സ്റ്റാര്‍ കിഡ് എന്ന നിലയില്‍ മക്കളെക്കാള്‍ നല്ല കുട്ടിക്കാലമാണ് തനിക്കുണ്ടായിരുന്നതെന്ന് കജോള്‍. താരങ്ങളുടെ മക്കള്‍ക്ക് വലിയ സമ്മര്‍ദം അനുഭവിക്കേണ്ടി വരുന്നുണ്ടെന്നും വ്യക്തികള്‍ എന്ന നിലയില്‍ അവര്‍ക്ക് സ്വകാര്യത ലഭിക്കണമെന്നും കജോള്‍ പറഞ്ഞു. ദി ക്വിന്റിന് നല്‍കിയ അഭിമുഖത്തിലാണ് കജോള്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘സ്റ്റാര്‍ കിഡ് എന്ന നിലയില്‍ മക്കളെ അപേക്ഷിച്ച് നോക്കുമ്പോള്‍ കുറച്ചുകൂടി നല്ല കുട്ടിക്കാലമാണ് എനിക്കുണ്ടായിരുന്നത്. അവര്‍ക്കുണ്ടാകുന്ന സമ്മര്‍ദം വെച്ച് നോക്കുമ്പോള്‍ അങ്ങനെയാണ് തോന്നുന്നത്. സമൂഹം എന്ന നിലയില്‍ അതില്‍ ചില മാറ്റങ്ങള്‍ വരേണ്ടതുണ്ട്.
ഞങ്ങള്‍ സിനിമകള്‍ കൊണ്ട് ഇത്തരം സാഹചര്യങ്ങളിലേക്ക് വന്നു. എന്നാല്‍ അവര്‍ പിറന്നുവീഴുന്നത് തന്നെ ഒരു ഫെയ്മിലേക്കാണ്. അത് പരിഗണിക്കപ്പെടേണ്ട സംഗതിയാണ്. വ്യക്തികള്‍ എന്ന നിലയില്‍ ആ കുട്ടികള്‍ക്ക് സ്വകാര്യത ലഭിക്കണം. പലപ്പോഴും എനിക്ക് തോന്നിയിട്ടുള്ള കാര്യമാണ്. ഇത് ശരിയല്ലെന്ന് പൊതുസമൂഹം മനസിലാക്കേണ്ടതുണ്ട്,’ കജോള്‍ പറഞ്ഞു.
ലസ്റ്റ് സ്റ്റോറീസാണ് ഒടുവില്‍ പുറത്തുവന്ന കജോളിന്റെ ചിത്രം. നാല് ഭാഗങ്ങളടങ്ങുന്ന ലസ്റ്റ് സ്റ്റോറീസ് ആന്തോളജിയില്‍ അമിത് രവീന്ദര്‍നാഥ് ശര്‍മ്മ സംവിധാനം ചെയ്ത ചിത്രത്തിലാണ് കജോള്‍ അഭിനയിച്ചത്. സുജോയ് ഘോഷ്, ആര്‍. ബാല്‍ക്കി, കൊങ്കണ സെന്‍ ശര്‍മ്മ എന്നിവരാണ് ലസ്റ്റ് സ്റ്റോറീസിലെ മറ്റ് മൂന്ന് കഥകള്‍ സംവിധാനം ചെയ്തത്.