Film News
ആ സിനിമയുടെ സമയത്ത് ഷൂട്ടില്ലെങ്കില്‍ പോലും മമ്മൂക്ക ലൊക്കേഷനിലേക്ക് വിളിച്ചുവരുത്തും: കലാഭവന്‍ ഷാജോണ്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Mar 07, 12:13 pm
Thursday, 7th March 2024, 5:43 pm

നമ്മളെ കുറേപേര്‍ ശ്രദ്ധിക്കുന്നതും പരിഗണിക്കുന്നതുമൊക്കെ എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണെന്നും അത് ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാവില്ലെന്നും കലാഭവന്‍ ഷാജോണ്‍.

മലയാളത്തിന്റെ പ്രിയനടന്‍ മമ്മൂട്ടിയെ സംബന്ധിച്ച് ഇത്തരം കാര്യങ്ങള്‍ ഒരുപാട് ആസ്വദിക്കുന്ന ഒരാളാണെന്നും താരം പറയുന്നു.

ആളുകള്‍ തന്റെ അടുത്തേക്ക് വന്ന് സംസാരിക്കണം എന്നാണ് മമ്മൂട്ടിയുടെ ആഗ്രഹമെന്നും കലാഭവന്‍ ഷാജോണ്‍ പറയുന്നു. ഫിലിം ബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

താപ്പാന സിനിമയുടെ സമയത്ത് തനിക്ക് ഷൂട്ടില്ലെങ്കില്‍ പോലും മമ്മൂട്ടി തന്നെ വെറുതെ ലൊക്കേഷനിലേക്ക് വിളിച്ച് വരുത്തുമായിരുന്നു എന്നും പിന്നീട് കൂടെയിരുത്തി ഭക്ഷണം കഴിപ്പിക്കുമെന്നും ഷാജോണ്‍ പറയുന്നു.

‘നമ്മളെ കുറേപേര്‍ ശ്രദ്ധിക്കുന്നതും നമ്മള്‍ ചെല്ലുമ്പോള്‍ ‘വരൂ ഇരിക്കൂ’ എന്ന് പറയുന്നതുമൊക്കെ എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. അത് ഇഷ്ടമില്ലാത്തവര്‍ ഉണ്ടാവില്ല. അത്തരം കാര്യങ്ങള്‍ ഇല്ലാതെയാകുമ്പോള്‍ ആണ് നമുക്ക് ബുദ്ധിമുട്ട്. മമ്മൂക്കയെ സംബന്ധിച്ച് അതൊക്കെ ഒരുപാട് ആസ്വദിക്കുന്ന ഒരാളാണ് അദ്ദേഹം. മമ്മൂക്ക തന്നെ അത് പറയാറുണ്ട്.

നമ്മള്‍ ഇക്കയുടെ അടുത്തേക്ക് വന്ന് സംസാരിക്കണം എന്നാണ് ഇക്കയുടെ ആഗ്രഹം. താപ്പാന സിനിമയുടെ സമയത്താണെന്ന് തോന്നുന്നു, ഷൂട്ട് ഇല്ലെങ്കില്‍ പോലും ലൊക്കേഷനിലേക്ക് ഇക്ക എന്നെ വെറുതെ വിളിച്ച് വരുത്തുമായിരുന്നു. എന്നിട്ട് അവിടെ വെറുതെ ഇരുത്തും, ഭക്ഷണം കഴിപ്പിക്കും.

ഇപ്പോഴും മമ്മൂക്ക അങ്ങനെ തന്നെയാണ്. ഇക്കയുടെ കൂടെ ഉള്ളവരൊക്കെ അത് തന്നെയല്ലേ ഇപ്പോള്‍ പറയുന്നത്. കണ്ണൂര്‍ സ്‌ക്വാഡിന് ശേഷം അസീസ് പറഞ്ഞ് കേട്ടിട്ടില്ലേ. മമ്മൂക്ക അങ്ങനെയാണ്, ഒരുപാട് സംസാരിക്കണം, തമാശകള്‍ പറയണം, ചിരിക്കണം എന്നൊക്കെ ആഗ്രഹിക്കുന്ന ആളാണ്,’ കലാഭവന്‍ ഷാജോണ്‍ പറഞ്ഞു.


Content Highlight: Kalabhavan Shajon Talks About Mammootty