Entertainment
ചന്ദ്രമുഖി2; ഒരു മുദ്ര പോലും ആ കുട്ടിക്ക് അന്ന് അറിയില്ലായിരുന്നു; കങ്കണയെ കുറിച്ച് കലാ മാസ്റ്റര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jul 13, 02:40 am
Saturday, 13th July 2024, 8:10 am

കൊറിയോഗ്രഫി മേഖലയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഡാന്‍സ് മാസ്റ്ററാണ് കലാ. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നൂറില്‍ അധികം സിനിമകള്‍ക്ക് നൃത്ത സംവിധാനം നിര്‍വഹിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ജ്യോതിക, രജിനികാന്ത്, നയന്‍താര, പ്രഭു എന്നിവര്‍ ഒന്നിച്ച് എത്തിയ ചന്ദ്രമുഖിയിലും കൊറിയോഗ്രഫി ചെയ്തത് മാസ്റ്റര്‍ ആയിരുന്നു.

മാസ്റ്റര്‍ തന്നെയാണ് 2023ല്‍ പുറത്തിറങ്ങിയ ചന്ദ്രമുഖിയുടെ രണ്ടാം ഭാഗത്തിലും പ്രവര്‍ത്തിച്ചത്. കങ്കണ റണാവത്ത്, രാഘവ ലോറന്‍സ് എന്നിവരായിരുന്നു ഈ ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തിയത്. യെസ് എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തില്‍ ചന്ദ്രമുഖിക്കായി കങ്കണയെ ഡാന്‍സ് പഠിപ്പിച്ചതിനെ കുറിച്ച് പറയുകയാണ് കലാ മാസ്റ്റര്‍

‘ഡാന്‍സ് അറിയുന്ന ആളുകളെ കൊണ്ട് ഡാന്‍സ് ചെയ്യിക്കുന്നതില്‍ വലിയ കാര്യമില്ല. എന്നാല്‍ അറിയാത്ത ഒരാളെ ഡാന്‍സ് ചെയ്യിക്കുകയെന്നത് വലിയ അച്ചീവ്‌മെന്റാണ്. ചന്ദ്രമുഖിയില്‍ കങ്കണക്ക് ഡാന്‍സ് പഠിപ്പിച്ചത് വലിയ അച്ചീവ്‌മെന്റ് തന്നെയാണ്. കാരണം കങ്കണക്ക് ഒന്നും അറിയില്ലായിരുന്നു.

ക്ലാസിക്കല്‍ അറിയത്തേ ഇല്ലായിരുന്നു. ഒരു മുദ്ര പോലും ആ കുട്ടിക്ക് അറിയില്ല. പിന്നെ ഞാന്‍ പറഞ്ഞ് കൊടുത്താണ് മുദ്ര പഠിച്ചെടുക്കുന്നത്. ആ മുദ്രങ്ങള്‍ മാത്രം ചെയ്താല്‍ മതിയെന്ന് ഞാന്‍ ആ കുട്ടിയോട് പറഞ്ഞു. ആ സമയത്ത് കങ്കണക്ക് എമര്‍ജന്‍സി എന്ന സിനിമയുടെ ഷൂട്ടിങ്ങ് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവള്‍ ഒരുപാട് ബിസിയായിരുന്നു.

പക്ഷെ ആ കുട്ടി വളരെ കോപ്രേറ്റീവായിരുന്നു. ചന്ദ്രമുഖിയുടെ ആദ്യ ഭാഗത്തില്‍ ഒരു പാട്ട് മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഈ സിനിമയില്‍ മൂന്ന് പാട്ടുകള്‍ ഉണ്ടായിരുന്നു. ആ മൂന്ന് പാട്ടുകളും കങ്കണ നന്നായി ചെയ്തു. എനിക്ക് അത് ഒരുപാട് ഇഷ്ടമായി,’ കലാ മാസ്റ്റര്‍ പറഞ്ഞു.


Content Highlight: Kala Master Talks About Kangana Ranaut