ചെന്നൈ: നെറ്റ്ഫ്‌ളിക്‌സിന് വേണ്ടി സുധാ കൊങ്കാര, വിഗ്‌നേഷ് ശിവന്‍, ഗൗതം മേനോന്‍, വെട്രി മാരന്‍ എന്നിവര്‍ സംവിധാനം ചെയ്ത പാവ കഥൈകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സുധാ കൊങ്കാരയുടെ തങ്കം എന്ന കഥയില്‍ സത്താര്‍ എന്ന കഥാപാത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിച്ച നടന്‍ കാളിദാസ് ജയറാമിനും ആശംസകള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്.
തങ്കത്തിലേക്ക് എത്തിയതിന് പിന്നിലെ അനുഭവം പങ്കുവെയ്ക്കുകയാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കാളിദാസ് ജയറാം. സിനിമയൊന്നും വേണ്ടെന്നും ഇനി അഭിനയമില്ലെന്നും തീരുമാനിച്ച് ലൊസാഞ്ചലസില്‍ എത്തിയ സമയത്താണ് സുധ കൊങ്കാരയുടെ ഫോണ്‍ കോള്‍ വന്നതെന്ന് കാളിദാസ് പറയുന്നു.
സിനിമ വേണ്ടെന്ന് വെച്ചിരിക്കുകയാണങ്കെിലും കഥ കേള്‍ക്കാമെന്ന് വാക്കു കൊടുക്കുകയായിരുന്നുവെന്നും പിന്നീട് കഥ കേട്ടപ്പോള്‍ പാവ കഥൈകള്‍ ചെയ്യണമെന്ന് തോന്നിയെന്നും കാളിദാസ് പറയുന്നു.
ശരവണന്‍ എന്ന കഥാപാത്രത്തിന് വേണ്ടിയാണ് സുധ കൊങ്കാര കാളിദാസിനെ ആദ്യം സമീപിച്ചതെന്നും സത്താറിനെ ചെയ്യാന്‍ മലയാളത്തിലും തമിഴിലുമുള്ള നടന്‍മാര്‍ തയ്യാറാവാത്തപ്പോള്‍ കാളിദാസിനെ ഏല്‍പ്പിക്കുകയായിരുന്നുവെന്നും അഭിമുഖത്തില്‍ പറയുന്നു.
ചിത്രീകരണം കഴിഞ്ഞു മാസങ്ങള്‍ക്ക് ശേഷമാണ് സത്താറില്‍ നിന്നു മുക്തനായതെന്നും ആ കഥാപാത്രം തനിക്ക് ഏറെ സന്തോഷം തന്നെന്നും കാളിദാസ് ജയറാം അഭിമുഖത്തില്‍ പറഞ്ഞു.
പ്രണയം, അഭിമാനം, ബഹുമാനം തുടങ്ങി ബന്ധങ്ങളുടെ സങ്കീര്‍ണതയാണ് പാവകഥൈകളില്‍ നാല് സിനിമകളിലൂടെ പറയുന്നത്. ലെസ്ബിയന്‍ പ്രണയം, ദുരഭിമാനം കൊണ്ട് ഉണ്ടാവുന്ന പ്രണയ തകര്‍ച്ച, ബന്ധങ്ങളുടെ സങ്കീര്‍ണത, ട്രാന്‍സ്ജെന്‍ഡര്‍ പ്രണയം എന്നിവയെല്ലാം ചിത്രത്തില്‍ വിഷയമാകുന്നുണ്ട്.
ആര്‍.എസ്.വി.പി മൂവിസും ഫ്‌ലൈയിംഗ് യൂണികോണ്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. നേരത്തെ ആമസോണ്‍ പ്രൈമിന് വേണ്ടി പുത്തംപുതു കാലൈ എന്ന ആന്തോളജി പുറത്തിറങ്ങിയിരുന്നു.
സുഹാസിനി മണിരത്നം, സുധാകൊങ്കാര, ഗൗതം മേനോന്‍, രാജീവ് മേനോന്‍, കാര്‍ത്തിക് സുബ്ബരാജ്, എന്നിവരുടെ നേതൃത്വത്തിലാണ് പുത്തംപുതുകാലൈ ചിത്രം ഒരുങ്ങിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക