കമല്‍ സാറിന്റെ പടത്തിലെ ഗുണ്ടാകഥാപാത്രം; അതിന് ശേഷമാണ് സിനിമയില്‍ നല്ല വേഷങ്ങള്‍ ലഭിക്കുന്നത്: കലാഭവന്‍ ഷാജോണ്‍
Entertainment news
കമല്‍ സാറിന്റെ പടത്തിലെ ഗുണ്ടാകഥാപാത്രം; അതിന് ശേഷമാണ് സിനിമയില്‍ നല്ല വേഷങ്ങള്‍ ലഭിക്കുന്നത്: കലാഭവന്‍ ഷാജോണ്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 17th March 2024, 4:29 pm

കലവൂര്‍ രവികുമാര്‍ തിരക്കഥയെഴുതി കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് നമ്മള്‍. 2002ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ജിഷ്ണുവും സിദ്ധാര്‍ത്ഥ് ഭരതനുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ബോക്സ് ഓഫീസില്‍ വലിയ വിജയമായിരുന്ന സിനിമയില്‍ കലാഭവന്‍ ഷാജോണും ഒരു വേഷത്തില്‍ എത്തിയിരുന്നു.

മിമിക്രിയിലൂടെ സിനിമയിലേക്ക് വന്ന ഷാജോണ്‍ നമ്മള്‍ സിനിമയിലാണ് അത്യാവശ്യം ശ്രദ്ധിക്കപ്പെട്ട ഒരു വേഷം കിട്ടുന്നതെന്ന് പറയുന്നു. എല്ലാവരും ശ്രദ്ധിക്കുന്നത് ആ സിനിമയിലൂടെയാണെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്ന് പറഞ്ഞ താരം അത് കഴിഞ്ഞാണ് തനിക്ക് അത്യാവശ്യം നല്ല വേഷങ്ങള്‍ കിട്ടുന്നതെന്നും പറയുന്നു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കലാഭവന്‍ ഷാജോണ്‍.

‘കമല്‍ സാറിന്റെ നമ്മള്‍ എന്ന പടത്തിലാണ് അത്യാവശ്യം ശ്രദ്ധിക്കപ്പെട്ട ഒരു വേഷം കിട്ടുന്നത്. ഗുണ്ടയായിട്ടായിരുന്നു ആ സിനിമയില്‍ അഭിനയിച്ചത്. ഒരു പുലിയുടെ ടീഷര്‍ട്ട് ആയിരുന്നു എന്റെ വേഷം. അതില്‍ വലിയ കുഴപ്പമില്ലാത്ത വേഷമാണ്. എല്ലാവരും ശ്രദ്ധിക്കുന്നത് ആ സിനിമയിലൂടെയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അത് കഴിഞ്ഞാണ് അത്യാവശ്യം നല്ല വേഷങ്ങള്‍ കിട്ടുന്നത്,’ കലാഭവന്‍ ഷാജോണ്‍ പറഞ്ഞു.

താന്‍ മിമിക്രിക്കാരനാകണം എന്ന് കൊതിച്ച് മിമിക്രിയിലേക്ക് വന്ന ആളല്ലെന്നും സിനിമാ നടനായി ഏതെങ്കിലും ഒരാളെ പോലെ ആകണമെന്ന് ആഗ്രഹിച്ചിട്ടില്ലെന്നും ഷാജോണ്‍ അഭിമുഖത്തില്‍ പറയുന്നു.

‘ഞാന്‍ മിമിക്രിക്കാരനാകണം എന്ന് കൊതിച്ച് മിമിക്രിയിലേക്ക് വന്ന ആളല്ല. സിനിമാ നടന്‍ ആകണമെന്നോ സിനിമയില്‍ ഏതെങ്കിലും ഒരാളെ പോലെ ആകണമെന്നോ ആഗ്രഹിച്ചു വന്നതല്ല. അത് ശരിക്കും സംഭവിച്ചു പോയതാണ്.

എന്റെ ചേട്ടനാണ് ആദ്യം മിമിക്രിയിലേക്ക് വരുന്നത്. ചേട്ടന്‍ പ്രാക്റ്റീസ് ചെയ്യുന്നത് കണ്ട് ഞാനും വീട്ടില്‍ നിന്ന് ഒരോ നടന്മാരെ അനുകരിക്കുന്നത് പ്രാക്റ്റീസ് ചെയ്യുമായിരുന്നു. ഗോഡ് ഫാദര്‍ ഇറങ്ങിയ സമയമായിരുന്നു അത്. എന്‍.എന്‍. പിള്ള സാറിനെയൊക്കെ വെറുതെ അനുകരിക്കുമായിരുന്നു.

എന്റെ സുഹൃത്ത് എന്‍.എന്‍. പിള്ള സാറിനെ നന്നായി അനുകരിക്കും. ഒരിക്കല്‍ അവന്‍ മിമിക്രി ചെയ്യാന്‍ വന്നില്ല. അങ്ങനെയാണ് ഞാന്‍ അവന് പകരം സ്റ്റേജില്‍ കയറുന്നത്. അന്ന് വലിയ കയ്യടിയായിരുന്നു. പിന്നെ അവന്‍ ഇടക്ക് വരാതെ നില്‍ക്കുമ്പോള്‍ പകരം ഞാന്‍ പോകും.

അവസാനം ഞാന്‍ അവരുടെ ബെല്‍റ്റില്‍ ആവുകയായിരുന്നു. അതുവഴി കലാഭവനിലേക്ക് എത്തുകയായിരുന്നു. അവിടുന്ന് കോട്ടയം നസീര്‍ സജസ്റ്റ് ചെയ്തിട്ട് മണിച്ചേട്ടന്റെ ഡ്യൂപ്പായിട്ട് സിനിമയിലെത്തി.

അല്ലാതെ ഞാന്‍ ആരെയും പോയി കാണുകയോ ആരോടെങ്കിലും ചാന്‍സ് ചോദിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ ആ സമയത്ത് എന്റെ കൂടെയുണ്ടായിരുന്ന പലരും പ്രോഗ്രാം കഴിഞ്ഞ് വന്ന് പല ഡയറക്ടര്‍മാരെയും എഴുത്തുകാരേയും പോയി കാണുന്നുണ്ടായിരുന്നു,’ കലാഭവന്‍ ഷാജോണ്‍ പറഞ്ഞു.


Content Highlight: Kalabhavan Shajon Talks About Nammal Movie