കമല്‍ എന്ന സംവിധായകന്റെ മികച്ച ചിത്രങ്ങളിലൊന്നാണ് മേഘമല്‍ഹാര്‍. 2001ല്‍ പുറത്തിറങ്ങിയ ചിത്രം ആ വര്‍ഷത്തെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡും മികച്ച തിരക്കഥക്കുള്ള അവാര്‍ഡും കരസ്ഥമാക്കിയിരുന്നു. വ്യത്യസ്തമായ പ്രണയകഥ പറഞ്ഞ മേഘമല്‍ഹാര്‍ ഇന്നും സിനിമാപ്രേമികളുടെ ഇഷ്ടചിത്രങ്ങളിലൊന്നാണ്. ബിജു മേനോനും സംയുക്താ വര്‍മയുമായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.
സിനിമയുമായി ബന്ധപ്പെട്ട ഓര്‍മകള്‍ കൗമുദി ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ കമല്‍ പങ്കുവെച്ചു. ബിജു മേനോന്റെയും സംയുക്തയുടെയും പ്രണയം കൂടുതല്‍ ശക്തമായത് മേഘമല്‍ഹാറിന് ശേഷമായിരുന്നുവെന്നും, അതിന് മുന്നേ താന്‍ ചെയ്ത മധുരനൊമ്പരക്കാറ്റിന്റെ സമയത്തു തന്നെ ഇരുവരും തമ്മിലുള്ള പ്രണയത്തെപ്പറ്റി തനിക്ക് അറിയാമായിരുന്നുവെന്നും കമല്‍ പറഞ്ഞു.
‘മാതൃഭൂമിയും ഏഷ്യാനെറ്റും പറഞ്ഞതുകൊണ്ട് ഒരു ടെലിസിനിമ എന്ന രീതിക്കാണ് മേഘമല്‍ഹാര്‍ എന്ന സിനിമയുടെ ചിന്ത എന്റെയുള്ളില്‍ വന്നത്. ഇക്ബാല്‍ കുറ്റിപ്പുറവുമായി സംസാരിച്ചപ്പോള്‍ അയാളാണ് മേഘമല്‍ഹാറിന്റെ കഥ എന്നോട് പറഞ്ഞത്.
എന്നോട് അതിന്റെ സ്‌ക്രിപ്റ്റ് എഴുതാനും ഇക്ബാല്‍ പറഞ്ഞു. ആറ് ദിവസം കൊണ്ടാണ് ഞാന്‍ സ്‌ക്രിപ്റ്റ് എഴുതിത്തീര്‍ത്തത്. സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം ഇതിലെ രാജീവിനെയും നന്ദിതയെയും ആര് അവതരിപ്പിക്കുമെന്നതായി ചിന്ത.
എന്റെ മുന്നില്‍ വന്ന ആദ്യത്തെ മുഖങ്ങള്‍ ബിജു മേനോന്റയും സംയുക്തയുടെയുമാണ്. എന്റെ കഴിഞ്ഞ സിനിമയായ മധുരനൊമ്പരക്കാറ്റിലും അവര്‍ തന്നെയായിരുന്നു പ്രധാന കഥാപാത്രങ്ങള്‍. ആ സമയത്ത് തന്നെ ഇരുവരും തമ്മിലുള്ള പ്രണയം ഞാനും ഛായാഗ്രഹകന്‍ സുകുമാറും കണ്ടുപിടിച്ചിരുന്നു.
ഞാന്‍ ഈ സിനിമയുടെ സ്‌ക്രിപ്റ്റ് ബിജുവിനോട് പറഞ്ഞപ്പോള്‍ അവന്‍ ആദ്യം പേടിച്ചു. ഈ സിനിമയില്‍ അവര്‍ ഒന്നിച്ച് അഭിനയിക്കുമ്പോള്‍ അവരുടെ പ്രണയം കൂടുതല്‍ ആളുകള്‍ അറിഞ്ഞ് പ്രശ്‌നമാകുമോ എന്നായിരുന്നു അവന്റെ പേടി. ഇതേ പേടി സംയുക്തക്കും ഉണ്ടായിരുന്നു.
ഞാന്‍ ബിജുവിനോട് അപ്പോള്‍ പറഞ്ഞു, ‘ക്യാമറക്ക് വെളിയില്‍ നിങ്ങളുടെ സ്വകാര്യതയിലേക്ക് ഞാന്‍ ഒരിക്കലും ഇടപെടില്ല. മറ്റാരെയും അത് ചെയ്യാന്‍ ഞാന്‍ സമ്മതിക്കുകയുമില്ല’ എന്ന്. അങ്ങനെ യഥാര്‍ത്ഥ ജീവിതത്തിലെ പ്രണയിതാക്കളായ ബിജുവും സംയുക്തയും ഈ സിനിമയിലും പ്രണയിതാക്കളായി അഭിനയിച്ചു,’ കമല്‍ പറഞ്ഞു.
Content Highlight: Kamal about the experience of Meghamalhar