അഭിനയിക്കുമ്പോഴും അങ്ങനെ കാണുന്നില്ല: കമൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 29th January 2024, 10:21 am

വലിയ പ്രതീക്ഷയോടെ തിയേറ്ററിൽ എത്തിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മോഹൻലാൽ ആദ്യമായി അഭിനയിക്കുന്ന ചിത്രം എന്ന നിലയിൽ പ്രഖ്യാപനം മുതൽ തന്നെ വലിയ ഹൈപ്പിൽ കയറിയ ചിത്രമാണ് വാലിബൻ. എന്നാൽ തിയേറ്ററിൽ എത്തിയപ്പോൾ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

പിന്നാലെ ചിത്രത്തിനെതിരെ ഹേറ്റ് ക്യാമ്പയിൻ നടക്കുന്നുവെന്ന ആരോപണവുമായി സംവിധായകൻ തന്നെ മുന്നോട്ടു വന്നിരിന്നു. മമ്മൂട്ടിയുടെ പരീക്ഷണ സിനിമകൾക്ക് കിട്ടുന്ന സ്വീകാര്യത മോഹൻ ലാലിന്റെ വ്യത്യസ്ത പടങ്ങൾക്ക് കിട്ടുന്നില്ലെന്ന് നിർമാതാവ് ഷിബു ബേബി ജോണും പറഞ്ഞിരുന്നു.

അതിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ കമൽ. ഷിബു ബേബി ജോൺ പറഞ്ഞത് ശരിയാണെന്ന് കമൽ പറയുന്നു.

മലയാളി പ്രേക്ഷകർ ലാലിനെ ഒരു മാസ് ഹീറോയായാണ് കാണുന്നതെന്നും എന്നാൽ മമ്മൂട്ടി മാസ് സിനിമകൾ ചെയ്യുമ്പോൾ പോലും പ്രേക്ഷകർ അങ്ങനെ കാണാറില്ലെന്നും കമൽ പറഞ്ഞു. റിപ്പോർട്ടർ ടി. വിയോട് സംസാരിക്കുകയായിരുന്നു കമൽ.

‘ഒരു കാര്യം സത്യമാണ്. മലയാളികൾ ലാലിനെ കാണുന്നത് ഒരു മാസ് ഹീറോ ആയിട്ടാണ്. എന്നാൽ മമ്മൂട്ടി മാസ് സിനിമകൾ ചെയ്യുമ്പോൾ പോലും പ്രേക്ഷകർ അങ്ങനെ കണ്ടിട്ടില്ല. അത് പണ്ട് മുതലേ ഉള്ള ഒരു രീതിയാണ്.

വാലിബന്റെ തുടക്കം മുതൽ ആരാധകരും മറ്റുള്ളവരുമാണ് വാലിബൻ ഒരു മാസ് പടമാണെന്ന് പറഞ്ഞ് ഉണ്ടാക്കിയത്. അണിയറ പ്രവർത്തകർ പറഞ്ഞിട്ടില്ല. ലിജോ എവിടെയെങ്കിലും പറഞ്ഞതായി ഞാൻ കേട്ടിട്ടില്ല.

ഇതൊരു മാസ് സിനിമയാണെന്ന് ഒരിക്കലും അദ്ദേഹം പറയില്ല. മലൈക്കോട്ടൈ വാലിബൻ എന്ന പേര് തന്നെ ആ രീതിയിൽ പ്രശ്നമായി. കാരണം ഒരു മാസ് ഹീറോയായി മോഹൻലാലിനെ കാണാനാണ് കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്നത്,’കമൽ പറയുന്നു.

Content Highlight: Kamal Talk About Mammooty And Mohanlal