കമല്‍ഹാസന്റെ ക്ലാസ്സിക് സിനിമകളിലൊന്നാണ് തേവര്‍ മകന്‍. 1992ല്‍ പുറത്തിറങ്ങിയ ചിത്രം മലയാള സംവിധായകന്‍ ഭരതനാണ് സംവിധാനം ചെയ്തത്. ശിവാജി ഗണേശന്‍, രേവതി, ഗൗതമി, നാസര്‍ എന്നിവരാണ് ചിത്രത്തില്‍ മുഖ്യവേഷങ്ങളിലെത്തിയത്.
ബോക്‌സ് ഓഫീസില്‍ 175 ദിവസത്തോളം ഓടിയ ചിത്രം അഞ്ച് ദേശീയ പുരസ്‌കാരങ്ങളും നേടി. ചിത്രീകരണ സമയത്ത് ശിവാജി ഗണേശനുമായുണ്ടായ നല്ല നിമിഷങ്ങളെ കുറിച്ച് കമല്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ചിത്രത്തിന്റെ തിരക്കഥയെഴുതാന്‍ ഏഴ് ദിവസം മാത്രമേ എടുത്തുള്ളൂവെന്ന് കമല്‍ ഈയടുത്ത് പറഞ്ഞു.
സോഷ്യല്‍ മീഡിയയിലൂടെ എ.ആര്‍ റഹ്മാനുമായി നടത്തിയ ചര്‍ച്ചയിലാണ് കമല്‍ഹാസന്‍ ചിത്രത്തിന്റെ തിരക്കഥയെ കുറിച്ച് പറഞ്ഞത്. തന്റെ സുഹൃത്തും സംവിധായകനുമായ ഭരതന്‍ തിരക്കഥ പൂര്‍ത്തിയാക്കുവാന്‍ തന്നെ നിര്‍ബന്ധിച്ചു. തിരക്കഥ എഴുതുന്നതിന്റെ ഒഴുക്കിനെ കുറിച്ചും മനസാന്നിദ്ധ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ചും പറഞ്ഞു.
‘ഞാന്‍ തേവര്‍ മകന്‍ എഴുതുവാന്‍ തീരുമാനിച്ചത്, എന്റെ സുഹൃത്തിന്റെ വെല്ലുവിളിയെ തുടര്‍ന്നായിരുന്നു. തിരക്കഥയെഴുതി തരിക അല്ലെങ്കില്‍ ചിത്രത്തില്‍ നിന്ന് പിന്മാറും എന്നായിരുന്നു അദ്ദേഹത്തിന്റെ വെല്ലുവിളി. ഒരു പ്രത്യേക തരത്തിലുള്ള സമ്മര്‍ദ്ദവും കുട്ടിക്കളിയുമായിരുന്നു ഞങ്ങള്‍ ചെയ്തത്. തിരക്കഥയെഴുതി കാണിക്കാമെന്ന് ഞാന്‍ മറുപടി പറഞ്ഞു. ഏഴ് ദിവസമെടുത്ത് ഞാന്‍ തിരക്കഥ പൂര്‍ത്തിയാക്കി’, കമല്‍ഹാസന്‍ പറഞ്ഞു.
‘ഏഴ് ദിവസം കൊണ്ട് എല്ലാ തിരക്കഥയും എഴുതാന്‍ പറഞ്ഞാല്‍ എനിക്ക് സാധ്യമല്ല. ചില തിരക്കഥകള്‍ക്ക് ഒരു വര്‍ഷമെടുക്കും, ചിലതിന് 30 മാസമെടുക്കും, ചിലത് ഒരു മാസം കൊണ്ട് പൂര്‍ത്തിയാവും.എന്നെ നിങ്ങള്‍ക്ക് നിര്‍ബന്ധിക്കാനാവില്ല. അതിപ്പോ നിങ്ങള്‍ കാശ് നിറച്ച സ്യൂട്ട് കേസുകള്‍ കൊണ്ടുവന്നാല്‍ പോലും’, കമല്‍ഹാസന്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക