Kerala News
'ഈ രാജ്യം ലൂയി പതിനാലാമന്റേതോ സവര്‍ക്കറുടേതോ അല്ല'; രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട രാജ്യസ്‌നേഹികളെ അഭിവാദ്യം ചെയ്യുന്നതായി കെ. രാജന്‍ എം.എല്‍.എ
കോഴിക്കോട്: പ്രധാനമന്ത്രിക്കു തുറന്ന കത്തെഴുതിയവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും സംഘപരിവാറിനെയും രൂക്ഷമായി വിമര്‍ശിച്ച് സര്‍ക്കാര്‍ ചീഫ് വിപ്പ് കെ. രാജന്‍ എം.എല്‍.എ. ലൂയി പതിനാലാമന്റെ അതേ മനോനിലയാണ് നരേന്ദ്രമോദിയും സംഘപരിവാറും വെച്ചുപുലര്‍ത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മോദി ഇന്ത്യയുടെ രാജാവോ ഇവിടുത്തെ കോടാനുകോടി ജനത മോദിയുടെ പ്രജകളോ അല്ലെന്നും രാജന്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു രാജന്‍ പ്രധാനമന്ത്രിക്കും സംഘപരിവാറിനുമെതിരെ രംഗത്തുവന്നത്. തന്റെ പോസ്റ്റിനൊപ്പം ലൂയി പതിനാലാമന്റെ ഒരു ചിത്രവും അദ്ദേഹം നല്‍കിയിട്ടുണ്ട്.
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കു കത്തെഴുതിയതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട 49 രാജ്യസ്‌നേഹികളെയും അഭിവാദ്യം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
കെ. രാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
#ഇന്ത്യ_ഭരിക്കുന്നത്_ലൂയി_പതിനാലാമന്റെ_പിന്‍മുറക്കാരനോ?
‘ഞാനാണ് രാജ്യം’ എന്ന് വിശ്വസിക്കുകയും പ്രഖ്യാപിക്കുകയും ചെയ്ത ലൂയി പതിനാലാമന്റെ അതേ മനോനിലയാണ് നരേന്ദ്രമോദിയും സംഘപരിവാറും വച്ചു പുലര്‍ത്തുന്നത്. തങ്ങളെ വിമര്‍ശിക്കുന്നത് രാജ്യദ്യോഹമാണെന്ന തീര്‍പ്പിലെത്താന്‍ മോദി ഇന്ത്യയുടെ രാജാവോ ഇവിടുത്തെ കോടാനു കോടി ജനത മോദിയുടെ പ്രജകളോ അല്ല.
സ്വയം രാഷ്ട്രമായിക്കരുതിയ രാജാക്കന്‍മാരെല്ലാം ജനകീയരോഷത്തിനു കീഴടങ്ങേണ്ടി വന്നതാണ് ചരിത്രം.ചരിത്രം വളച്ചൊടിക്കുക്കയും മായ്‌ചെഴുതുകയും ചെയ്യുന്ന ‘സിദ്ധി വൈഭവം ‘കൊണ്ടൊന്നും മോദിക്കും ചരിത്ര ഗതിയെ തടയാനാവില്ല.
നിരവധി ഏകാധിപതികളെ കണ്ടും അവരെ ചവറ്റുകുട്ടയില്‍ തള്ളിയുമാണ് ഇന്ത്യ ഇന്നത്തെ ജനാധിപത്യ ഇന്ത്യയായി പരിണമിച്ചത്.മഹത്തരമായൊരു ഭരണഘടനയുള്ള ഒരു ജനാധിപത്യ രാജ്യമായി ഇന്ത്യ മാറിയത് നിരവധിയായ ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയും സമരങ്ങളിലൂടെയുമാണ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
വിയോജിക്കാനും വിമര്‍ശിക്കാനുമുള്ള അവകാശം ഭരണഘടനാപരമായി നിലനില്‍ക്കുന്ന ഒരു രാജ്യത്ത്, ഭരണകര്‍ത്താവിന് കത്തെഴുതുന്നത് രാജ്യദ്രോഹമായി കാണുന്ന കോടതി ഉണ്ടായി എന്നത് ഭരണാധികാരി കോടതിയേപ്പോലും കഴുത്തുഞ്ഞെരിച്ചു തുടങ്ങിയതിന്റെ ലക്ഷണമാണ്. ജനാധിപത്യത്തില്‍ ഒരു തൂണും വിമര്‍ശനാതീതമല്ല.
തിരുവായ്‌ക്കെതിര്‍ വായില്ലാത്ത ഒരിന്ത്യ സൃഷ്ട്ടിക്കാമെന്നത് സംഘ പരിവാറിന്റെ വ്യാമോഹം മാത്രമാണ്. സൂര്യനസ്ത്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ ത്യാഗം കൊണ്ടും സഹനം കൊണ്ടും കെട്ടുകെട്ടിച്ച ഇന്ത്യന്‍ ജനത സംഘ പരിവാറിനേയും വെറുതേ വിടില്ല.
ഇരുമ്പഴിക്കള്‍ക്കുള്ളിലാക്കുമെന്ന് ഭയപ്പെടുത്തിയാല്‍ രാജ്യസ്‌നേഹികളായ ഇന്ത്യക്കാരാരും ഭയപ്പെട്ടിട്ടുമില്ല, ഇരുമ്പഴികളെ ഭയന്ന് രാജ്യത്തെ ഒറ്റുകൊടുത്തത് പാരമ്പര്യം സംഘപരിവാറിനു മാത്രമവകാശപ്പെട്ടതാണ്. ഇന്ത്യയില്‍ രാജ്യസ്‌നേഹികളും ഒറ്റുകാരും വീണ്ടും മുഖാമുഖം നില്‍ക്കുകയാണ്.
രാജ്യത്തെ സ്‌നേഹിക്കുന്ന എഴുത്തുമാരും ബുദ്ധിജീവികളും സാധാരണക്കാരും തൊഴിലാളികളും ഈ രാജ്യത്തിന്റെ ബഹുസ്വരതക്കും അഖണ്ഡതക്കും ഐക്യത്തിനും മതനിരപേക്ഷതക്കും വേണ്ടി എഴുതും ശബ്ദിക്കും. ലൂയി പതിനാലാമന്റെ പിന്‍മുറക്കാര്‍ക്കത് രാജ്യദ്രോഹമായി തോന്നുതിലല്‍ഭുതമില്ല.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലും വ്യാജ രാജ്യദ്രോഹക്കേസുകള്‍ പടച്ചുവിട്ടവര്‍ ഇതിലപ്പുറവും തരം താഴുമെന്നതിലുമാശ്ച്ചര്യപ്പെടാനൊന്നുമില്ല.
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട 49 രാജ്യസ്‌നേഹികളേയും അഭിവാദ്യം ചെയ്യുന്നു. ഈ രാജ്യം നിങ്ങളുടേതാണ്, നമ്മുടേതാണ്, ലൂയി പതിനാലാമന്റേതോ സവര്‍ക്കറുടേതോ അല്ല !