വല്യേ കാര്യങ്ങളൊക്കെ നോക്കാതെ ആ കുഴിയടക്ക് റിയാസേ, പ്രസാർഭാരതിയൊക്കെ നോക്കാൻ വേറെ ആളുണ്ട്: കെ. സുരേന്ദ്രൻ
Kerala News
വല്യേ കാര്യങ്ങളൊക്കെ നോക്കാതെ ആ കുഴിയടക്ക് റിയാസേ, പ്രസാർഭാരതിയൊക്കെ നോക്കാൻ വേറെ ആളുണ്ട്: കെ. സുരേന്ദ്രൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th February 2023, 1:17 pm

തിരുവനന്തപുരം: ആർ. എസ്. എസിന് കീഴിലുള്ള ഹിന്ദുസ്ഥാൻ സമാചാറുമായി കൈകോർത്ത പ്രസാർ ഭാരതിയെ വിമർശിച്ച സംഭവത്തിൽ മന്ത്രി മുഹമ്മദ്‌ റിയാസിനെ പരിഹസിച്ച് ബി. ജെ. പി സംസ്ഥാന പ്രസിഡന്റ്‌ കെ. സുരേന്ദ്രൻ.

പ്രസാർ ഭാരതിയൊക്കെ നോക്കാൻ വേറെ ആളുണ്ടെന്നും വടക്കോട്ട് നോക്കി സംസാരിക്കാതെ റോഡിലെ കുഴിയടക്ക് എന്നായിരുന്നു സുരേന്ദ്രന്റെ പരാമർശം.

വല്യ വല്യ കാര്യങ്ങളൊന്നും ചെയ്യാതെ ആ കുഴിയൊക്കെ ഒന്ന് അടക്ക്. പ്രസാർ ഭാരതിയൊക്കെ നോക്കാൻ വേറെ ആൾക്കാരുണ്ട്. വടക്കോട്ട് നോക്കി പ്രസംഗിച്ചാൽ പോര. ഇവിടുത്തെ കാര്യങ്ങളൊക്കെ ചെയ്യ്. കുഴി അടയുന്നില്ല, ദേശീയ പാത വികസനം സ്തംഭിക്കേണ്ട സ്ഥിതിയാണ്.

എല്ലാം മോദി ചെയ്യും എന്നാണെങ്കിൽ മന്ത്രിമാരായി നിങ്ങൾ ഇവിടെ എന്തിനാണ്? എല്ലാം മോദി ചെയ്യാൻ ആണെങ്കിൽ എന്തിനാണ് ഒരു സ്റ്റേറ്റ് ഗവണ്മെന്റ്? അതുകൊണ്ട് അങ്ങോട്ട് അധികം വർത്തമാനം പറയാതെ ചെയ്യേണ്ട കാര്യങ്ങളൊക്കെ ചെയ്യ്. റോഡുകളൊക്കെ ഒന്ന് നന്നാക്ക്,” കെ. സുരേന്ദ്രൻ പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു പ്രസാർ ഭാരതി ആർ. എസ്. എസിന് കീഴിലുള്ള ഹിന്ദുസ്ഥാൻ സമാചാറുമായി കരാർ ഒപ്പിടുന്നത്.

ഇതിന് പിന്നാലെ കേന്ദ്ര സർക്കാരിനെ വിമർശിച്ച് മന്ത്രി മുഹമ്മദ് റിയാസ് രം​ഗത്തെത്തിയിരുന്നു.

സ്വതന്ത്ര ഏജൻസികളെ ഒഴിവാക്കി ഹിന്ദുസ്ഥാൻ സമാചാർ എന്ന ഏജൻസിക്ക് കരാർ നൽകിയതിലൂടെ മതേതര ഇന്ത്യയെ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് റിയാസ് പറഞ്ഞു. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വിദ്വേഷവും വ്യാജപ്രചരണവും നടത്താനാണ് ഇതിന് പിന്നിലെ നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരീക്ഷണാടിസ്ഥാനത്തിൽ സൗജന്യമായി 2017 മുതൽ ഹിന്ദുസ്ഥാൻ സമാചാർ പ്രസാർ ഭാരതിക്ക് സർവീസുകൾ നൽകിയിരുന്നു. ഫെബ്രുവരി 9 2023ലാണ് ഇരുവരും തമ്മിൽ ഔദ്യോഗികമായി കരാറിലേർപ്പെടുന്നത്. രണ്ട് വർഷത്തേക്കാണ് കരാർ. ഇതിനായി 7.7 കോടി രൂപയാണ് പ്രസാർ ഭാരതി ഹിന്ദുസ്ഥാൻ സമാചാറിന് കൈമാറുക. കരാർ പ്രകാരം പ്രതിദിനം നൂറ് വാർത്തകൾ എന്ന നിരക്കിലാണ് തുക.

1948ൽ ആർ.എസ്.എസ് പ്രചാരകനും വിശ്വ ഹിന്ദു പരിഷത്തിന്റെ സഹസ്ഥാപകനുമായ ശിവ്‌റാം ശങ്കർ ആപ്‌തെയാണ് ഹിന്ദുസ്ഥാൻ സമാചാറിന് തുടക്കമിടുന്നത്.

Content Highlight: K. Surendran slams Muhammed riyas on his statement aagainst prasar bharati’s ties with Hindustan Samachar