Entertainment
മമ്മൂക്കയാണെങ്കില്‍ ഹെവി മൂവ്മെന്റ്സെല്ലാം മാറ്റിവെക്കും; മോഹന്‍ലാലിന് വലിയ റിഹേഴ്സലുകളെന്നും വേണ്ട: കല മാസ്റ്റര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 22, 03:37 am
Saturday, 22nd February 2025, 9:07 am

മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലായി നൂറിലധികം ചിത്രങ്ങള്‍ക്ക് നൃത്ത സംവിധാനം ചെയ്തിട്ടുള്ള ഡാന്‍സ് മാസ്റ്ററാണ് കല. 40 വര്‍ഷത്തോളമായി കൊറിയോഗ്രഫി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തി കൂടിയാണ് അവര്‍.

മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ശ്രീനിവാസന്‍, പൃഥ്വിരാജ് സുകുമാരന്‍, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ ഉള്‍പ്പെടെയുള്ള നിരവധി പേരെ കൊണ്ട് ഡാന്‍സ് ചെയ്യിപ്പിച്ചിട്ടുള്ള ആളുകൂടെയാണ് കല മാസ്റ്റര്‍. ഇപ്പോള്‍ മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചും പറയുകയാണ് കല.

മമ്മൂട്ടി ഒരു ഷൈ ടൈപ്പാണെന്നും ഡാന്‍സിനോട് കമ്പമില്ലെന്ന് മാത്രമല്ല അദ്ദേഹത്തിന് ഒട്ടും താത്പര്യവുമില്ലെന്നും കല പറയുന്നു. മമ്മൂട്ടിക്ക് വേണ്ടി താന്‍ നൃത്തം ചിട്ടപ്പെടുത്തുമ്പോള്‍ ഹെവി മൂവ്മെന്റ്സെല്ലാം മാറ്റിവെക്കുമെന്നും മാസ്റ്റര്‍ അഭിമുഖത്തില്‍ പറഞ്ഞു.

തനിക്ക് വഴങ്ങുന്ന കാര്യം ഭംഗിയായി ചെയ്യുവാനുള്ള പരിശ്രമം മമ്മൂട്ടിയോളം മറ്റൊരാളിലും കണ്ടിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം മോഹന്‍ലാല്‍ അഭിനയത്തില്‍ എന്നതുപോലെ തന്നെ നൃത്തത്തിലും ബ്രില്യന്റാണെന്നും അദ്ദേഹം ചുവടുകള്‍ പെര്‍ഫെക്ടായി തന്നെ ചെയ്യുമെന്നും കല പറയുന്നു.

‘മമ്മൂക്ക ഏറെ ഷൈ ടൈപ്പാണ്. ഡാന്‍സിനോട് കമ്പമില്ലെന്ന് മാത്രമല്ല, ഒട്ടുമേ താത്പര്യവുമില്ല. അദ്ദേഹത്തിന് വേണ്ടി നൃത്തം ചിട്ടപ്പെടുത്തുമ്പോള്‍ ഹെവി മൂവ്മെന്റ്സെല്ലാം മാറ്റിവെക്കും. തനിക്ക് വഴങ്ങുന്ന കാര്യം ഭംഗിയായി ചെയ്യുവാനുള്ള പരിശ്രമം മമ്മൂക്കയോളം മറ്റൊരാളിലും ഞാന്‍ കണ്ടിട്ടില്ല.

മോഹന്‍ലാല്‍ അഭിനയത്തില്‍ എന്നതുപോലെ തന്നെ നൃത്തത്തിലും ബ്രില്യന്റാണ്. അദ്ദേഹം ചുവടുകള്‍ പെര്‍ഫെക്ടായി തന്നെ ചെയ്യും. അദ്ദേഹത്തിന് വലിയ റിഹേഴ്സലുകളെന്നും വേണ്ടിവരില്ല. അതുപോലെ പൃഥ്വിരാജും ചാക്കോച്ചനും ജയസൂര്യയുമൊക്കെ ഭംഗിയായി നൃത്തം ചെയ്യും. ഒരു ചുവടും അവര്‍ നോ പറഞ്ഞ് എനിക്ക് മാറ്റേണ്ടിവന്നിട്ടില്ല,’ കല മാസ്റ്റര്‍ പറഞ്ഞു.

Content Highlight: Kala Master Talks About Mammootty And Mohanlal