അന്ന് ജയസൂര്യയെ അടിക്കേണ്ടി വന്നു; ആ സിനിമക്ക് വേണ്ടി ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടു: കലാ മാസ്റ്റര്‍
Entertainment
അന്ന് ജയസൂര്യയെ അടിക്കേണ്ടി വന്നു; ആ സിനിമക്ക് വേണ്ടി ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടു: കലാ മാസ്റ്റര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 6th July 2024, 2:06 pm

കൊറിയോഗ്രഫി മേഖലയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഡാന്‍സ് മാസ്റ്ററാണ് കലാ. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നൂറില്‍ അധികം സിനിമകള്‍ക്ക് നൃത്ത സംവിധാനം നിര്‍വഹിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. വിനയന്‍ സംവിധാനം ചെയ്ത് 2002ല്‍ പുറത്തിറങ്ങിയ ഊമപ്പെണ്ണിനു ഉരിയാടപ്പയ്യന്‍ എന്ന മലയാള സിനിമയിലും കലാ മാസ്റ്റര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജയസൂര്യ ആദ്യമായി നായകനായി എത്തിയ സിനിമയായിരുന്നു ഇത്. യെസ് എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തില്‍ ജയസൂര്യയെ കുറിച്ച് സംസാരിക്കുകയാണ് കലാ മാസ്റ്റര്‍.

‘എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന ഡാന്‍സ് മൂവ്മെന്റ്സാണ് പലപ്പോഴും ഞാന്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് കൊടുക്കാറുള്ളത്. എന്നിട്ടും ചില ആര്‍ട്ടിസ്റ്റുകള്‍ നമ്മളെ കണ്ടാല്‍ പേടിക്കും. എന്നെ കണ്ടാല്‍ മമ്മൂക്ക ‘അയ്യോ കലാ വരുന്നുണ്ടല്ലോ. എല്ലാം പോയി’ എന്ന് പറയാറുണ്ട്. എന്താണോ സാറിന് ചെയ്യാന്‍ പറ്റുന്നത്, അത് നമ്മുക്ക് ചെയ്യാമെന്നാണ് ഞാന്‍ അപ്പോള്‍ മമ്മൂക്കയോട് പറയാറുള്ളത്.

ഡാന്‍സ് ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞ് മാറിനിന്നാല്‍ പിന്നെ ചെയ്യാന്‍ പറ്റില്ലല്ലോ. ബിജു മേനോനും അങ്ങനെ തന്നെയാണ്. കുഞ്ചാക്കോ ബോബന് വേണ്ടി ഞാന്‍ ചെയ്ത പാട്ടുകളൊക്കെ വളരെ നന്നായിരുന്നു. ‘വാക്കിങ് ഇന്‍ ദ മൂണ്‍ലൈറ്റ്’ ഒക്കെ ഫേയ്മസായ പാട്ടാണ്. പക്ഷെ അദ്ദേഹം ഒരു ഡാന്‍സറാണ്. പിന്നെ ജയസൂര്യയെ കുറിച്ച് പറയുമ്പോള്‍ ഒരുപാട് പറയാനുണ്ട്.

അവന്റെ ആദ്യ സിനിമയായ ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യനില്‍ ഞാന്‍ വര്‍ക്ക് ചെയ്തിരുന്നു. ആ സിനിമയുടെ സമയത്ത് ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അവനെ അടിച്ചിട്ട് പോലുമുണ്ട്. സിനിമയുടെ അവസാനം ഞങ്ങള്‍ നല്ല ഫ്രണ്ട്‌സായിട്ട് ‘എന്നെടി കലാ’ എന്നായിരുന്നു അവന്‍ ചോദിക്കാറുള്ളത്. പക്ഷെ അതിന് മുമ്പ് ഞാന്‍ അവനോട് പലപ്പോഴും നീ അടി വാങ്ങുമെന്ന് പറഞ്ഞിട്ടുണ്ട്. അങ്ങനെ അവന്‍ അടി വാങ്ങിയിട്ടുമുണ്ട്. കാരണം അവന് ഒന്നും അറിയില്ലായിരുന്നു.

പക്ഷെ നല്ല പയ്യനാണ് ജയസൂര്യ, ഒരുപാട് വികൃതിയുമാണ്. ആദ്യ സിനിമയായിട്ട് പോലും പിന്നില്‍ വന്ന് നിന്ന് ശല്യപ്പെടുത്തും. വന്ന് ഡാന്‍സ് കളിക്കെടായെന്ന് ഞാന്‍ പറയണം. അവന് ആ സമയത്ത് തമിഴ് മനസിലാകില്ലായിരുന്നു. അപ്പോള്‍ ഡാന്‍സ് ചെയ്യാന്‍ പറഞ്ഞ് രണ്ട് അടി കൊടുക്കും. പിന്നെ അവന്‍ നന്നായി. ഇപ്പോള്‍ ഒരുപാട് മാറിയിട്ടുണ്ട്,’ കലാ മാസ്റ്റര്‍ പറഞ്ഞു.


Content Highlight: Kala Master Talks About Jayasurya