മോഹന്‍ലാലിന്റെ കരിയറില്‍ ഒരു പ്രത്യേക ഫാന്‍ബേസുള്ള കഥാപാത്രമാണ് 1998ല്‍ പുറത്തിറങ്ങിയ ‘അയാള്‍ കഥയെഴുതുകയാണ്’ എന്ന ചിത്രത്തിലെ സാഗര്‍ കോട്ടപ്പുറം. മോഹന്‍ലാലിനെ സംവിധായകന്‍ അക്ഷരാര്‍ത്ഥത്തില്‍ അഴിഞ്ഞാടാന്‍ അനുവദിച്ച ചിത്രം കൂടിയായിരുന്നു അത്.
ഇപ്പോള്‍ ആ സിനിമയിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകനായ കമല്‍. കൗമുദി മൂവീസിലെ സിനിമയിലെ കഥ എന്ന പരിപാടിയിലാണ് കമല്‍ അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തെ കുറിച്ചും അതിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തെ കുറിച്ചും സംസാരിച്ചത്.
സാഗര്‍ കോട്ടപ്പുറം എന്ന കഥാപാത്രത്തെക്കുറിച്ച് മോഹന്‍ലാലിനോട് പറഞ്ഞപ്പോള്‍ എത്രത്തോളം അലമ്പായി പെര്‍ഫോം ചെയ്യാമോ അത്രയും അലമ്പായിക്കോ എന്നാണ് നിര്‍ദേശിച്ചതെന്ന് കമല്‍ പറഞ്ഞു.
മോഹന്‍ലാല്‍ അതിനനുസരിച്ച് അലമ്പായെന്നും എന്നാല്‍ മോണിറ്റര്‍ ഇല്ലാത്തതുകൊണ്ട് ആ പെര്‍ഫോമന്‍സ് ഓക്കെയാണോ അല്ലയോ എന്ന് പറയാന്‍ തനിക്ക് കഴിഞ്ഞില്ലെന്നും കമല്‍ പറഞ്ഞു.
പിന്നീട് ചിത്രത്തിന്റെ റഷസ് കണ്ട ശേഷമാണ് ലാല്‍ എത്ര ഗംഭീരമായിട്ടാണ് പെര്‍ഫോം ചെയ്തതെന്ന് മനസിലായതെന്നും പിന്നീട് ആ മീറ്ററില്‍ തന്നെ സാഗര്‍ കോട്ടപ്പുറം എന്ന കഥാപാത്രമായി ലാല്‍ പെര്‍ഫോം ചെയ്തെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.
റഷസ് കാണുന്നതിന് മുന്നേ പെര്‍ഫോമന്‍സ് ഓക്കെയല്ല എന്ന് ലാലിനോട് പറയാത്തത് നന്നായെന്നും കമല്‍ പറഞ്ഞു.
‘സാഗര്‍ കോട്ടപ്പുറം എന്ന ക്യാരക്ടറിനെപ്പറ്റി ലാലിനോട് സംസാരിച്ച സമയത്ത് എത്രത്തോളം അലമ്പാകാമോ അത്രയും അലമ്പാകാനാണ് പറഞ്ഞത്. ലാല്‍ അതുപോലെ കേട്ടു.
വഴി ചോദിക്കുന്ന സീനിലെല്ലാം ഗേറ്റിലൊക്കെ ചവിട്ടി ബഹളം വെച്ചാണ് പെര്‍ഫോം ചെയ്യുന്നത്. അന്ന് മോണിറ്റര്‍ ഒന്നുമില്ലായിരുന്നു. ഷോട്ട് കഴിഞ്ഞ് ലാല്‍ എന്നോട് ‘ഓക്കെയാണോ’ എന്ന് ചോദിച്ചു. ഇത് എങ്ങനെ വന്നിട്ടുണ്ട് എന്ന് പറയാന്‍ എനിക്കും പറ്റാത്ത അവസ്ഥയായി.
ഓക്കെയാണോ എന്ന് ചോദിച്ചാല്‍ ആണ്, അല്ലേ എന്ന് ചോദിച്ചാല്‍ അല്ല എന്ന് ഞാന്‍ ലാലിനോട് പറഞ്ഞു. പിന്നീട് ഷൂട്ട് ചെയ്ത ഫിലിം പ്രോസസ്സ് ചെയ്ത് റഷസ് കണ്ടു. അതേ മീറ്റര്‍ പിടിച്ചാല്‍ മതിയെന്ന് റഷസ് കണ്ട ശേഷം ഞാന്‍ ലാലിനോട് പറഞ്ഞു. ഒരുപക്ഷേ ആദ്യേ ഓക്കെയല്ല എന്ന് പറഞ്ഞിരുന്നെങ്കില്‍ ലാലിന്റെ ഇത്രയും ഗംഭീരമായിട്ടുള്ള പെര്‍ഫോമന്‍സ് കിട്ടില്ലായിരുന്നു,’ കമല്‍ പറഞ്ഞു.
Content highlight: Kamal about the character of Mohanlal in Ayal Kadhayezhuthukayanu movie