പണമെത്തിയത് സ്ഥിരീകരിച്ചുള്ള ബി.ജെ.പി നേതാവ് അയച്ച ഇ-മെയില്‍ സന്ദേശത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തായതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് മൂന്നരക്കോടി വരവും ഇതില്‍ 1.69 കോടി ബാക്കിയുണ്ടെന്നുമാണ് ഇ-മെയില്‍ സന്ദേശത്തിലുള്ളത്. അമിത് ഷാ മീനങ്ങാടിയിലെത്തിയ സമ്മേളന പരിപാടിക്ക് 68.25 ലക്ഷം ചെലവായെന്നും ഈ കണക്കിലുണ്ട്.
മാര്‍ച്ച് 12 മുതല്‍ ഏപ്രില്‍ ആറുവരെയുള്ള തെരഞ്ഞെടുപ്പ് സമയത്തെ വിശദമായ കണക്കുവിവരങ്ങളാണ് 11 പേജിലായി ഇ-മെയിലിലൂടെ അയച്ചിട്ടുള്ളത്. എന്നാല്‍ സി.കെ. ജാനുവിന്റെ തെരഞ്ഞെടുപ്പ് ചെലവായി 17 ലക്ഷം മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മിഷന് കണക്ക് കാണിച്ചിട്ടുള്ളത്.
ബി.ജെ.പി പുനസംഘടനയെച്ചൊല്ലിയുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ പുറത്തുവന്ന വിവരങ്ങള്‍ സ്ഥിതി രൂക്ഷമാക്കും. വയനാട് ജില്ലാ പ്രസിഡന്റായിരുന്ന സജി ശങ്കറിനെ സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നിലും ഫണ്ട് തര്‍ക്കമാണെന്നാണ് സൂചന.
അതേസമയം ബി.ജെ.പി പുനസംഘടനയില്‍ ആര്‍.എസ്.എസിന് കടുത്ത അതൃപ്തിയുണ്ട്. ബി.ജെ.പിയില്‍ സംസ്ഥാന നേതൃത്വത്തിന്റെ വെട്ടിനിരത്തലിനും പുറത്താക്കലിനും ഇരയായതെല്ലാം ആര്‍.എസ്.എസ് പാര്‍ട്ടിയിലേക്ക് നിയോഗിച്ച നേതാക്കളാണ്.
ബി.ജെ.പി.ക്കുള്ളിലെ അഴിമതിയ്ക്കും ഏകപക്ഷീയമായ നിലപാടുകള്‍ക്കുമെതിരെ കര്‍ശനനിലപാട് സ്വീകരിച്ചവരെയാണ് നേതൃത്വം മൂലയ്ക്കിരുത്തിയതെന്നാണ് ഒരു വിഭാഗത്തിന്റെ ആക്ഷേപം.