Entertainment
എപ്പോഴും എന്റെ ഫേവറീറ്റ് ഡാൻസർ മോഹൻലാലാണ്, അതിനൊരു കാരണമുണ്ട്: കല മാസ്റ്റർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jul 08, 02:57 pm
Monday, 8th July 2024, 8:27 pm

40 വര്‍ഷത്തോളമായി കൊറിയോഗ്രഫി മേഖലയില്‍ നിറഞ്ഞു നില്‍ക്കുന്ന ഡാന്‍സ് മാസ്റ്ററാണ് കല. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 100ലധികം ചിത്രങ്ങള്‍ക്ക് നൃത്ത സംവിധാനം നിര്‍വഹിച്ചിട്ടുള്ളയാളാണ് കലാ മാസ്റ്റര്‍.

മലയാളത്തിൽ നിരവധി ഗാനങ്ങൾക്ക് നൃത്ത രംഗങ്ങൾ ഒരുക്കിയ കല മലയാള സിനിമയിലെ ഓർമകൾ പങ്കുവെക്കുകയാണ്.

മലയാളത്തിൽ തന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ള ഡാൻസർ മോഹൻലാൽ ആണെന്ന് പറയുകയാണ് കല മാസ്റ്റർ. ഏതു തരം സ്റ്റെപ്പുകൾ നൽകിയാലും ഒരു മടിയുമില്ലാതെ ചെയ്യുന്ന ആളാണ് മോഹൻലാലെന്നും കല മാസ്റ്റർ പറഞ്ഞു. യെസ് എഡിറ്റോറിയലിനോട്‌ സംസാരിക്കുകയായിരുന്നു അവർ.

‘എപ്പോഴും എന്റെ ഫേവറിറ്റ് ഡാൻസർ എന്ന് പറയുന്നത് മോഹൻലാലാണ്. മോഹൻലാൽ ഈസ് ദി ബെസ്ററ് ഡാൻസർ. എന്ത് മൂവ്മെന്റ് കൊടുത്താലും ഇത് കഴിയില്ല കല എന്ന് അദ്ദേഹം പറയില്ല,’കല മാസ്റ്റർ പറയുന്നു.

പ്രിയദർശൻ ഒരുക്കിയ മേഘം എന്ന ചിത്രത്തിലെ മാർഗഴിയെ മല്ലികയെ എന്ന സൂപ്പർ ഹിറ്റ് ഗാനം കൊറിയോഗ്രഫി ചെയ്തതിനെ കുറിച്ചും കല മാസ്റ്റർ പറഞ്ഞു. മമ്മൂട്ടിയുടെയും ശ്രീനിവാസന്റെയും രസകരമായ ഡാൻസ് കണ്ട ചിത്രമായിരുന്നു മേഘം.

ഇരുവരും വളരെ നന്നായി ഡാൻസ് ചെയ്തിരുന്നുവെന്നും അതിന്റെ കൊറിയോഗ്രഫി നല്ലതായിരുന്നുവെന്നും കല മാസ്റ്റർ പറഞ്ഞു. മമ്മൂക്കയുടെ ആ സ്റ്റെപ്പ് ഇത്ര വലിയ ശ്രദ്ധ നേടുമെന്ന് താൻ കരുതിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.

‘ശ്രീനിവാസൻ സാറും മമ്മൂക്കയും അത്ര നന്നായി അത് ചെയ്തിരുന്നു. ആ മൂന്ന് ദിവസവും യൂണിറ്റിൽ ഉണ്ടായിരുന്ന എല്ലാവരും വലിയ സന്തോഷത്തിലായിരുന്നു. അതൊരു നല്ല പാട്ടാണ്, ശ്രീനിവാസൻ സാറും മമ്മൂക്കയും നന്നായി ചെയ്തിരുന്നു. കൊറിയോഗ്രാഫി കാണുമ്പോൾ നന്നായിരുന്നു. ശ്രീനി സാറിന്റെ കരിയറിലെ ബെസ്ററ് ഡാൻസാണ് അത്.

മമ്മൂക്കയ്ക്ക് ആ സ്റ്റെപ്പ് പറഞ്ഞു കൊടുക്കുമ്പോൾ , ഇതൊരു സിംപിൾ മൂവ്മെന്റാണ് ചെയ്താൽ നന്നാവുമെന്ന് പറഞ്ഞത് ഞാനാണ്. പക്ഷെ അത് ഇത്രയും പോപ്പുലർ ആവുമെന്ന് ഞാൻ കരുതിയില്ല,’കല മാസ്റ്റർ പറഞ്ഞു.

 

Content Highlight: Kala Master Talk About Mohanlal’s Dance