കമല്‍ ഹാസനും കാളിദാസനും ഒന്നിച്ചെത്തിയ ചിത്രമായിരുന്നു വിക്രം. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രം വലിയ തരംഗമാണ് ഇന്ത്യന്‍ സിനിമാ ലോകത്ത് ഉണ്ടാക്കിയത്.
ഫഹദ് ഫാസില്‍, വിജയ് സേതുപതി, സൂര്യ എന്നിങ്ങനെ വലിയ താരനിര അണിനിരന്ന ചിത്രത്തിലെ എല്ലാ അഭിനേതാക്കളും തങ്ങളുടെ ഭാഗങ്ങള്‍ ഗംഭീരമാക്കിയിരുന്നു. കമല്‍ ഹാസനുമായുള്ള വിക്രം സെറ്റില്‍ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് കാളിദാസ് ഇപ്പോള്‍.
സാറിന് എന്നെ അറിയുമോ എന്നൊക്കെ എനിക്ക് നല്ല സംശയമുണ്ടായിരുന്നെന്നും കമല്‍ സാറിനൊപ്പം ഒരു ഫ്രെയിമില്‍ വരിക എന്നൊക്കെ പറയുന്നത് തന്നെ എനിക്ക് വലിയ സംഭവമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. സിനിമ വികടന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കാളിദാസ് ജയറാം.
‘കമല്‍ സാറുമായി വിക്രമിന്റെ സെറ്റിലുണ്ടായ അനുഭവങ്ങള്‍ അല്പം വേറിട്ടതായിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ കോ ആക്ടറിന്റെ മകനാണ്. അദ്ദേഹം എന്നെ ഇതിനുമുമ്പേ കണ്ടിട്ടുണ്ടോ എന്നൊന്നും എനിക്ക് അറിയില്ല. സാറിന് എന്നെ അറിയുമോ എന്നൊക്കെ എനിക്ക് സംശയമുണ്ടായിരുന്നു.
കമല്‍ സാറിനൊപ്പം ഒരു ഫ്രെയിമില്‍ വരിക എന്നൊക്കെ പറയുന്നത് തന്നെ എനിക്ക് വലിയ സംഭവമാണ്. സാര്‍ എന്നെ ഭയങ്കര കംഫര്‍ട്ടബിള്‍ ആക്കിയിരുന്നു. അതുകൊണ്ടാണല്ലോ അദ്ദേഹം ഉലകനായകനായി നില്‍ക്കുന്നത്,’ കാളിദാസ് പറഞ്ഞു.
രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍. മഹേന്ദ്രനും ചേര്‍ന്നാണ് വിക്രം നിര്‍മിച്ചത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.