തിരുവനന്തപുരം: ഇസ്രഈലി സോഫ്റ്റ് വെയറായ പെഗാസസ് മോദി സര്‍ക്കാര്‍ വാങ്ങിയത് ആയിരം കോടി ചെലവഴിച്ചാണെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍. പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ പ്രതിഷേധിച്ച് എ.ഐ.സി.സി. ആഹ്വാനം ചെയ്ത രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഫോണ്‍ വരെ ചോര്‍ത്തിയെന്നും രാഹുലിന്റെ ഫോണ്‍ ചോര്‍ത്തിയാല്‍ കോണ്‍ഗ്രസ് വൈകാരികമായി പ്രതികരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.
ആഭ്യന്തരമന്ത്രി അമിത്ഷായാണ് ഇതിന് ഉത്തരവാദിയെങ്കില്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഓരോ പാര്‍ട്ടിയുടേയും ആഭ്യന്തര വിഷയങ്ങള്‍ ചോര്‍ത്തിയ കിരാത നടപടിയാണ് ഇത്. ഓരോ രാഷ്ട്രീയ പാര്‍ട്ടിക്കും വ്യക്തിക്കും അവകാശപ്പെട്ട മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ കഴിയാത്ത വിധം നാടിന്റെ അച്ചടക്കവും സ്വകാര്യതയുമാണ് മോദി സര്‍ക്കാര്‍ തച്ചുടച്ചതെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ പ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, മാധ്യമ പ്രവര്‍ത്തകര്‍ അടക്കം നിരവധി പേരുടെ ഫോണ്‍ രേഖകളാണ് പെഗാസസ് വഴി ചോര്‍ത്തിയത്. എന്നാല്‍ ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്ന നിലപാടിലാണ് കേന്ദ്രം.
2018ലാണ് രാഹുല്‍ ഗാന്ധിയുടെ ഫോണ്‍ രേഖകള്‍ ചോര്‍ന്നത്. ഇതിനും കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധമുണ്ടോ എന്ന കാര്യത്തിലും വ്യക്തത വരേണ്ടതുണ്ട്. 2019ല്‍ കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്ന കാലത്ത് അന്നത്തെ കര്‍ണാടക ഉപമുഖ്യമന്ത്രിയായിരുന്ന പരമേശ്വരയുടെ ഫോണ്‍ ചോര്‍ത്തിയിരുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.