എഴുത്തുകാരന്റെ ഏറ്റവും വലിയ വെല്ലുവിളി സിനിമയില്‍ ഉണ്ടാകുന്ന മാറ്റങ്ങളെ അതിജീവിക്കുക എന്നതാണെന്ന് ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍. ചില വിപ്ലവങ്ങള്‍ നടക്കുമ്പോള്‍ നമ്മളും അതിനൊപ്പം ചേരുകയാണ് വേണ്ടതെന്നും അല്ലാത്തപക്ഷം നമ്മള്‍ പാതിവഴിയില്‍ നിന്നുപോകുമെന്നും കൈതപ്രം ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘മലയാളസംഗീതത്തില്‍ പുതിയൊരു വഴി തുറന്ന പാട്ടായിരുന്നു ‘ലജ്ജാവതിയേ നിന്റെ കള്ളകടക്കണ്ണില്‍’. ഞാനാണ് ആ പാട്ടെഴുതിയത്. അത്തരം വിപ്ലവങ്ങള്‍ നടക്കുമ്പോള്‍ നമ്മളും അതിനൊപ്പം ചേരുകയാണ് ചെയ്യേണ്ടത്. അല്ലെങ്കില്‍ നമ്മള്‍ പാതിവഴിയില്‍ നിന്നുപോകും. ആരോടും കലഹിച്ചിട്ട് കാര്യമില്ല. സമന്വയത്തിന്റെ വഴിയാണ് എപ്പോഴും നല്ലത്’, കൈതപ്രം പറഞ്ഞു.
പുതുതലമുറയിലെ ഇഷ്ട പാട്ടെഴുത്തുകാര്‍ ആരൊക്കെയാണെന്ന ചോദ്യത്തിന് റഫീക്ക് അഹമ്മദും ഹരി നാരായണനുമാണ് പുതിയ കാലത്തെ ഗാനരചയിതാക്കളില്‍ തനിക്കേറെ ഇഷ്ടപ്പെട്ടവര്‍ എന്നായിരുന്നു കൈതപ്രത്തിന്റെ മറുപടി.
അവരുടെ പാട്ടുകളില്‍ സാഹിത്യം ഉള്‍ച്ചേര്‍ന്നിട്ടുണ്ടെന്നും കൈതപ്രം പറഞ്ഞു. സ്പിരിറ്റ് എന്ന സിനിമയിലെ റഫീക്കിന്റെ പാട്ടുകള്‍ എനിക്ക് വളരെ ഇഷ്ടമാണ്. പക്ഷേ, പുതിയകാലത്തെ ഗാനരചയിതാക്കളുടെ ഒരുപരിമിതിയായി തോന്നിയിട്ടുള്ളത് അവര്‍ക്ക് ഒരേസമയം വ്യത്യസ്തങ്ങളായ സിനിമകള്‍ വരുമ്പോള്‍ വിജയകരമായി അതിജീവിക്കാനാകുന്നില്ല എന്നതാണ്.
ഒരേസമയം പത്ത് സിനിമകള്‍ക്ക് വരെ ഞാന്‍ പാട്ടെഴുതിയിട്ടുണ്ട്. അമരം, ഞാന്‍ ഗന്ധര്‍വന്‍, കമലദളം എല്ലാം ഒരേസമയമാണ് എഴുതിയത്, കൈതപ്രം പറഞ്ഞു.
ഇനിയും ബാക്കി നില്‍ക്കുന്ന ആഗ്രഹങ്ങള്‍ ഏതൊക്കെയാണെന്ന ചോദ്യത്തിന് താന്‍ സംവിധാനം ചെയ്ത സിനിമ എത്രയും പെട്ടെന്ന് തിയ്യേറ്ററില്‍ എത്തിക്കണമെന്നതായിരുന്നു കൈതപ്രത്തിന്റെ മറുപടി. ‘സമൂഹത്തിന് വേണ്ടി കുറച്ചധികം കാര്യങ്ങള്‍ ചെയ്യണം. ഒപ്പം ഇതുവരെ ജീവിച്ച പോലെ ശാന്തമായി തന്നെ മുന്നോട്ടു പോകണം. നഷ്ടങ്ങളെ ഞാന്‍ കണക്കുകൂട്ടാറില്ല. ലോഹി പറയാറുണ്ട് നമ്മള്‍ ചെയ്തതൊക്കെ ശരിയാടോ അതാണ് ആള്‍ക്കാര്‍ നമ്മളെ മതിക്കുന്നതെന്ന് അതിനാല്‍ ചെയ്തതെല്ലാം ശരിയാണെന്ന് ഞാന്‍ വിചാരിക്കുന്നു’, കൈതപ്രം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക