ഫുട്ബോളില്‍ രണ്ട് പതിറ്റാണ്ടുകളായി മിന്നും പ്രകടനങ്ങളിലൂടെ ആധിപത്യം പുലര്‍ത്തുന്ന ഇതിഹാസതാരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. ഇരുതാരങ്ങളില്‍ ഏറ്റവും മികച്ചത് ആരാണെന്നുള്ള സംവാദങ്ങളും ചര്‍ച്ചകളും എപ്പോഴും സജീവമായി നിലനില്‍ക്കുന്ന ഒന്നാണ്.
ഗോട്ട് ഡിബേറ്റില്‍ തന്റെ അഭിപ്രായം പറയുകയാണ് ബ്രസീലിയന്‍ ഇതിഹാസം കക്ക. റൊണാള്‍ഡോക്കൊപ്പം കളിച്ചിട്ടുണ്ടെങ്കിലും മെസിയെയാണ് ഏറ്റവും മികച്ച താരമായി മുന്‍ ബ്രസീലിയന്‍ താരം തെരഞ്ഞെടുത്തത്. വണ്‍ ഫുട്‌ബോളിന് നല്‍കിയ അഭിമുഖത്തിലാണ് കക്ക ഇക്കാര്യം പറഞ്ഞത്.
‘ഞാന്‍ റൊണാള്‍ഡോക്കൊപ്പം കളിച്ചിട്ടുണ്ട്. അവന്‍ ശരിക്കും അതിശയകരമാണ്. പക്ഷേ ഞാന്‍ മെസിയുടെ പേര് പറയും. മെസി ഒരു പ്രതിഭയാണ്. അവന്‍ കളിക്കുന്ന രീതി അവിശ്വസനീയമാണ്. റൊണാള്‍ഡോ ഒരു യന്ത്രം പോലെയാണ്. അവന്‍ ശക്തനും വേഗതയുള്ളവനായതുകൊണ്ടും മാത്രമല്ല. അവന്‍ മാനസികമായി വളരെ മുന്നിലാണ്. മത്സരങ്ങള്‍ എപ്പോഴും വിജയിക്കാന്‍ റൊണാള്‍ഡോ ആഗ്രഹിക്കുന്നു.
എന്നെ സംബന്ധിച്ചിടത്തോളം ഈ കാര്യം അവിശ്വസനീയമായ ഒന്നാണ്. ഫുട്‌ബോളിന്റെ ചരിത്രത്തില്‍ മെസിയും റൊണാള്‍ഡോയും ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഉള്ളവരാണ്. ഇരുവരുടെയും കളികള്‍ നേരില്‍ കാണാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഭാഗ്യവാനാണ്,’ കക്ക പറഞ്ഞു.
2009 മുതല്‍ 2013 വരെയാണ് സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിന് വേണ്ടി കക്കയും റൊണാള്‍ഡോയും ഒരുമിച്ച് പന്തുതട്ടിയത്. നാല് സീസണുകളില്‍ ലോസ് ബ്ലാങ്കോസിനൊപ്പം 99 മത്സരങ്ങളിലാണ് ഇരുവരും ഒരുമിച്ച് കളിച്ചത്. ഇതില്‍ 21 ഗോളുകളാണ് ഇരുവരും ചേര്‍ന്ന് സ്പാനിഷ് വമ്പന്‍മാര്‍ക്ക് വേണ്ടി നേടിയത്.
മെസിക്കെതിരെ തങ്ങളുടെ ക്ലബ്ബ് തലത്തിലും രാജ്യാന്തരതലത്തിലും 12 മത്സരങ്ങളിലാണ് കക്ക ബൂട്ട് കെട്ടിയത്. ഇതില്‍ നാല് വീതം വിജയങ്ങളാണ് ഇരുവരും സ്വന്തമാക്കിയത്. നാല് മത്സരങ്ങള്‍ സമനിലയില്‍ പിരിയുകയും ചെയ്തു.