ന്യൂദല്‍ഹി: ഭരണഘടനയെ ചോദ്യം ചെയ്യുമ്പോഴെല്ലാം താന്‍ തെരുവിലിറങ്ങുമെന്നും അപ്പോള്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയാണെന്നത് നോക്കാറില്ലെന്നും നടന്‍ കമല്‍ ഹാസന്‍.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്ത ശേഷം ചെങ്കോട്ടയില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു കമല്‍ ഹാസന്‍.
‘ഞാന്‍ ഭാരത് ജോഡോ യാത്രയില്‍ വന്നത് ഒരു ഇന്ത്യക്കാരനായിട്ടാണ്. എന്റെ അച്ഛന്‍ കോണ്‍ഗ്രസുകാരനായിരുന്നു. ഞാന്‍ സ്വന്തമായി ഒരു രാഷ്ട്രീയ പാര്‍ട്ടി ആരംഭിച്ചു.
എന്നാല്‍ രാജ്യത്തിന്റെ കാര്യം വരുമ്പോള്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തമ്മിലുള്ള അതിര്‍വരമ്പുകള്‍ ഇല്ലാതാകണം,’ കമല്‍ ഹാസന്‍ പറഞ്ഞു.
ഐ.ടി.ഒ മുതല്‍ ചെങ്കോട്ട വരെയുള്ള മൂന്നര കിലോമീറ്റര്‍ ദൂരം രാഹുലിനൊപ്പം സഞ്ചരിച്ചാണ് കമല്‍ ഹാസനും യാത്രയുടെ ഭാഗമായത്. കമല്‍ ഹാസന്റെ രാഷ്ട്രീയ സംഘടനയായ മക്കള്‍ നീതി മയ്യം പ്രവര്‍ത്തകരും ഇന്ന് യാത്രയുടെ ഭാഗമായി.
അതേസമയം, യാത്രക്ക് ചെങ്കോട്ടയില്‍ താല്‍കാലിക വിരാമമാകും. ഒമ്പത് ദിവസത്തെ ഇടവേളക്കു ശേഷം ജനുവരി മൂന്നിന് യാത്ര പുനരാരംഭിക്കും. കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, ജയ്‌റാം രമേശ്, പവന്‍ ഖേര, ഭൂപീന്ദര്‍ സിങ് ഹൂഡ, കുമാരി സെല്‍ജ, രണ്‍ധീപ് സുര്‍ജേവാല എന്നിവരും ഇന്ന് യാത്രയുടെ ഭാഗമായി.
Versatile actor and Padma Bhushan Kamal Hassan, joins the #BharatJodoYatra today.
രണ്ടാം തവണയാണ് സോണിയ ഗാന്ധി ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തത്. കര്‍ണാടകയില്‍ നടന്ന മെഗാ കാല്‍നട യാത്രയിലാണ് സോണിയ ഇതിനുമുമ്പ് പങ്കെടുത്തത്.
ദല്‍ഹിയില്‍ ആയിരക്കണക്കിന് ആളുകളാണ് യാത്രയില്‍ പങ്കാളിയായത്. സെപ്റ്റംബര്‍ ഏഴിന് ആരംഭിച്ച യാത്ര 108ാം ദിവസമാണ് ദല്‍ഹിയില്‍ എത്തുന്നത്. ഒമ്പത് ദിവസത്തെ ഇടവേളക്കു ശേഷം ഇനി ജനുവരി മൂന്നിനാണ് യാത്ര ദല്‍ഹിയില്‍ നിന്ന് പുനരാരംഭിക്കുക.