തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ബാധിതരുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുമെന്ന രമേശ് ചെന്നിത്തലയുടെ പ്രഖ്യാപനത്തിനെതിരെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. ഇടതുപക്ഷത്തിന്റെ കയ്യിലല്ല പണം നല്‍കേണ്ടതെന്നും കോണ്‍ഗ്രസ് വഴിയാണ് ചെന്നിത്തല സംഭാവന നല്‍കേണ്ടതെന്നുമാണ് സുധാകരന്‍ പറഞ്ഞത്.
‘ഇടതുപക്ഷത്തിന്റെ കയ്യില്‍ മാസശമ്പളം കൊടുക്കേണ്ട കാര്യമില്ല. സര്‍ക്കാറിന് സംഭാവന കൊടുക്കണമെന്ന് ആരും പറഞ്ഞിട്ടില്ല. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പണം സ്വരൂപിക്കാന്‍ അതിന്റെതായ ഫോറമുണ്ട്. രമേശ് ചെന്നിത്തലയും അതിലൂടെയാണ് പണം നല്‍കേണ്ടത്. പാര്‍ട്ടിയിലെ എല്ലാ കക്ഷികളും അവരുടെതായ ഫോറം ആരംഭിച്ചിട്ടുണ്ട്. അല്ലാതെ ഇടതുപക്ഷത്തിന്റെ കയ്യില്‍ കൊണ്ടുപോയി കൊടുക്കേണ്ട കാര്യമില്ല,’ സുധാകരന്‍ പറഞ്ഞു.
രമേശ് ചെന്നിത്തല ചെയ്തത് ശരിയായ കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എം.എല്‍.എ എന്ന നിലയില്‍ തന്റെ ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് ചെന്നിത്തല അറിയിച്ചത്.
നാം ഓരോരുത്തരും നമ്മളാല്‍ കഴിയുന്ന സഹായങ്ങള്‍ വയനാട്ടിലെ കൂടപ്പിറപ്പുകള്‍ക്ക് ചെയ്തുകൊടുക്കണം. അവരെ ചേര്‍ത്തുപിടിക്കേണ്ടത് നമ്മളെല്ലാവരുമാണെന്നും രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.
Content Highlight: K. Sudhakaran against Ramesh Chennithala about cm care fund