Indian Cinema
വിക്രം റിലീസിന് തൊട്ട് മുമ്പാണ് ആ സത്യം ഞാൻ അറിഞ്ഞത്, തിയേറ്ററിൽ വേറേ ലെവലായിരുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Nov 12, 02:42 am
Sunday, 12th November 2023, 8:12 am

തമിഴിലെ ഹിറ്റ് മേക്കർ സംവിധായകനായി ലോകേഷ് കനകരാജ് മാറി കഴിഞ്ഞു. കൈതിയെന്ന ചിത്രത്തിലൂടെയാണ് ലോകേഷ് വലിയ ശ്രദ്ധ നേടുന്നത്. പിന്നീട് വരുന്ന ചിത്രങ്ങൾക്കായി വലിയ കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ.

കമൽ ഹാസനെ നായകനാക്കി ഒരുക്കിയ വിക്രം ഇറങ്ങിയതോടെ ലോകേഷ് സിനിമാടിക് യൂണിവേഴ്സ് എന്ന പുതിയൊരു രീതിക്ക് ലോകേഷ് തന്റെ സിനിമകളിലൂടെ തുടക്കമിട്ടിരുന്നു. കൈതിയിലെ കഥാപാത്രങ്ങളെ വിക്രവുമായി കണക്റ്റ് ചെയ്തപ്പോൾ ബോക്സ്‌ ഓഫീസിൽ പിറന്നത് വലിയൊരു വിജയമായിരുന്നു.

വിക്രത്തിൽ നടൻ കാളിദാസ് ജയറാം ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. കമൽ ഹാസന്റെ മകന്റെ വേഷമായിരുന്നു താരം ചെയ്തത്. വിക്രത്തിന് ശേഷം ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട കഥാപാത്രം സൂര്യയുടെ റോളക്സ് ആയിരുന്നു. എന്നാൽ സിനിമയിൽ അഭിനയിച്ച താൻ, റോളക്സായി സിനിമയിൽ അഭിനയിക്കുന്നത് സൂര്യയാണെന്ന് അറിഞ്ഞില്ല എന്നാണ് കാളിദാസ് പറയുന്നത്.

സംവിധായകൻ ലോകേഷ് ആദ്യം മറ്റൊരു നടന്റെ പേരായിരുന്നു പറഞ്ഞതൊന്നും പിന്നീട് സൂര്യ ആ വേഷം ചെയ്തപ്പോൾ വേറേ ലെവലായെന്നും കാളിദാസ് പറഞ്ഞു. ബിഹൈൻഡ് വുഡ്‌സിനോട് സംസാരിക്കുകയായിരുന്നു താരം.

‘ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ എനിക്ക് രണ്ടു കഥാപാത്രങ്ങളെയാണ് കൂടുതൽ ഇഷ്ടം. ഒന്ന് വിക്രമും പിന്നെ റോളക്സും. രണ്ട് കഥാപാത്രങ്ങളും എനിക്ക് ഇഷ്ടമാണ്.

റോളക്സിനെ ഇഷ്ടപ്പെടാൻ ഒരു കാരണമുണ്ട്. വിക്രം സിനിമ റിലീസ് ചെയ്യുന്നതിന്റെ തലേ ദിവസം വരെ ഞാൻ ആ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. പക്ഷെ എനിക്കറിയില്ലായിരുന്നു സൂര്യ സാറാണ് റോളക്സ് ആയി എത്തുന്നതെന്ന്. ബാക്കിയുള്ളവരെ പോലെ റിലീസിന് തൊട്ട് മുൻപ് ന്യൂസ്‌ ലീക്ക് ആയപ്പോഴാണ് സൂര്യ സാറാണ് റോളക്സിനെ അവതരിപ്പിച്ചിട്ടുള്ളതെന്ന് അറിയുന്നത്.

ആ കഥാപാത്രം ആരാണ് ചെയ്യുന്നതെന്ന് ഞാൻ ആരോടും ചോദിച്ചിട്ടുമില്ലായിരുന്നു. ആദ്യം ലോകേഷ് സാർ എന്നോട് പറഞ്ഞത് മറ്റൊരു നടന്റെ പേരായിരുന്നു. ഞാൻ കരുതിയത് ആ ആക്ടറായിരിക്കും റോളക്സ് ആയി എത്തുക എന്നായിരുന്നു. പക്ഷെ തിയേറ്ററിൽ സൂര്യ സാറിനെ കണ്ടപ്പോൾ വേറേ ലെവൽ റെസ്പോൺസ് ആയിരുന്നു,’കാളിദാസ് പറയുന്നു.

അതേസമയം വിജയിയെ നായകനാക്കി ലോകേഷ് ഒരുക്കിയ ‘ലിയോ’ എന്ന ചിത്രം റെക്കോഡുകൾ ഭേദിച്ച് ബോക്സ്‌ ഓഫീസിൽ മുന്നേറുകയാണ്. തൃഷ, സഞ്ജയ്‌ ദത്ത്, അർജുൻ സർജ, മഡോണ സെബാസ്റ്റ്യൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ചിത്രവും എൽ.സി. യുവിന്റെ ഭാഗമാണ്.

Content Highlight: Kalidas Jayaram Talk About Vikram Movie