ആധുനിക ഫുട്‌ബോളില്‍ മികച്ച യുവതാരങ്ങളായി പേരെടുത്തവരാണ് എര്‍ലിങ് ഹാലണ്ടും വിനീഷ്യസ് ജൂനിയറും കിലിയന്‍ എംബാപ്പെയും. ഫുട്‌ബോള്‍ ഇതിഹാസങ്ങളായ ലയണല്‍ മെസി ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നിവര്‍ വിരമിക്കുമ്പോള്‍ അവരുടെ സ്ഥാനം മൂവരും കവര്‍ന്നെടുക്കുമെന്നതില്‍ തര്‍ക്കമില്ല.
റയല്‍ മാഡ്രിഡിനായി വിനീഷ്യസ് ജൂനിയര്‍ മികച്ച പ്രകടനം പുറത്തെടുക്കുമ്പോള്‍ ഈ സീസണില്‍ മാത്രം 52 ഗോളുകള്‍ അക്കൗണ്ടിലാക്കിയിരിക്കുകയാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോളടിയന്ത്രം എര്‍ലിങ് ഹാലണ്ട്. അതേസമയം, കിലിയന്‍ എംബാപ്പെയാകട്ടെ ലോകകപ്പില്‍ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കുകയും പി.എസ്.ജിയുടെ ജീവനാഡിയായി തുടരുകയാണ്.
ഫുട്‌ബോളില്‍ ഈ യുവതാരങ്ങള്‍ മത്സരിച്ച് ഗോള്‍ സ്‌കോര്‍ ചെയ്യുമ്പോള്‍ ലോകത്തിലെ ഏറ്റവും മികച്ച താരമായി ബ്രസീല്‍ ഇതിഹാസം കക്ക തെരഞ്ഞെടുത്തത് മൂവരെയുമല്ല. നെയ്മറാണ് മികച്ച കളിക്കാരന്‍ എന്നാണ് കക്ക അഭിപ്രായപ്പെടുന്നത്. നെയ്മറിന്റെ കളി ശൈലി തനിക്കൊരുപാട് ഇഷ്ടമാണെന്നും അദ്ദേഹം എക്കാലത്തെയും മികച്ച കളിക്കാരനാണെന്നും കക്ക പറഞ്ഞു.
‘എനിക്കറിയില്ല, ഒരുപക്ഷേ ഞങ്ങള്‍ക്കിടയില്‍ വ്യക്തിപരമായ അടുപ്പമുള്ളത് കൊണ്ടായിരിക്കാം നെയ്മറാണ് മികച്ച കളിക്കാരനെന്ന് ഞാന്‍ വിശ്വസിക്കുന്നത്. എനിക്കവന്റെ കളി ശൈലി വളരെയധികം ഇഷ്ടമാണ്. തീര്‍ച്ചയായും മെസിയും ക്രിസ്റ്റ്യാനോയും എംബാപ്പെയും വിനീഷ്യസുമെല്ലാം മികച്ച താരങ്ങളാണ്. എന്നാലും നെയമറാണ് എല്ലാരെക്കാളും മികച്ചതെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ കക്ക പറഞ്ഞു.
പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ നെയ്മര്‍ ഈ സീസണില്‍ പി.എസ്.ജിയിലെ മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ദേശീയ ഫുട്‌ബോളിലും ക്ലബ്ബ് കരിയറിലും മികവ് പുലര്‍ത്തിയിട്ടുള്ള താരത്തിന് ലോകകപ്പിന് ശേഷം പഴയ ഫോമിലേക്ക് തിരിച്ചെത്താന്‍ സാധിച്ചിരുന്നില്ല. ഈ സീസണിന്റെ അവസാനത്തോടെ പി.എസ്.ജി താരത്തെ റിലീസ് ചെയ്യുമെന്ന് അഭ്യൂഹങ്ങളുണ്ട്.
2025 വരെ പാരീസിയന്‍ ക്ലബ്ബുമായി താരത്തിന് കരാര്‍ ഉണ്ടെങ്കിലും വരുന്ന സമ്മര്‍ ട്രാന്‍സ്ഫറില്‍ നെയമര്‍ ക്ലബ്ബ് വിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിനിടെ താരം തന്റെ പഴയ തട്ടകമായ ബാഴ്‌സലോണയിലേക്ക് മടങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെന്നും എന്നാല്‍ ക്ലബ്ബിലെ സാമ്പത്തിക പ്രതിസന്ധി കാരണം നെയ്മറെ ബാഴ്‌സക്ക് സൈന്‍ ചെയ്യിക്കാന്‍ സാധിക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
എന്നിരുന്നാലും പി.എസ്.ജി വിടുന്ന കാര്യത്തിലോ മറ്റേതെങ്കിലും ക്ലബ്ബുമായി സൈനിങ് നടത്തുന്ന കാര്യത്തിലോ നെയ്മര്‍ ഔദ്യോഗിക പ്രതികരണം അറിയിച്ചിട്ടില്ല.