ഇരിക്കല്‍ സമരം, കേരളത്തിലെ തൊഴില്‍ മേഖലയില്‍ വഴിത്തിരിവാകുന്ന സമരം:കെ.വേണു
Discourse
ഇരിക്കല്‍ സമരം, കേരളത്തിലെ തൊഴില്‍ മേഖലയില്‍ വഴിത്തിരിവാകുന്ന സമരം:കെ.വേണു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th January 2015, 3:42 pm

സമരം തുടങ്ങിയിട്ട് ദിവസങ്ങള്‍ പിന്നിട്ടുവെങ്കിലും മുഖ്യധാരാ പത്രങ്ങളിലോ ചാനലുകളിലോ ചെറിയൊരു റിപ്പോര്‍ട്ടുപോലും വന്നില്ല. വരാന്‍ സാധ്യതയുമില്ല. സ്ഥാപനത്തിന്റെ ഉടമ പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും നല്‍കിക്കൊണ്ടിരിക്കുന്ന പരസ്യം ഇപ്പോള്‍ മൂന്നിരട്ടിയായി വര്‍ദ്ധിപ്പിച്ചിരിക്കുകയാണത്രെ. മാധ്യമങ്ങളില്‍ സമരവാര്‍ത്ത ഒരു വിധത്തിലും വരാതിരിക്കാനുള്ള മുന്‍കരുതലാണിത്. ഇതിനുവേണ്ടി ലക്ഷങ്ങള്‍ ചിലവാക്കാന്‍ ഈ മുതലാളിയ്ക്ക് മടിയില്ല. പക്ഷേ, തൊഴിലാളികള്‍ക്ക് വേതനം കൂട്ടികൊടുക്കാന്‍ തയ്യാറല്ല.

| ഒപ്പീനിയന്‍ | കെ.വേണു |

ഒരു വലിയ തുണിക്കടയില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് 8 മണി വരെ നിന്ന് മാത്രം ജോലിചെയ്യുന്ന പത്തും പതിനഞ്ചും വര്‍ഷത്തെ സര്‍വീസുള്ള സ്ത്രീ തൊഴിലാളികള്‍ ഇടയ്ക്ക് ഇരിയ്ക്കാന്‍ അനുവാദം ചോദിച്ചതിന്റെ പേരില്‍ പുറത്താക്കപ്പെട്ടിരിക്കുന്നു. നേരിട്ട് പുറത്താക്കുകയല്ല ചെയ്തത്. 6000-7000 രൂപ ശമ്പളം വാങ്ങുന്ന തൊഴിലാളികളെ തിരുവനന്തപുരത്തേയ്ക്ക് മാറ്റുകയാണ് ചെയ്തത്.

ഈ തുച്ഛ വരുമാനം കൊണ്ട് കുടുംബം പുലര്‍ത്തുന്ന ഇവര്‍ക്ക് തിരുവനന്തപുരത്തുപോയി ജോലി ചെയ്യാനാവില്ലെന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളു. തിരുവനന്തപുരത്തു പോകാനാവില്ലെന്നും ഇവിടെത്തന്നെ ജോലി നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഈ തൊഴിലാളികള്‍ കടയുടെ മുന്നില്‍ സമരം ആരംഭിച്ചിരിക്കുകയാണ്.

തൃശ്ശൂരിലെ കല്യാണ്‍ സില്‍ക്ക്‌സിന്റെ സഹോദര സ്ഥാപനമായ കല്യാണ്‍ സാരീസിന് മുന്നില്‍ ഇക്കഴിഞ്ഞ ഡിസംബര്‍ 30ന് ആരംഭിച്ച സമരം കേരളത്തിലെ തൊഴില്‍മേഖലകളില്‍ നിലനില്‍ക്കുന്ന ഭീകരമെന്നുതന്നെ പറയാവുന്ന ദൈന്യാവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാന്‍ പോന്ന ഒരു വഴിത്തിരിവായി മാറിക്കൂടായ്കയില്ല.

പത്തും പന്ത്രണ്ടും മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് നിയമപ്രകാരമുള്ള തൊഴിലവകാശങ്ങളെല്ലാം നിഷേധിക്കുകയും ചെയ്യുന്നു. ഇരിയ്ക്കാനും വിശ്രമിക്കാനും സൗകര്യങ്ങള്‍ ഇല്ലെന്ന് മാത്രമല്ല, ഭക്ഷണം കഴിക്കാനും ടോയ്‌ലെറ്റില്‍ പോകാന്‍പോലും കര്‍ക്കശമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

K-venu2

സമരം തുടങ്ങിയിട്ട് ദിവസങ്ങള്‍ പിന്നിട്ടുവെങ്കിലും മുഖ്യധാരാ പത്രങ്ങളിലോ ചാനലുകളിലോ ചെറിയൊരു റിപ്പോര്‍ട്ടുപോലും വന്നില്ല. വരാന്‍ സാധ്യതയുമില്ല. സ്ഥാപനത്തിന്റെ ഉടമ പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും നല്‍കിക്കൊണ്ടിരിക്കുന്ന പരസ്യം ഇപ്പോള്‍ മൂന്നിരട്ടിയായി വര്‍ദ്ധിപ്പിച്ചിരിക്കുകയാണത്രെ. മാധ്യമങ്ങളില്‍ സമരവാര്‍ത്ത ഒരു വിധത്തിലും വരാതിരിക്കാനുള്ള മുന്‍കരുതലാണിത്. ഇതിനുവേണ്ടി ലക്ഷങ്ങള്‍ ചിലവാക്കാന്‍ ഈ മുതലാളിയ്ക്ക് മടിയില്ല. പക്ഷേ, തൊഴിലാളികള്‍ക്ക് വേതനം കൂട്ടികൊടുക്കാന്‍ തയ്യാറല്ല.

മാത്രമല്ല പത്തും പന്ത്രണ്ടും മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് നിയമപ്രകാരമുള്ള തൊഴിലവകാശങ്ങളെല്ലാം നിഷേധിക്കുകയും ചെയ്യുന്നു. ഇരിയ്ക്കാനും വിശ്രമിക്കാനും സൗകര്യങ്ങള്‍ ഇല്ലെന്ന് മാത്രമല്ല, ഭക്ഷണം കഴിക്കാനും ടോയ്‌ലെറ്റില്‍ പോകാന്‍പോലും കര്‍ക്കശമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

തൊഴിലവകാശങ്ങളും മനുഷ്യാവകാശങ്ങളും നഗ്നമായി ലംഘിക്കപ്പെടുന്നു. നമ്മുടെ ജനാധിപത്യ വ്യവസ്ഥയിലെ നിയമവാഴ്ചയ്ക്ക് യാതൊരു പ്രസക്തിയുമില്ലെന്ന് തെളിയിക്കുന്ന ഭീകരാവസ്ഥയാണ് ഇത്തരം സ്ഥാപനങ്ങളില്‍ നിലനില്‍ക്കുന്നത്.

K-venu4 ഈ തൊഴിലാളികളുടെ സമരത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുന്ന ആം ആദ്മി പാര്‍ട്ടിയെ പ്രതിനിധീകരിച്ച് തൊഴിലാളികളുടെ ന്യായമായ അവകാശങ്ങളെക്കുറിച്ച് സംസാരിക്കാന്‍ ചെന്ന സാറാജോസഫിനോട് ധിക്കാരപരമായാണ് കടയുടമ സംസാരിച്ചത്. പത്രങ്ങളെയും ചാനലുകളെയും ട്രേഡ് യൂണിയനുകളെയും രാഷ്ട്രീയപാര്‍ട്ടികളെയും അധികാരിവര്‍ഗ്ഗങ്ങളെയുമെല്ലാം തങ്ങള്‍ വിലയ്‌ക്കെടുത്തിരിക്കുകയാണെന്ന അഹങ്കാരത്തിന്റെ പ്രകടനമാണ് ഈ സമീപനത്തില്‍ കണ്ടത്. അങ്ങനെ വിലയ്‌ക്കെടുക്കാന്‍ സാധ്യമല്ലാത്ത സോഷ്യല്‍ മീഡിയയ്ക്കു മാത്രമേ ഈ തൊഴിലാളികള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിയൂ.

ഇത് വെറും ആറു തൊഴിലാളികളുടെ പ്രശ്‌നമല്ല. 60-70 ലക്ഷം തൊഴിലാളികളുടെ പ്രശ്‌നമാണ്. ചെറിയ പീടികകള്‍ മുതല്‍ തുണിക്കടകളും സ്വര്‍ണ്ണക്കടകളും സൂപ്പര്‍മാര്‍ക്കറ്റുകളും ഹോട്ടലുകളും വരെയുള്ള വ്യാപാരസ്ഥാപനങ്ങള്‍, ചെറുതും വലുതുമായ ആശുപത്രി അണ്‍ എയ്ഡഡ് സ്‌കൂള്‍, കോളേജുകള്‍, അനവധി മറ്റു സ്വകാര്യസ്ഥാപനങ്ങള്‍ എന്നിവയിലെല്ലാം വെള്ളക്കോളര്‍ ജോലിചെയ്യുന്നവരാണ് ഈ 60-70 ലക്ഷം തൊഴിലാളികള്‍. അവര്‍ അസംഘടിതരും, തൊഴില്‍ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവരും തുച്ഛമായ വേതനം പറ്റുന്നവരുമായ തൊഴിലാളികളാണ്.

അടുത്ത പേജില്‍ തുടരുന്നു

ഈ അവസ്ഥയ്ക്ക് പ്രധാന ഉത്തരവാദികള്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളും അവയുടെ യൂണിയനുകളുമാണ്. അവര്‍ വിചാരിച്ചിരുന്നെങ്കില്‍ മുകളില്‍ പറഞ്ഞ ലക്ഷക്കണക്കിനു തൊഴിലാളികളെ സംഘടിപ്പിക്കാനും അവരുടെ ന്യായമായ അവകാശങ്ങള്‍ നേടികൊടുക്കാനും അനായാസം കഴിയുമായിരുന്നു. എന്നാല്‍ വലതുപക്ഷ പാര്‍ട്ടികളെപ്പോലെ ഇടതുപക്ഷപാര്‍ട്ടികളും തിരഞ്ഞെടുപ്പുരാഷ്ട്രീയത്തില്‍ മുഴുകിയതോടെ, തിരഞ്ഞെടുപ്പുഫണ്ടിനുവേണ്ടി മുതലാളിവര്‍ഗ്ഗത്തിന്റെ പക്ഷം ചേരുകയായിരുന്നു. ഇങ്ങിനെയുള്ള ഇടതുപക്ഷപാര്‍ട്ടികളെ തൊഴിലാളിവര്‍ഗ്ഗപാര്‍ട്ടികളെന്ന് പറയുന്നതില്‍ യാതൊരര്‍ത്ഥവുമില്ല.

K-venu5ഇവരില്‍ ബഹുഭൂരിപക്ഷത്തെയും വ്യവസ്ഥാപിത യൂണിയനുകളൊന്നും സംഘടിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല. ചെറിയൊരു വിഭാഗത്തെ ചില യൂണിയനുകളില്‍ അംഗങ്ങളാക്കിയിട്ടുണ്ടെങ്കിലും അവരില്‍നിന്ന് വരിസംഖ്യ പിരിക്കാനല്ലാതെ അവരുടെ ഏറ്റവും ചെറിയ അവകാശങ്ങള്‍ക്കുവേണ്ടിപോലും ഒരു സമരവും നടത്തിയിട്ടില്ല.

ഈ തൊഴിലാളികള്‍ പണിയെടുക്കുന്ന സ്ഥാപനങ്ങളുടെ ഉടമകളുമായിട്ടാണ് ഈ യൂണിയന്‍ നേതൃത്വങ്ങള്‍ക്കും അവരെ നയിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ബന്ധമുള്ളത്. ഇടതു, വലത് വ്യത്യാസമൊന്നുമില്ലാതെ എല്ലാ വിഭാഗം രാഷ്ട്രീയ പാര്‍ട്ടികളുടെയും യൂണിയനുകളുടെയും മുഖ്യവരുമാന സ്രോതസ്സ് ഈ സ്ഥാപനമുടമകളാണ്.

കേരളത്തിലെ ഏറ്റവും വലിയ സംഘടന ഇവരുടേതാണ് വ്യാപാരിവ്യവസായി ഏകോപനസമിതി. ഈ സംഘടന ചുമട്ടുതൊഴിലാളികളുടെ സംഘടിത വിലപേശലിനെതിരെ ഉയര്‍ന്നുവന്നതാണ്. ഇപ്പോള്‍ മുതലാളിമാര്‍ ഏറ്റവും വലിയ സംഘടിത ശക്തിയാവുകയും അവര്‍ക്കു കീഴിലെ തൊഴിലാളികളില്‍ ബഹുഭൂരിപക്ഷവും അസംഘടിതരായി തുടരുകയും ചെയ്യുന്ന വിചിത്രമായ അവസ്ഥയാണ് കേരളത്തിലുള്ളത്.

ഈ അവസ്ഥയ്ക്ക് പ്രധാന ഉത്തരവാദികള്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളും അവയുടെ യൂണിയനുകളുമാണ്. അവര്‍ വിചാരിച്ചിരുന്നെങ്കില്‍ മുകളില്‍ പറഞ്ഞ ലക്ഷക്കണക്കിനു തൊഴിലാളികളെ സംഘടിപ്പിക്കാനും അവരുടെ ന്യായമായ അവകാശങ്ങള്‍ നേടികൊടുക്കാനും അനായാസം കഴിയുമായിരുന്നു. എന്നാല്‍ വലതുപക്ഷ പാര്‍ട്ടികളെപ്പോലെ ഇടതുപക്ഷപാര്‍ട്ടികളും തിരഞ്ഞെടുപ്പുരാഷ്ട്രീയത്തില്‍ മുഴുകിയതോടെ, തിരഞ്ഞെടുപ്പുഫണ്ടിനുവേണ്ടി മുതലാളിവര്‍ഗ്ഗത്തിന്റെ പക്ഷം ചേരുകയായിരുന്നു. ഇങ്ങിനെയുള്ള ഇടതുപക്ഷപാര്‍ട്ടികളെ തൊഴിലാളിവര്‍ഗ്ഗപാര്‍ട്ടികളെന്ന് പറയുന്നതില്‍ യാതൊരര്‍ത്ഥവുമില്ല.

ഒരു സ്ഥാപനത്തില്‍ 7 തൊഴിലാളികളായാല്‍ യൂണിയനായി സമരമായി എന്നാണ് കേരളത്തെക്കുറിച്ച് പറയാറുള്ളത്. പണം മുടക്കാന്‍ കേരളത്തിലേക്ക് ആളുകള്‍ വരാതിരിക്കുന്നത് അതുകൊണ്ടാണെന്നും പറയാറുണ്ട്. അത്തരമൊരവസ്ഥ കേരളത്തിലുണ്ടായിരുന്നു എന്നത് ശരിയാണ്. പക്ഷേ, ഇപ്പോള്‍ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. നേരത്തെ 7 പേരില്‍ കുറയാത്ത ഒരു സ്ഥാപനത്തിലെ തൊഴിലാളികള്‍ യോഗം ചേര്‍ന്ന് യൂണിയനുണ്ടാക്കാന്‍ തീരുമാനിച്ചതിന്റെ മിനിറ്റ്‌സുമായി ജില്ലാ ലേബര്‍ ഓഫീസില്‍ അപേക്ഷിച്ചാല്‍ യൂണിയന്‍ രജിസ്‌ട്രേഷന്‍ കിട്ടാന്‍ തടസ്സങ്ങളുണ്ടായിരുന്നില്ല.

k-venu-7

എന്നാല്‍, കഴിഞ്ഞ രണ്ടു ദശകങ്ങളില്‍ കേന്ദ്ര-സംസ്ഥാന തലങ്ങളിലുണ്ടായ തൊഴില്‍ നിയമ ഭേദഗതികളിലൂടെ ഈ അവസ്ഥ പാടെ മാറ്റം വന്നു. ഒരു സ്വതന്ത്ര യൂണിയന് രജിസ്‌ട്രേഷന്‍ കിട്ടണമെങ്കില്‍ ജില്ലാതലത്തില്‍ അപേക്ഷിക്കാനാവില്ല. സംസ്ഥാനതലത്തില്‍ ചെല്ലുന്ന അപേക്ഷകള്‍ക്ക് അംഗീകാരം കിട്ടണമെങ്കില്‍ അനവധി കടമ്പകളും വര്‍ഷങ്ങളുടെ കാലതാമസവുമാണ് നേരിടുന്നത്. വ്യവസ്ഥാപിത പാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള കേന്ദ്രീകൃത യൂണിയനുകള്‍ ഈ അവസ്ഥയെ എതിര്‍ക്കുന്നില്ല. കാരണം സ്വതന്ത്രയൂണിയനുകള്‍ ഉണ്ടാകാതിരിക്കണം എന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. സ്വതന്ത്രമായോ പ്രാദേശികമായോ യൂണിയനുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരൊക്കെ തങ്ങളുടെ കേന്ദ്രീത യൂണിയനുകളില്‍ അഫിലിയേറ്റ് ചെയ്‌തോട്ടെ എന്നാണ് അവരുടെ നിലപാട്. മുതലാളിപക്ഷത്ത് നിലകൊള്ളുന്ന ഈ യൂണിയനുകളില്‍ ചേരുന്നതോടെ ഒരവകാശസമരവും നടത്താനാകാതെ കെട്ടിയിടപ്പെട്ട അവസ്ഥയിലെത്തുകയും ചെയ്യും.

വെള്ളക്കോളര്‍ തൊഴിലാളികള്‍ 60-70 ലക്ഷം പേര്‍ അസംഘടിതരാണെന്ന് പറയുമ്പോള്‍ കേരളത്തിലെ സംഘടിത തൊഴിലാളി വര്‍ഗ്ഗം എത്രയാണെന്നുകൂടി അറിയണം. അഞ്ചര ലക്ഷം വരുന്ന സര്‍ക്കാര്‍ ജീവനക്കാരും സര്‍ക്കാര്‍ അധ്യാപകരും ഉള്‍പ്പെടെ, എല്ലാ കേന്ദ്രീകൃത യൂണിയനുകളുടെയും കീഴില്‍ 15 ലക്ഷത്തോളം പേര്‍ മാത്രമാണ് സംഘടിതരായിട്ടുള്ളത്. പൊതു മേഖലാസ്ഥാപനങ്ങളിലും അപൂര്‍വ്വം വന്‍കിട സ്വകാര്യസ്ഥാപനങ്ങളിയെും തൊഴിലാളികളാണിവര്‍.

അടുത്ത പേജില്‍ തുടരുന്നു

സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ നേഴ്‌സുമാരുടെ സമരം ശക്തമായപ്പോഴാണ് 34 ലക്ഷം രൂപ ചിലവാക്കി പഠിച്ച്, ജോലി ലഭിക്കുന്ന നേഴ്‌സിനു ലഭിച്ചിരുന്ന വേതനം 4000-5000 രൂപയായിരുന്നു എന്ന് ജനങ്ങള്‍ മനസ്സിലാക്കിയത്. അതായത് ദിവസകൂലി കണക്കാക്കിയാല്‍ 150 രൂപ! ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലും സ്വാശ്രയ കോളേജുകളിലും പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് നിര്‍മ്മാണ തൊഴിലാളികളുടെ കൂലിയുടെ മൂന്നിലൊന്നുപോലും ലഭിക്കാത്ത അവസ്ഥയുണ്ടെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.

K-venu6

പരമ്പരാഗത വ്യവസായ മേഖലകളില്‍ വലിയ യൂണിയനുകള്‍ നേരത്തെ ഉണ്ടായിരുന്നു. പക്ഷേ, മേഖലയിലെ തകര്‍ച്ചയും പ്രതിസന്ധിയും നിമിത്തം യൂണിയനുകള്‍ ദുര്‍ബ്ബലമാവുകയും നാമമാത്രമായി നിലനില്‍ക്കുന്നവയുമായി. മറ്റു ചില മേഖലകളിലും കാര്‍ഷികമേഖലയിലുമെല്ലാം നാമമാത്രയൂണിയനുകളുണ്ടെങ്കിലും അവകാശസമരങ്ങള്‍ നടത്തുന്നവയില്ല.

യൂണിയനുകളും സമരങ്ങളുമില്ലാതെ കേരളത്തില്‍ ഉയര്‍ന്ന കൂലി ലഭിക്കുന്നത് ഇതര സംസ്ഥാനതൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണതൊഴിലാളികള്‍ക്ക് മാത്രമാണ്. അവിദഗ്ദ്ധരും വിദഗ്ദ്ധരുമായ തൊഴിലാളികള്‍ക്ക് ഈ മേഖലയില്‍ 500 രൂപ മുതല്‍ 800-1000 രൂപ വരെ ദിവസകൂലി ലഭിക്കുന്നുണ്ട്. ഇവരുമായി താരതമ്യം ചെയ്യുമ്പോഴാണ് വെള്ളക്കോളര്‍ ജീവനക്കാരുടെ ദൈന്യാവസ്ഥ മനസ്സിലാവുക.

സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ നേഴ്‌സുമാരുടെ സമരം ശക്തമായപ്പോഴാണ് 34 ലക്ഷം രൂപ ചിലവാക്കി പഠിച്ച്, ജോലി ലഭിക്കുന്ന നേഴ്‌സിനു ലഭിച്ചിരുന്ന വേതനം 4000-5000 രൂപയായിരുന്നു എന്ന് ജനങ്ങള്‍ മനസ്സിലാക്കിയത്. അതായത് ദിവസകൂലി കണക്കാക്കിയാല്‍ 150 രൂപ! ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലും സ്വാശ്രയ കോളേജുകളിലും പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് നിര്‍മ്മാണ തൊഴിലാളികളുടെ കൂലിയുടെ മൂന്നിലൊന്നുപോലും ലഭിക്കാത്ത അവസ്ഥയുണ്ടെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.

ഇത്തരം വിവിധ മേഖലകളില്‍ ലക്ഷക്കണക്കിന് പേരാണ് സംഘടിക്കാനാവാതെ, സേവനാവകാശങ്ങള്‍ ലഭിക്കാതെ തുച്ഛവേതനത്തിന് ജോലി ചെയ്തുകൊണ്ടിരിക്കുന്നത്. യാഥാര്‍ത്ഥ്യം ഇതായിരിക്കെ, ഗുണ്ടായിസം പ്രയോഗിച്ച് നോക്കു കൂലി വാങ്ങുന്ന ഒരു ചെറുസംഖ്യ വരുന്ന ചുമട്ടുതൊഴിലാളികളാണ് കേരളത്തിലെ തൊഴില്‍മേഖലയുടെ മുഖമായി അവതരിപ്പിക്കപ്പെടുന്നത്. കേരളത്തിലെ സാധാരണക്കാരും, സംസ്ഥാനത്തിന് പുറത്തുള്ളവരും കേരളത്തിലെ തൊഴിലാളികളെ കാണുന്നത് ഈ ചുമട്ടുതൊഴിലാളി ഗുണ്ടായിസത്തിലൂടെയാണ്. തൊഴിലാളികളുടെ ന്യായമായ അവകാശസമരങ്ങളോടുപോലും ജനങ്ങള്‍ക്ക് വിമുഖത തോന്നാന്‍ ഇടയാക്കുംവിധം ഈ ചുമട്ടുതൊഴിലാളിഗുണ്ടായിസത്തെ എപ്പോഴും മുന്നില്‍ നിര്‍ത്താന്‍ മുതലാളിമാര്‍ക്ക് എന്നും അവസരം ലഭിച്ചുകൊണ്ടിരിക്കുകയും ചെയ്തു.

പരസ്യമായി പിന്തുണയ്ക്കാന്‍ എല്ലാവരും ഭയപ്പെടുന്നു. ഈ ഭയമാണ് മുതലാളിമാര്‍ ഉപയോഗിക്കുന്നത്. തൊഴിലാളികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഈ ഭയത്തെ മറികടന്നുകൊണ്ട് അവര്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ കഴിയുംവിധമുള്ള പലവിധ ഇടപെടലുകള്‍ക്ക് സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗപ്പെടണം. ഈ സമരത്തിന് മലയാളിസമൂഹത്തിന്റെ മുഴുവന്‍ പിന്തുണയും ലഭിക്കേണ്ടതുണ്ട്. കൂലി കൂടുതലിനോ തൊഴിലവകാശങ്ങള്‍ക്കോ വേണ്ടി മാത്രമല്ല ഈ സമരം. അടിമത്തത്തിനെതിരെ, പ്രാഥമിക മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയുള്ള സമരമാണിത്.

K-venu

ഈ പശ്ചാത്തലത്തിലാണ് പത്രങ്ങളും ചാനലുകളും രാഷ്ട്രീയപാര്‍ട്ടികളെയുമെല്ലാം വിലയ്‌ക്കെടുത്ത് തൊഴിലാളികളെ അടിമകളെപ്പോലെ ചവിട്ടിമെതിക്കുന്ന കല്യാണ്‍ മുതലാളിയുടെ പങ്ക് അവസാനിപ്പിയ്ക്കാന്‍, ഇതുപോലുള്ള മറ്റു മുതലാളിമാര്‍ക്ക് താക്കീത് നല്‍കാന്‍, സാമൂഹ്യമാധ്യമങ്ങള്‍ക്ക് പ്രധാനപ്പെട്ട പങ്ക് വഹിക്കാനാകുമെന്ന് തിരിച്ചറിയപ്പെടേണ്ടത്. കല്യാണ്‍ സില്‍ക്ക്‌സിലെയും മറ്റനവധി സമാനസ്ഥാപനങ്ങളിലെയും തൊഴിലാളികള്‍ ഈ സമരം വിജയിച്ചു കാണാന്‍ ആഗ്രഹിക്കുന്നവരായിരിക്കും.

പക്ഷേ, പരസ്യമായി പിന്തുണയ്ക്കാന്‍ എല്ലാവരും ഭയപ്പെടുന്നു. ഈ ഭയമാണ് മുതലാളിമാര്‍ ഉപയോഗിക്കുന്നത്. തൊഴിലാളികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഈ ഭയത്തെ മറികടന്നുകൊണ്ട് അവര്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ കഴിയുംവിധമുള്ള പലവിധ ഇടപെടലുകള്‍ക്ക് സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗപ്പെടണം. ഈ സമരത്തിന് മലയാളിസമൂഹത്തിന്റെ മുഴുവന്‍ പിന്തുണയും ലഭിക്കേണ്ടതുണ്ട്. കൂലി കൂടുതലിനോ തൊഴിലവകാശങ്ങള്‍ക്കോ വേണ്ടി മാത്രമല്ല ഈ സമരം. അടിമത്തത്തിനെതിരെ, പ്രാഥമിക മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയുള്ള സമരമാണിത്.

ഈ സമരം വ്യാപകമായ പിന്തുണ അര്‍ഹിക്കുന്നു. എല്ലാ വിഭാഗത്തില്‍ പെട്ടവരും നേരിട്ടുവന്നോ, പലരീതിയില്‍ പ്രതികരണങ്ങള്‍ വെളിപ്പെടുത്തിയോ, സമരത്തിനു പരിഹാരമുണ്ടാകുന്നതുവരെ കല്യാണ്‍ സ്ഥാപനങ്ങളെ ബഹിഷ്‌കരിച്ചോ, സോഷ്യല്‍ മീഡിയ വഴി വ്യത്യസ്ത സമരരീതികള്‍ വളര്‍ത്തിയെടുത്തോ ഈ സമരം പിന്തുണയ്ക്കപ്പെടണം. അസംഘടിതരായ കേരളത്തിലെ ലക്ഷക്കണക്കിനു തൊഴിലാളികള്‍ അനുഭവിക്കുന്ന കൊടിയ ചൂഷണം അവസാനിപ്പിക്കുന്നതിനുള്ള വഴിത്തിരിവായി മാറാം ഈ സമരം.