Daily News
സരിത്തിനെ വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ അപകടസ്ഥലത്ത് കണ്ടതായി കലാഭവന്‍ സോബി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jul 13, 07:21 am
Monday, 13th July 2020, 12:51 pm

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സരിത്തിനെ വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ അപകടസ്ഥലത്ത് കണ്ടതായി കലാഭവന്‍ സോബി ജോര്‍ജ്ജിന്റെ വെളിപ്പെടുത്തല്‍.

ഇപ്പോള്‍ മാധ്യമങ്ങളിലൂടെ ചിത്രങ്ങള്‍ കണ്ടപ്പോഴാണ് സരിത്തിനെ തിരിച്ചറിഞ്ഞതെന്നും സോബി പറഞ്ഞു.

ബാലഭാസ്‌ക്കറിന്റെ മരണത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘങ്ങള്‍ ഉണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

വാഹന അപകടസ്ഥലത്ത് കണ്ട കാര്യങ്ങള്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. എന്നാല്‍ അന്ന് ക്രൈം ബ്രാഞ്ച് അത് മുഖവിലയ്‌ക്കെടുത്തില്ലെന്നും സോബി പറഞ്ഞു.

അപകട സമയത്ത് വാഹനം നിര്‍ത്തിയപ്പോള്‍ എട്ട് പേര്‍ അന്ന് തനിക്ക് നേരെ ആക്രോശിച്ചുവന്നിരുന്നു. എന്നാല്‍ ഒരു വ്യക്തി മാത്രം സൈലന്റായി മാറി നിന്നു. ആ നിലയിലാണ് ആ വ്യക്തിയെ ഓര്‍മ്മിച്ചത്.

ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തപ്പോള്‍ അത് ഇക്കാര്യം പറഞ്ഞിരുന്നു. അന്ന് അവര്‍ കുറേ ഫോട്ടോകള്‍ കാണിച്ചു. എന്നാല്‍ അതില്‍ താന്‍ കണ്ടയാളുടെ മുഖം ഉണ്ടായിരുന്നില്ല. ഇപ്പോള്‍ സരിത്തിന്റെ ഫോട്ടോ കണ്ടപ്പോഴാണ് ഞാന്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞത്.

അപകടം നടന്ന സ്ഥലത്ത് തന്നെയാണ് സരിത്തിനെ കണ്ടത്. അന്വേഷണ സംഘം കൂടുതല്‍ വിവരം ചോദിച്ചാല്‍ കാര്യങ്ങള്‍ പറയാന്‍ തയ്യാറാണെന്നും സോബി പറഞ്ഞു.