കോഴിക്കോട്: ബി.ജെ.പിക്ക് സ്വാധീനമുള്ള മേഖലകളില്‍ എതിരാളികള്‍ ഒന്നിക്കുന്നുവെന്നും ദുര്‍ബലമായ സ്ഥലങ്ങളില്‍ അനുകൂലികള്‍ കൈവിടുന്നുവെന്നും ബി.ജെ.പി സംസ്ഥാനധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.
ട്രോളുകളെ സ്‌പോര്‍ട്ട്‌സ്മാന്‍ സ്പിരിറ്റിലാണ് ആണ് താന്‍ എടുക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു കെ. സുരേന്ദ്രന്റെ വിശദീകരണം.
ത്രിപുരയും ബംഗാളും പോലെ ബാലികേറാ മലയായിരുന്ന ഇടങ്ങളില്‍ ബി.ജെ.പി ശക്തി പ്രാപിച്ചിട്ടും കേരളത്തിലെന്തുകൊണ്ട് അതിന് കഴിഞ്ഞില്ലാ എന്ന ചോദ്യത്തിനായിരുന്നു സുരേന്ദ്രന്‍ മറുപടി പറഞ്ഞത്.
‘രണ്ടു കാരണങ്ങള്‍ കൊണ്ടാണ് ഇത് സംഭവിക്കുന്നത്. ബി.ജെ.പിക്ക് സ്വാധീനമുള്ള സ്ഥലങ്ങളില്‍ എതിരാളികള്‍ ഒന്നിക്കുന്നു. ദുര്‍ബലമായ സ്ഥലങ്ങളില്‍ അനുകൂലികളും കൈവിടുന്നു. ജനങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെന്നു കൊണ്ടും രാഷ്ട്രീയ എതിരാളികളെ തുറന്നു കാട്ടിക്കൊണ്ടും മാത്രമേ ഇതിനെ മറികടക്കാനാവൂ. അതിനായിരിക്കും പാര്‍ട്ടി ശ്രമിക്കുക,’ കെ. സുരേന്ദ്രന്‍ പറഞ്ഞു.
സാമൂഹിക മാധ്യമങ്ങളില്‍ ഒരേപോലെ താരമാവുകയും വിമര്‍ശിക്കപ്പെടുകയും ഒക്കെ ചെയ്യുന്നയാളാണല്ലോ, ഇപ്പോള്‍ മിസോറാം സ്ഥാനവുമായി ബന്ധപ്പെട്ടും അത്തരം പരിഹാസങ്ങള്‍ ഉയരുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് അതിന് അത്ര പ്രാധാന്യം നല്‍കിയാല്‍ മതിയെന്നും സുരേന്ദ്രന്‍ പറഞ്ഞു.
‘അതൊക്കെ ഒരു സ്‌പോര്‍ട്ട്‌സ്മാന്‍ സ്പിരിറ്റിലാണ് ഞാന്‍ എടുക്കുന്നത്. സാമൂഹിക മാധ്യമങ്ങളുടെ ശക്തിയെയും ദൗര്‍ബല്യങ്ങളെയും കുറിച്ച് ഞാന്‍ ബോധവാനാണ്. അക്കാര്യത്തില്‍ ആശങ്കകളില്ല,’ സുരേന്ദ്രന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കെ. സുരേന്ദ്രനെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചത്. ബി.ജെ.പി ദേശീയാധ്യക്ഷന്‍ ജെ.പി നദ്ദയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
സംസ്ഥാന അധ്യക്ഷനായ പി.എസ് ശ്രീധരന്‍പിള്ളയെ മിസോറാം ഗവര്‍ണറായി തെരഞ്ഞെടുത്തതോടെ ഒഴിഞ്ഞുകിടക്കുന്ന സംസ്ഥാന അധ്യക്ഷ പദവിയിലേക്കാണ്‌സുരേന്ദ്രനെ തെരഞ്ഞെടുത്തത്.