ചെങ്ങറ സമര നേതാവായിരുന്ന ളാഹ ഗോപാലന്റെ രാഷ്ട്രീയ സമരങ്ങളുടെ പ്രസക്തിയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ. സുനില്‍ കുമാര്‍ എഴുതുന്നു.
ചെങ്ങറ ഭൂസമര നായകനും സാധുജന വിമോചന സംയുക്ത സമിതി നേതാവുമായിരുന്ന ളാഹ ഗോപാലന്‍ എല്ലാ സമരങ്ങളും അവസാനിപ്പിച്ച് വിടവാങ്ങി. കേരളത്തെ പിടിച്ചുകുലുക്കിയ ചെങ്ങറ ഭൂസമരത്തിന് ശേഷം, മിക്കവാറും വിജയിച്ച സമരത്തിന്റെ നായകനായിരുന്നിട്ടും, പില്‍ക്കാലത്ത് നിശബ്ദനായിരുന്നു അദ്ദേഹം. രോഗങ്ങളും വാര്‍ധക്യവും സംഘടനക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളുമെല്ലാം അതിന് കാരണമായിരിക്കാം. എന്നാല്‍ കേരളത്തിലെ പാര്‍ശ്വവല്‍കൃതരായ ലക്ഷക്കണക്കിന് മനുഷ്യര്‍ക്കും ഭാവിയില്‍ അടിത്തട്ടിലെ മനുഷ്യരുടെ ജനാധിപത്യ അവകാശ സമരങ്ങള്‍ക്കും അദ്ദേഹത്തെ മറവിയിലേക്ക് തള്ളിവിടാന്‍ കഴിയില്ല.
ളാഹ ഗോപാലന്റെ നേതൃത്വത്തില്‍ 2007 മുതല്‍ 2009 വരെ നടന്ന ചെങ്ങറ ഭൂസമരത്തിന് കേരളത്തിന്റെ ഭൂസമരങ്ങളുടെ ചരിത്രത്തില്‍ സുപ്രധാന സ്ഥാനമുണ്ട്. 1957ലെ ഇ.എം.എസ് സര്‍ക്കാര്‍ തുടങ്ങിവെച്ച ഭൂപരിഷ്‌കരണം കേരളത്തെ മാറ്റിമറിച്ച വിപ്ലവമായിരുന്നുവെന്നാണ് രണ്ടായി പിളര്‍ന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അവകാശവാദം. എന്നാല്‍ തങ്ങള്‍ക്ക് കൂടി പങ്കാളിത്തമുള്ള 1970 ലെ സര്‍ക്കാരാണ് ഭൂപരിഷ്‌കരണം നടപ്പാക്കിയതെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്.
ഈ അവകാശവാദങ്ങളുടെ പൊള്ളത്തരം പ്രായോഗികമായി തുറന്നുകാട്ടുന്നതില്‍ ചെങ്ങറ സമരത്തിന് ചരിത്രപരമായ പങ്കുണ്ട്. അക്കാദമിക് വ്യവഹാരങ്ങളിലും പഠനങ്ങളിലും അന്വേഷണങ്ങളിലും ഇക്കാര്യങ്ങള്‍ വസ്തുതാപരമായി പുറത്തു വന്നിരുന്നു. എന്നാല്‍ ദളിതരും ആദിവാസികളും ഉള്‍പ്പെടുന്ന അടിത്തട്ടിലെ ബഹുജനങ്ങളിലേക്കും ചേരി- പുറമ്പോക്ക് വാസികളിലേക്കും ഇത് എത്തിച്ചത് ചെങ്ങറ സമരമായിരുന്നു. അതിന് മുമ്പ് 2001ല്‍ നടന്ന ആദിവാസി സമരങ്ങളും മുത്തങ്ങ സംഭവത്തിന്റെയും തുടര്‍ച്ചയെന്ന നിലയില്‍ ചെങ്ങറക്ക് കുറെക്കൂടി രാഷ്ട്രീയ വ്യക്തതയുണ്ടായിരുന്നു.
കേരള മോഡല്‍ ഭൂപരിഷ്‌കരണത്തില്‍ ദലിതരും ആദിവാസികളും അടക്കമുള്ളവര്‍ പുറന്തള്ളപ്പെട്ടുവെന്നും അവര്‍ ഇപ്പോഴും വന്‍തോതില്‍ ഭൂരഹിതരാണെന്നും സമരം ബോധ്യപ്പെടുത്തി. ദളിതര്‍, ദളിത് ക്രൈസ്തവര്‍, ആദിവാസികള്‍, ഭൂരഹിതരായ എല്ലാ സമുദായങ്ങളിലും പെട്ടവര്‍, മത്സ്യത്തൊഴിലാളികള്‍, ജനാധിപത്യ വാദികള്‍, സമുദായ സംഘടനകള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിന്റെ വ്യത്യസ്ത ധാരകളില്‍ ഉള്‍പ്പെട്ടവര്‍ അണിനിരന്ന ഒരു വലിയ ജനമുന്നേറ്റമായിരുന്നു ആ സമരം.
ചെങ്ങറ സമരം നടക്കുമ്പോള്‍ വി.എസ്. അച്ചുതാനന്ദന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാരായിരുന്നു കേരളം ഭരിച്ചിരുന്നത്. സമരം അനാവശ്യമാണെന്ന നിലപാടായിരുന്നു സര്‍ക്കാരിനും സി.പി.ഐ.എമ്മിനും. കേരളത്തില്‍ ഭൂപരിഷ്‌കരണം പൂര്‍ത്തിയായെന്നും ഇനി കുറച്ചു പേരുടെ പാര്‍പ്പിട പ്രശ്നം മാത്രമേ അവശേഷിക്കുന്നുളളൂ എന്നുമാണ് ഡോ. തോമസ് ഐസക് ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലും ‘ഭൂപരിഷ്‌കരണം ഇനി എന്ത്?’ എന്ന പുസ്തകത്തിലും അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ചെങ്ങറ സമരഭൂമിയിലേക്ക് എത്തിയ ആയിരക്കണക്കിന് ഭൂരഹിതര്‍ ഈ അവകാശവാദത്തെ തുറന്നുകാട്ടി. ‘ഐസക്കേ എന്നെപ്പോലെ നൂറ് പേരുണ്ടെങ്കില്‍ തീരാവുന്നതേയുള്ളൂ നിങ്ങളുടെ ദുഷ്പ്രചാരണങ്ങളും പാര്‍ട്ടിയും’ എന്ന് സമ്മേളനങ്ങളില്‍ മറുപടി നല്‍കി.
വി.എസ്. അച്യുതാനന്ദന്‍
ആ സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാനും അടിച്ചമര്‍ത്താനുമാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ‘പല്ലും നഖവുമുള്ള പൊലീസ് ഉണ്ട്’ എന്നായിരുന്നു വി.എസ്. സമരക്കാരെ ഭീഷണിപ്പെടുത്തിയത്. ഇടതുപക്ഷ സര്‍ക്കാരിന്റെ ഫാസിസ്റ്റ് മുഖവും ദലിത്- ആദിവാസികളോടുള്ള നഗ്നമായ വിവേചനവും മറനീക്കി പുറത്തുവന്ന സന്ദര്‍ഭമായിരുന്നു അത്. ഭൂപരിഷ്‌കരണത്തെക്കുറിച്ച് സൃഷ്ടിക്കപ്പെട്ട മിത്തുകള്‍ തകര്‍ക്കപ്പെട്ടതാണ് അവരെ പ്രകോപിപ്പിച്ചത്.
സമരഭൂമിക്ക് പുറത്ത് സി.ഐ.ടി.യു, എ.ഐ.ടി.യു.സി തുടങ്ങിയ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നയിക്കുന്ന ട്രേഡ് യൂണിയനുകളും കോണ്‍ഗ്രസ് നയിക്കുന്ന ഐ.എന്‍.ടി.യു.സിയും ആര്‍.എസ്.എസിന്റെ കീഴിലുള്ള ബി.എം.എസും ഒന്നിച്ചുചേര്‍ന്ന വിചിത്ര സഖ്യം സമരത്തെ എതിര്‍ത്തു. ഹാരിസന്റെ ഗുണ്ടകളെ പോലെയാണ് അവര്‍ പ്രവര്‍ത്തിച്ചത്. സമരഭൂമിയിലുള്ളവരെ ഉപരോധിച്ച് വെള്ളവും ഭക്ഷണവും പോലും നിഷേധിച്ചു. തെരുവുകളിലും ബസുകളിലും സ്ത്രീകളുള്‍പ്പെടെ നീചമായി ആക്രമിക്കപ്പെട്ടു. അതിനെയെല്ലാം അതിജീവിച്ചു കൊണ്ടാണ് സമരം മുന്നോട്ടുപോയത്. അതിന് നേതൃത്വം നല്‍കിയത് ളാഹ ഗോപാലനായിരുന്നു.
ചെങ്ങറയിലെ ഹാരിസണ്‍ മലയാളത്തിന്റെ ഭൂമിയില്‍ കുടില്‍ കെട്ടിയാണ് സമരം നടത്തിയത് എന്നതിനും പ്രാധാന്യമുണ്ട്. കേരളത്തില്‍ വിദേശ കമ്പനികളും സ്വദേശ കമ്പനികളും നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുന്ന ആയിരക്കണക്കിന് ഏക്കര്‍ തോട്ടം ഭൂമി ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്ന ആവശ്യത്തിന് ഇനിയും പ്രസക്തിയുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഡോ. രാജമാണിക്യം കമ്മീഷനും മറ്റ് ഏജന്‍സികളും ഇത്തരത്തിലുള്ള അനധികൃത ഭൂമിയുടെ കണക്കുകളും വസ്തുതകളും പുറത്തുകൊണ്ടുവന്നു. 5.25 ലക്ഷം ഏക്കര്‍ ഭൂമി വിദേശ നാണ്യ ചട്ടവും രജിസ്ട്രേഷന്‍ നിയമവും മറ്റ് നിയമങ്ങളുമെല്ലാം അട്ടിമറിച്ച് കൈവശപ്പെടുത്തിയിട്ടുണ്ടെന്നാണ് രാജമാണിക്യം കമ്മീഷന്‍ പരിശോധനയിലൂടെ കണ്ടെത്തിയത്.
ഡോ. രാജമാണിക്യം
ചെങ്ങറയിലും പുറത്തും നടന്ന ശക്തമായ സമരങ്ങളെ തുടര്‍ന്നാണ് 2009ല്‍ അച്ചുതാനന്ദന്‍ സര്‍ക്കാരുമായി നടന്ന ചര്‍ച്ചയില്‍ സമരം ഒത്തുതീര്‍ന്നത്. ഒത്തുതീര്‍പ്പ് വ്യവസ്ഥ പ്രകാരം ഭൂമിയില്ലാത്ത നിരവധി പേര്‍ക്ക് ഭൂമി ലഭിച്ചു. എന്നാല്‍ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ എല്‍.ഡി.എഫ് സര്‍ക്കാരും പിന്നീട് അധികാരത്തില്‍ വന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരും വീഴ്ച്ച കാട്ടി. വാസയോഗ്യമോ കൃഷിയോഗ്യമോ അല്ലാത്ത ഭൂമിയാണ് പലര്‍ക്കും വിതരണം ചെയ്തത്. ഭൂമി ലഭിക്കാത്തവരും നിരവധിയാണ്. ഭൂമിക്ക് വേണ്ടിയുള്ള ആവശ്യം മറച്ചുവെച്ചാണ് പാര്‍പ്പിട പ്രശ്നപരിഹാരമെന്ന നിലയില്‍ ഇപ്പോള്‍ കോളനികള്‍ക്ക് സമാനമായ മറ്റൊരു മാതൃകയായി ലൈഫ് മിഷന്‍ ഫ്ളാറ്റുകള്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്നത്.
ഹാരിസണ്‍ കമ്പനി നിയമവിരുദ്ധമായി കയ്യടക്കിയ ചെങ്ങറയിലെ ഏക വിളയായ റബര്‍തോട്ടത്തിലെ സമരഭൂമിയില്‍ കഴിയുന്നവര്‍ക്ക് വിവിധ തരം ഭക്ഷ്യ വിളകള്‍ കൃഷി ചെയ്യുന്ന പ്രദേശമാക്കി മാറ്റാനും കഴിഞ്ഞു. കേരളം നേരിടുന്ന ഭക്ഷ്യ പ്രശ്നം നേരിടുന്നതിനുള്ള വഴികാട്ടിയാണ് അവിടെ വിളയുന്ന പച്ചക്കറികളും കപ്പയും മറ്റ് വിഭവങ്ങളും. ദലിതര്‍ക്കും ആദിവാസികള്‍ക്കും ഭൂമി നല്‍കുന്നത് അവര്‍ക്ക് പ്രയോജനം ചെയ്യില്ലെന്നും ഉല്‍പ്പാദന വളര്‍ച്ചക്ക് ഉതകില്ലെന്നുമുള്ള വാദങ്ങള്‍ക്ക് മറുപടിയാണ് ഭൂമി കൈവശമുള്ളവരുടെ കാര്‍ഷിക വൃത്തികള്‍.
അരിപ്പയിലും മറ്റ് പ്രദേശങ്ങളിലും ഭൂരഹിതരും ഭവനരഹിതരുമായ ദളിതരുടെയും ആദിവാസികളുടെയും ഭൂസമരങ്ങള്‍ക്ക് പ്രചോദനമായതും ചെങ്ങറയിലും നേരത്തെ മുത്തങ്ങയിലും നടന്ന സമരങ്ങളായിരുന്നു. അരിപ്പ സമര ഭൂമിയിലും പലതരം കൃഷികള്‍ ചെയ്യുന്നുണ്ട്. ചെങ്ങറയില്‍ നിന്നാണ് ഈ മാതൃക അരിപ്പയിലേക്കെത്തിയത്.
ളാഹ ഗോപാലന്‍
ഇത്തരത്തില്‍ നിരവധി മാനങ്ങളുള്ള ചരിത്രപരമായ ഒരു സമരത്തെ നയിച്ച നേതാവ് എന്ന നിലയിലാണ് ളാഹ ഗോപാലന്‍ അനുസ്മരിക്കപ്പെടേണ്ടത്. ഭൂരഹിതരും ഭവനരഹിതരും പുറമ്പോക്കുകളിലും ചേരികളിലും കഴിയുന്ന ലക്ഷക്കണക്കിന് മനുഷ്യര്‍ ഭൂമിക്കും പാര്‍പ്പിടത്തിനും വേണ്ടി നടത്തുന്ന അവകാശ സമരങ്ങള്‍ക്ക് ചെങ്ങറ സമരവും അതിന് നേതൃത്വം നല്‍കിയ ളാഹ ഗോപാലനും പ്രചോദനമാകുമെന്ന് തീര്‍ച്ചയാണ്.
വിഭവ വിതരണത്തിലെ നീതിയെന്ന പുതിയ ജനാധിപത്യ സങ്കല്‍പ്പത്തിലും ചെങ്ങറയുടെ പാഠങ്ങള്‍ പ്രധാനമാണ്. ഭൂമി മുഖ്യ വിഷയമായി മാറുന്ന നവ രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്കും ചെങ്ങറയില്‍ നിന്ന് പഠിക്കേണ്ടി വരും. അംബേദ്കറും ബുദ്ധനും അയ്യങ്കാളിയും പൊയ്കയില്‍ അപ്പച്ചനും നിരന്തരം ചര്‍ച്ച ചെയ്യപ്പെട്ട രാഷ്ട്രീയ ഭൂമിക കൂടിയായിരുന്നു ചെങ്ങറ. ഈ പുതിയ പാഠങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ ചെങ്ങറ സമരത്തിന് വലിയ പങ്കുണ്ട്. ആ നിലയില്‍ ചരിത്ര പ്രധാനമായ ഒരു സമരത്തിന്റെ നായകനായ ളാഹ ഗോപാലനും അടയാളപ്പെടുത്തപ്പെടും.